മസായ് മാരയും സെറെന്‍ഗട്ടിയും
കെനിയന്‍ തലസ്ഥാനമായ നൈറോബിയില്‍ നിന്ന് എകദേശം 300 കി മി ദൂരെയാണ് മസായ് മാര എന്ന സംരക്ഷിത വനമേഖല. 6 മണിക്കൂറോളം റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 1500 ചതുരശ്ര കിമി ആണ് മാസായ് മാരയുടെ വിസ്തൃതി.
അപ്പൊ സെറെന്‍ഗട്ടി ദേശീയോദ്യാനമോ? ഈ മാസയ് മാര എന്ന വനം തൊട്ടടുത്ത രാജ്യമായ ടാന്‍സാനിയയിലേക്കും വ്യാപിച്ച് കിടക്കുന്നുണ്ട്. അല്ലെങ്കില്‍ ടാന്‍സാനിയയിലാണ് ഇതിന്റെ ബാക്കിയുള്ള 20 ഇരട്ടി വലിപ്പമുള്ള വനമേഖല. അതാണ് 30,000 ചതുരശ്ര കി.മി. വിസ്തൃതിയുള്ള സെറെന്‍ഗട്ടി ദേശീയോദ്യാനം. ചുരുക്കത്തില്‍ പറഞ്ഞാല്‍… രണ്ട് രാജ്യത്തായി വ്യാപിച്ചു കിടക്കുന്ന ഒരു വനമേഖല…അവ രണ്ട് പേരുകളില്‍ അറിയപ്പെടുന്നു.. – Serengati & Masai Mara

ആദ്യമായി ഒരു ആഫ്രിക്കന്‍ ജംഗിള്‍ സഫാരി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ എത്തിപ്പെടുന്നത് മിക്കവാറും കെനിയയിലെ മാസായ് മാരയിലായിരിക്കും. മാസായ് മാര സെറെന്‍ഗട്ടിയെ വെച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. അതു കൊണ്ട് തന്നെ മൃഗങ്ങള്‍ കുറച്ചൂടേ കേന്ദ്രീകരിച്ച് കിടക്കുകയും അതിനാല്‍ തന്നെ എളുപ്പം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. കെനിയ ടാന്‍സാനിയയേക്കാള്‍ സമ്പന്ന രാജ്യമാണ്. ഒരു പക്ഷെ കീശയ്ക്ക് കൂടുതല്‍ നല്ലത് സെറെന്‍ഗട്ടി സഫാരി ആണെങ്കില്‍ കൂടുതല്‍ നല്ല അടിസ്ഥാന സൌകര്യങ്ങളുള്ളത് മാരയിലാണ്.
ബിഗ് ഫൈവ് (Big Five)
500″ബിഗ് ഫൈവ്” എന്നു കേട്ടിട്ടുണ്ടോ? പണ്ട് കാലത്തെ വേട്ടക്കാര്‍ കാല്‍നടയായി പോയി വേട്ട ചെയ്തിരുന്ന കാലത്ത് ഏറ്റവും ബുദ്ധിമുട്ടും അപകടകരമായതുമായ 5 മൃഗങ്ങളെ വിളിച്ച പേരാണ് “ബിഗ് ഫൈവ്”. മാസായ് മാരയിലെ നായക കഥാപാത്രങ്ങള്‍ ഇവരാണ്. പുള്ളിപ്പുലി, ആഫ്രിക്കന്‍ ആന, കാണ്ടാമൃഗം, കാട്ടുപോത്ത്, സിംഹം എന്നിവയാണിവ. ആനയെ മിക്കവാറും കുടുംബസമേതമാണ് കാണാനാകുക. സിംഹം വേട്ടയാടുന്നതും ഇണയോടൊപ്പം നില്‍ക്കുന്നതും സിംഹക്കുഞ്ഞുങ്ങളുടെ കൂടെ ഓടിക്കളിക്കുന്നതുമൊക്കെ കാണാന്‍ പ്രത്യേക പ്രൌഢിയും ഭംഗിയുമാണ്. കാണ്ടാമൃഗം -2 വിധമുണ്ട്. കറുപ്പും വെളുപ്പും (ചാര നിറത്തിലുള്ളത്).
