“കണ്ടാലേറ്റം സുകുമാരനോ വീട്ടിലുണ്ടോ ധനം കഴിഞ്ഞീടുവാന്‍..? ജ്ഞാനമുള്ളവനോ സുശീലനോ മാനിയോ മനമുള്ളവനോ…?”
ഈ ഈരടികള്‍ എവിടെയെങ്കിലും എഴുതപ്പെട്ടതാണോ എന്നറിയില്ല.. പക്ഷെ ഇന്നു ഞാന്‍ അത് ഓര്‍ത്തെടുക്കുന്നു.. ഓര്‍മയെക്കുറിച്ച് സംസാരിക്കാന്‍.. മറവിയെക്കുറിച്ച് ഓര്‍ത്തുക്കൊണ്ട്…
ഇന്ന് സെപ്തംബര്‍ 21.
ലോക മറവിരോഗ ദിനം അഥവാ World Alzheimer’s Day.
ഇന്നാണ് ഈ വരികള്‍ ഓര്‍ത്തെടുക്കേണ്ട ദിവസം. ഇടക്കിടെ ഇത് ഓര്‍ത്ത് പാടിയിരുന്നത് വേശ്രേമ്മാ എന്നു വിളിക്കുന്ന എന്റെ വേശു ചെറിയമ്മയായിരുന്നു.
വേശു ചെറിയമ്മ എന്റെ അമ്മമ്മക്ക് ആണ് ചെറിയമ്മ. അതായത് മുത്തശ്ശിയുടെ അനിയത്തി. പക്ഷെ പിന്നീട് എന്റെ അമ്മയുടെ തലമുറയും എന്റെ തലമുറയുമെല്ലാം അവരെ ചെറിയമ്മ എന്നു തന്നെ വിളിച്ചു. മേല്‍പറഞ്ഞ ഈരടികള്‍ പെണ്‍കുട്ടിക്ക് വിവാഹത്തിനായി ഒരു നല്ല ചെറുക്കനെ കണ്ടുപിടിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കുന്നതത്രെ.. അവന്‍ സുകുമാരനാണോ സുശീലനാണോ മാനിയാണോ എന്നൊക്കെ അന്വേഷിക്കണമെന്ന് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ തന്നെ ഞങ്ങളോട് പറയുമായിരുന്നു വേശ്രേമ്മ. തനിക്ക് തന്നെ തന്നെ നോക്കാനുള്ള ത്രാണിയില്ല എന്നതുകൊണ്ട് കല്യാണം കഴിച്ചിട്ടില്ലായിരുന്നു അവര്‍. എനിക്ക് ഓര്‍മ വെച്ച കാലം തൊട്ട് അവരൊരു കൃശഗാത്രയാണ്.. ആരോഗ്യം കുറവെങ്കിലും സുന്ദരിയായിരുന്നു. എല്ലാത്തിലുമുപരി അസാമാന്യമായ ശുദ്ധി ബോധം.. വൃത്തിയുടെ കാര്യത്തില്‍ മുത്തശ്ശീം ഇങ്ങനെ തന്ന്യാ. അമ്മമ്മ കുറച്ചൂടെ “ന്യൂ ജെന്‍” ആയിരുന്നു. പുറത്ത് പോയി തിരിച്ച് വന്നാല്‍ നമ്മടെ കാലും കയ്യും മുഖോം കഴുകിയില്ലെങ്കില്‍ പിന്നെ ഇടോം വലോം തിരിയാന്‍ സമ്മതിക്കാതെ ഇതു തന്നെ പറഞ്ഞോണ്ടിരിക്കും.. അമ്മാവന്റെ മോള്‍ അമ്മു ചിലപ്പൊ പറഞ്ഞു കേക്കാറുണ്ട് – “എന്റേം ഏട്ടന്റേം കാല്‍ കഴുകിയോ എന്നതാ മുത്തശ്ശീടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന്”.
