Menu
Varshas Writeups

ഫ്രാന്‍സിസ് ഇട്ടിക്കോര

വായിച്ചു തീര്‍ക്കുന്ന പുസ്തകത്തെ പറ്റി എനിക്കു തോന്നുന്ന എന്തെങ്കിലും കുറച്ചു കാര്യങ്ങള്‍ ഡയറിയില്‍ എഴുതുന്ന ശീലം എനിക്കു പണ്ടുണ്ടായിരുന്നു.  കുത്തിക്കുറിയ്ക്കലുകള്‍ ഇന്നുമുണ്ടെങ്കിലും ഒരു പൂര്‍ണ്ണമായ എഴുത്ത് കുറഞ്ഞു. ഇത് “ഫ്രാന്‍സിസ് ഇട്ടിക്കോര” എന്ന പുസ്തകത്തിന്റെ ഒരു വായനാക്കുറിപ്പാണ്‌.

ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര

നോവല്‍ തുടങ്ങുന്നത് അമേരിക്കന്‍ പട്ടാളക്കാരനായ സേവ്യര്‍ ഇട്ടിക്കോരയും കൊച്ചിയിലെ ഒരു മുന്തിയ ഫ്ലാറ്റില്‍ താമസിക്കുന്ന മൂന്നു യുവതികളും തമ്മിലുള്ള ഇന്റര്‍നെറ്റ് ഭാഷണത്തിലൂടെയാണ്‌ . ഇറാഖില്‍ പട്ടാളക്കാരനായി സേവനം അനുഷ്ഠിച്ചിരുന്ന സേവ്യര്‍ ഇട്ടിക്കോര അമേരിക്കന്‍ പട്ടാളത്തില്‍ ചേര്‍ന്നതു തന്നെ ചുവന്നു തുടുത്ത ഇറാഖി പെണ്‍കുട്ടികളെ കണ്ടുകൊണ്ടാണ്‌ . വളരെ വികലവും വികൃതവുമെന്ന് തോന്നുന്ന ലൈംഗിക ഇഷ്ടങ്ങളുള്ള അയാളുടെ അത്തരം ചെയ്തികളിലൊരിക്കല്‍ ഒരിറാഖി പെണ്‍കുട്ടി പെട്ട് പിടഞ്ഞുമരിക്കാനിടയായി. അതിനു ശേഷം നഷ്ടപെട്ട മാനസികാരോഗ്യം തിരിച്ചെടുക്കാനായെങ്കിലും ലൈംഗികാരോഗ്യം തിരിച്ചെടുക്കാനായില്ല. പലവിധത്തില്‍ ശ്രമിച്ചെങ്കില്‍ക്കൂടി. അയാള്‍ നരഭോജികളുടെ കൂട്ടത്തില്‍ ചേര്‍ന്നതുപോലും അതിനായിരുന്നു. അങ്ങനെ “ദി സ്കൂള്‍ ” എന്നു പേരിട്ടു വിളിക്കുന്ന ‘ശരീരത്തിനും മനസ്സിനും സന്തോഷം പകരാന്‍ പ്രാപ്തമായ ഒരു സ്ഥാപനത്തിന്റെ’ നെടും തൂണുകളായ ആ 3 യുവതികള്‍ സേവ്യര്‍ ഇട്ടിക്കോരയെ സാഹായിക്കാന്‍ തയ്യാറാകുന്നു. 