മസായ് മാര സഫാരി
എന്റെ മസായ് മാര സന്ദര്‍ശനം ഒരു ഓഗസ്റ്റിലായിരുന്നു. മാരയ്ക്കുള്ളിലാണ് താമസിച്ചത്. മാരയ്ക്കുള്ളിലും പുറത്തും താമസസൌകര്യം ഏര്‍പ്പാടാക്കാനാകും. ഇവിടത്തെ സഫാരികളില്‍ പുലര്‍കാല സഫാരി, പകല്‍നേരം സഫാരി, രാത്രി സഫാരി എന്നിങ്ങനെ പലതുണ്ട്. 3-5 ദിവസങ്ങളുണ്ടെങ്കില്‍ സഫാരികളില്‍ പങ്കു ചേരാനും വളരെ നന്നായി മൃഗങ്ങളെ കാണാനുമാകും. സഫാരികള്‍ ഏറ്റവും കൂടുതല്‍ തലങ്ങും വിലങ്ങും കാണാകുന്ന മൃഗങ്ങള്‍ വൈല്‍ഡ് ബീസ്റ്റ്, സീബ്ര, ഗസേല്‍, പല തരം മാനുകള്‍ എന്നിവയാണ്.. അവ സ്വര്യ വിഹാരം നടത്തുന്നതിന്നിടയിലാണ് നമ്മുടെ സഫാരി വണ്ടികള്‍ ഓടിക്കുന്നതെങ്കിലും മിക്ക മൃഗങ്ങള്‍ക്കും അതൊരു വലിയ പ്രശ്നമല്ലാതായി മാറിയിരിക്കുന്നു എന്നു തോന്നുന്നു. അവ നമുക്കായി ചെറുതായി നീങ്ങി തരുന്നത് കാണാം.. “ബിഗ് ഫൈവ്” മൃഗങ്ങളെ നമ്മള്‍ക്ക് കാണിച്ചു തരിക എന്നതാണ് സഫാരി ഡ്രൈവര്‍മാരുടെ പ്രധാന കടമ. എവിടേലും ഒരു പുള്ളിപ്പുലിയെയോ മറ്റോ സ്പോട് ചെയ്താല്‍ സഫാരി വാഹനവ്യൂഹം അവയ്ക്കൊരു നിശ്ചിത ദൂരത്തില്‍ നിര്‍ത്തി സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുക്കും. സഫാരി ഡ്രൈവര്‍മര്‍ അന്യോന്യം കണക്ടഡായി ഇരിക്കുന്നതിനാല്‍ എല്ലാവരും ഈ മൃഗത്തെ സ്പോട് ചെയ്തത് പെട്ടെന്നു അറിഞ്ഞു അവിടേക്കെത്തി ചേരും. ഇവയ്ക്കെല്ലാം പുറമെ ജിറാഫ്, കഴുതപ്പുലി, ചീറ്റ, മറ്റനേകം മൃഗങ്ങള്‍, പലവിധം പക്ഷികള്‍ എന്നിവയെ കൂടി സഫാരികളില്‍ കാണാനാകും.
ദി ഗ്രേറ്റ് മൈഗ്രേഷന്‍
ദേശാടനക്കിളികള്‍, ദേശാന്തര ഗമനം എന്നിവ നാം കേട്ടിട്ടുണ്ട്. ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് ഒരു ചെറിയ കാലത്തേയ്ക്ക് മൃഗങ്ങളോ പക്ഷികളോ കൂട്ടത്തോടെ യാത്ര ചെയ്ത് മാറി താമസിക്കുന്നതാണിത്. അത്തരത്തിലൊന്നാണ് ഇവിടത്തെ “ദി ഗ്രേറ്റ് മൈഗ്രേഷന്‍”. ഭക്ഷണത്തിനായി നല്ല കാലാവസ്ഥയ്ക്കായി ഈ സെരെന്‍ഗട്ടി-മാര വനമേഖല മൊത്തം കൂട്ടത്തോടെ ഇരുപത് ലക്ഷത്തോളം മൃഗങ്ങള്‍ പല പല കൂട്ടങ്ങളായി സഞ്ചരിച്ചാല്‍ എങ്ങനെയിരിക്കുമെന്നോര്‍ത്തു നോക്കൂ. ഈ ഇരുപതു ലക്ഷത്തില്‍ 15 ലക്ഷവും വൈല്‍ഡ് ബീസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഇതിനെ പലപ്പോഴും “Wild Beast Migration” എന്നു വിളിക്കാറുണ്ട്.