കുളത്തില്‍ നിന്ന് കുളിച്ച് ഈറനുടുത്ത് വരുമ്പോള്‍ എവിടെയും മുട്ടാതെ നോക്കും.. എവിടേലും മുട്ടിയാല്‍ ഒന്നൂടെ അവിടം കഴുകും… കുട്ടികളായ ഞങ്ങള്‍ക്ക് ഈ ജലപിശാശ് സ്വഭാവവും വൃത്തിബോധവും പലപ്പോഴും തമാശയായിരുന്നു. കുളിച്ച് വരുന്ന മുത്തശ്ശിയേയും വേശ്രേമ്മയേയും ഞാന്‍ പലവട്ടം തൊട്ടിട്ടുണ്ട് അയിത്തമാക്കാന്‍. പിറുപിറുത്ത് തിരിച്ച് പോകുന്നത് കാണാന്‍.. ആ പിറുപിറുക്കലും അന്നേരത്തെ ദേഷ്യവുമൊക്കെയേ ഉള്ളൂ. പിന്നെ സ്നേഹം മാത്രം.. ആ ശുദ്ധീം വൃത്തീം കഴിഞ്ഞാല്‍ പിന്നെ ഇതേ പോലെ കാര്യമായുള്ള സംഗതി നമ്മളെയൊക്കെ തീറ്റിപ്പിച്ച് വയറു പൊട്ടണ അത്രേം നിറക്കുക എന്നതാണ്. ദോശയും ഇഡ്ഡലിയും ചോറുമൊക്കെ വീണ്ടും വീണ്ടും വിളമ്പി തന്ന് ഒരു വഴിക്കാക്കും…
അപ്പൊ പറഞ്ഞു വന്നത് വേശ്രേമ്മയെ കുറിച്ചാണ്. കോങ്ങാട്ടിലെ തറവാട്ടു വീട്ടില്‍ മേല്‍പറഞ്ഞ പോലെ അനേകം ഈരടികളും കവിതകളും താരാട്ടു പാട്ടുകളും ചൊല്ലി ഞങ്ങളെ കളിപ്പിക്കുകയും ഉറക്കുകയും ചെയ്തിരുന്ന വേശ്രേമ്മയെക്കുറിച്ച്…
വീട്ടിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന കഥകളി രൂപത്തെ കാണിച്ച് പാട്ടുപാടി കരയുന്ന കുട്ടികളെ ശാന്തയാക്കാന്‍ ശ്രമിച്ചിരുന്ന വേശ്രേമ്മയെക്കുറിച്ച്…
അവര്‍ക്ക് കുട്ടികള്‍ കരയുന്നത് കാണാനേ ആകില്ല. അപ്പോഴേക്കും തൊണ്ട ഇടറും. കണ്ണുകള്‍ നിറയും. പെണ്‍കുട്ടികള്‍ ആഭരണം ഇട്ടുകാണാന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു അവര്‍.
നല്ല വായനാ ശീലമുണ്ടായിരുന്നു. ഏത് പെന്‍സിലും പേനയും കയ്യില്‍ കിട്ടിയാല്‍ “ജാനകി” എന്ന സ്വന്തം പേര്‍ എഴുതിയിരുന്നു അവര്‍… ചിലപ്പൊ പത്രത്തിന്റെ ഒരു മൂലയില്‍. സ്വന്തമായി അങ്ങനെ ഒരുപാടൊന്നും കയ്യില്‍ വെച്ചിരുന്നില്ല. ഒരു ഒപ്പുണ്ട്. ഇംഗ്ലീഷില്‍. അത് ഇടക്കിടെ അവിടെയും ഇവിടെയും എഴുതിയിടും. പക്ഷെ പൂമുഖത്തേക്ക് അധികം വരില്ല. പ്രത്യേകിച്ചും വിരുന്നുകാര്‍ ഉണ്ടെങ്കില്‍.. നമ്മള്‍ കൈ പിടിച്ച് വലിച്ച് കൊണ്ടു വരുമ്പോള്‍ മുഖം ചുവക്കും.. ഒരു നാണമൊക്കെ വരും..
ഈ വേശ്രേമ്മയിലൂടെയാണ് ഞാന്‍ ആദ്യമായി മറവി രോഗത്തെക്കുറിച്ച് അറിയുന്നത്. ടി വി വെച്ചാല്‍ അതിലെ ആളുകള്‍ നമ്മടെ വീട്ടിലെ വിരുന്നുകാരാണെന്നുള്ള തോന്നല്‍ – അവര്‍ക്ക് ചായ കൊടുത്ത്വോ എന്നു ചോദിക്ക്യ, മുണ്ടു അഴിഞ്ഞു വരുമ്പോള്‍ ഒന്നൂടെ എടുക്കാന്‍ നേരം ഒരു അങ്കലാപ്പ്, ഭക്ഷണം കഴിച്ചാലും ഇല്ല എന്ന തോന്നല്‍, പേരുകള്‍ പറയാന്‍ കിട്ടാതിരിക്ക്യ… അങ്ങനെ അങ്ങനെ… ഇതെല്ലാം മറവി രോഗത്തിന്റെ ആക്രമണ ലക്ഷണങ്ങളായിരുന്നു.