അതിലെ ഒരു പ്രധാന ഭാഗമാണ് ജൂണ്‍ അവസാനം തൊട്ട് സെപ്തംബര്‍ ആദ്യം വരെയുള്ള മാര നദി കടന്നുള്ള മൈഗ്രേഷന്‍. വൈല്‍ഡ് ബീസ്റ്റ്, സീബ്ര, ഗസേല്‍ എന്നീ മൃഗങ്ങള്‍ വരുന്ന കൂട്ടങ്ങള്‍ സെരെന്‍ഗട്ടിയില്‍ നിന്ന് മാര നദി കടന്ന് മസായ് മാരയിലെത്തും. മാര നദി കടക്കുക എന്നത് അത്ര എളുപ്പമല്ല. മുതലകളൊക്കെയുള്ള ഈ നദി കൂട്ടത്തോടെ കടക്കുന്നത് കാണാന്‍ ഫോട്ടോഗ്രാഫറുമാര്‍ വന്യജീവി നിരീക്ഷകര്‍ എന്നിവര്‍ ദിവസങ്ങളോളം കാത്തിരിക്കാറുണ്ട്. മാര നദിയിലെ ചിലയിടത്ത് ചെറിയ കൂട്ടങ്ങളും ചിലയിടങ്ങളില്‍ ചില ദിവസങ്ങളില്‍ വലിയ വലിയ കൂട്ടങ്ങളെയും കാണാനാകും. പിന്നീട് ഒരു ഒന്നൊന്നര മാസത്തോളം ഈ വന്‍ കൂട്ടങ്ങള്‍ മാരയില്‍ തന്നെയുണ്ടാകും. അങ്ങനെ ഇവിടെ ഈ ഭാഗത്ത് വരണ്ട കാലാവസ്ഥ ആകുമ്പോള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇതു പോലെ വലിയ കൂട്ടങ്ങള്‍ മാര വനത്തിന്റെ കിഴക്കു ഭാഗത്തു നിന്നു വീണ്ടും മാര നദി കടന്ന് സെറെന്‍ഗട്ടിയിലേക്ക് യാത്ര ചെയ്യും.. തിരിച്ചു വരാനായ്…
ആഫ്രിക്കന്‍ സഫാരി ഒരിക്കലെങ്കിലും നമ്മുടെ യാത്രാ പ്ലാനില്‍ ചേര്‍ക്കേണ്ടതാണ്. അവിടത്തെ ഹോട്ടലുകള്‍ തന്നെ നമുടെ താമസം, സഫാരി സൌകര്യങ്ങള്‍ എന്നിവ ഏല്‍പ്പിച്ചു തരുന്നതാണ്. സ്വന്തം ബഡ്ജറ്റിനനുസരിച്ച് പല രീതിയിലുള്ള സഫാരികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനു പുറമെ മസായ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
ഇനി – ഈ കൂട്ടത്തിലെനിക്കേറ്റവും ഇഷ്ടപ്പെട്ട മൃഗം – അത് സീബ്രയാ.. എന്ത് ചന്താണ്.. ആ വരകളൊക്കെ എത്ര കലാപരമാണെന്നോ !.. എന്ത് രസാന്നോ കാണാന്‍…!!!!!
#varshasworld #travelwithvarsha #masaimara #kenya #africa
No Comments