ഞാന്‍ സ്കൂളില്‍ പഠിച്ചോണ്ടിരിക്കുമ്പോള്‍ 2000-ഇലാണ് ഇതിന്റെ തുടക്കം ഞങ്ങള്‍ അറിഞ്ഞത്. ഒരു പക്ഷെ അതിനെ മുന്നെ തുടങ്ങിയിരിക്കാം. വയസ്സാകുന്നതിന്റെ സ്വാഭാവിക ലക്ഷണങ്ങളായി കണ്ടിരുന്നിരിക്കാം. പിന്നെ മറവി കൂടി. എന്റെ അമ്മയോടൊക്കെ “നീ എന്റെ കൂടെ പഠിച്ച സരസ്വതിയല്ലെ?” എന്നൊക്ക ചോദിച്ചിട്ടുണ്ട് വേശ്രേമ്മ. അംബുജം വല്യമ്മ, ബേബി വല്യമ്മ, അമ്മ, അമ്മാമ എന്നിവരുടെ പേരുകള്‍ മറക്കുകയും അതിനു പകരം അവരെ യഥാക്രമം ഉണ്ണിടെ ഭാര്യ, മുരളിടെ ഭാര്യ, വിശ്വന്റെ ഭാര്യ, പ്രീതേടെ ഭര്‍ത്താവ് എന്നു പറഞ്ഞാണ് ചിലപ്പോഴെല്ലാം അവര്‍ അന്വേഷിച്ചിരുന്നത്.
പിന്നെ വീണ്ടും മറവി കൂടി. വാക്കുകള്‍ കുറഞ്ഞു.
ചിലപ്പോ കുറെ ഓര്‍മ വരുന്ന പോലെ തോന്നും.. ചിലപ്പൊ ഒന്നുമില്ല. ചിലപ്പൊ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ എങ്ങനെയെന്ന് മറന്നു പോകും.. ചിലപ്പോഴെല്ലാം പണ്ടേ മണ്‍ മറഞ്ഞു പോയവര്‍ ഇന്നലെ വീട്ടിലേക്ക് വന്ന പോലെ വിവരങ്ങള്‍ പറയും… കല്ലു വെച്ച നുണ പോലെയൊക്കെ നമുക്ക് തോന്നാം. പക്ഷെ അവരെ സംബന്ധിച്ചിടത്തോളം അതില്‍ കൃത്രിമമില്ലത്രേ. ഈ അസുഖം പരിപൂര്‍ണമായി മാറ്റാന്‍ മരുന്നുകള്‍ യാതൊന്നും ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത .
അമ്മാവന്റെ വീട്ടില്‍ വെച്ച് 2003 -ഇലാണ് വേശ്രേമ്മ നമ്മളെ വിട്ടു പോകുന്നത്. പിന്നെ 2005 ഇല്‍ “തന്മാത്ര” എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ അമ്മമ്മയേയും മുത്തശ്ശിയേയും കൂട്ടി തിയേറ്ററില്‍ പോയി അത് കാണിച്ച് കൊടുത്തിട്ടുണ്ട്. ഓര്‍മകള്‍ മറവിയാകുന്നത് കണ്‍മുന്നില്‍ കണ്ടവരല്ലേ… വീട്ടില്‍ ഒരു അല്‍ഷിമേഴ്സ് രോഗിയുണ്ടായിരുന്ന, ഇപ്പോള്‍ ഉള്ള എല്ലാവര്‍ക്കും എന്റെ വക ആശംസകള്‍. അവരുടെ ഉള്ളിലെ ഓര്‍മകള്‍ അവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ ആകുന്നില്ലന്നേയുള്ളൂ.. അവര്‍ നമുക്ക് തന്ന ഓര്‍മകള്‍ നമ്മോടൊപ്പം തന്നെയുണ്ട്. അത് മറവിയിലേക്ക് ഇടാതിരിക്കുക..
#WorldAlzheimersDay#AlzheimersDisease#Varsha_Life_Experience
No Comments