അടുത്ത ശ്രമം കേരളത്തില്‍ നടത്താമെന്നു വിചാരിക്കാനും ഇട്ടിക്കോരക്കൊരു കാരണമുണ്ട്. തന്റെ വേരുകള്‍ കേരളത്തിലാണെന്നുള്ളതുകൊണ്ട് തന്നെ. സേവ്യര്‍ ഇട്ടിക്കോരയുടെ മുതു മുതു മുതു മുത്തശ്ശനായ കുന്നംകുളത്തുകാരനായ ഫ്രാന്‍സിസ് ഇട്ടിക്കോരയാണ്‌ ഇറ്റലിയിലെ ഫ്ലോറന്‍സില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ‘കോര കുടുംബം’ സ്ഥാപിച്ചത്. ഇന്നു ലോകത്തിന്റെ പലഭാഗത്തും ഇട്ടിക്കോര കുടുംബമുണ്ട്. അദ്ദേഹത്തിന്റേതായി കിട്ടിയ പഴയ ചില രേഖകളെ പറ്റി കൂടുതലറിയാന്‍ തത്പരനായ സേവ്യര്‍ ഇട്ടിക്കോരയെ സഹായിക്കാനായി “ദി സ്കൂള്‍ ” അംഗങ്ങള്‍ തയ്യാറാകുന്നു. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു തങ്ങളുടെ സേവനം കൂടുതല്‍ ആനന്ദകരമാക്കുന്നതാണ്‌ “ദി സ്കൂളി”ന്റെ മുഖമുദ്ര തന്നെ. അതിനു തക്കതായ വേതനവും അവര്‍ ഈടാക്കും.  സമൂഹത്തില്‍ വലിയ വലിയ സ്ഥാനങ്ങളിലിരിക്കുന്ന ഒരുപാട് പേര്‍ അവരുടെ സേവനങ്ങള്‍ വാങ്ങിയിട്ടുള്ളവരാണ്‌ . വളരെ ആധുനികമായ രീതിയിലുള്ള ഉപകരണങ്ങളാണ്‌ “ദി സ്കൂളി”ല്‍ ഉള്ളത്. സേവനം തേടി വന്ന സേവ്യര്‍ ഇട്ടിക്കോരയോട് “ദി സ്കൂളി”ന്റെ പ്രിന്‍സിപ്പളായ രേഖ പറയുന്നത് ഇങ്ങനെയാണ്‌ “We teach the Art of Love Making in a different way to rejuvenate your mind and body in an exotic location in Kerala”. 
ഇത്രയും ആമുഖം. ഇനി ചരിത്രവും സങ്കല്പവും കഥയും കാല്‍പനികതയും ഇഴ ചേര്‍ത്തുള്ള ആഖ്യാനമാണ്‌ . 


14, 15, 16 നൂറ്റാണ്ടില്‍ കേരളത്തില്‍ അനേകം ഗണിത ശാസ്ത്രജ്ഞരുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. അവരില്‍ അറിയപ്പെടുന്ന പേരുകള്‍ അനവധിയുണ്ട്. സംഗമഗ്രാമ മാധവന്‍,  സോമയാജി, പരമേശ്വരന്‍, അച്യുത പിഷാരടി, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരുടെ ഗണിതം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള കൃതികളില്‍ ഇന്നു “calculus, trigonometry, Mathematical Analysis ” എന്നൊക്കെ ആധുനിക ലോകം പേരിട്ടു വിളിക്കുന്ന  Mathematical Theories and Ideas  -നെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ കാലശേഷം വളരെക്കഴിഞ്ഞാണ്‌ പാശ്ചാത്യലോകം ഇതെല്ലാം കണ്ടുപിടിക്കുന്നത്. പണ്ട് കേരളവും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവട ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിരുന്നവര്‍ വഴി കേരളത്തില്‍ നിന്നും അറബിനാടുകളില്‍ നിന്നുമുള്ള കണ്ടുപിടുത്തങ്ങളില്‍ പലതും വിദേശരാജ്യങ്ങളില്‍ എത്തിപ്പെട്ടതാകാമെന്ന് ഈ ചരിത്രം അറിയാവുന്ന ഒരുപാട് പേര്‍ ഇപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ കച്ചവടം നടത്തിയിരുന്ന വ്യക്തിയായിരുന്നു നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോര.അദ്ദേഹത്തിനു കച്ചവടത്തിനുപുറമെ ഗണിതം, സ്ത്രീവിഷയം തുടങ്ങി പല വിഷയങ്ങളിലും  വലിയ പിടിപാടായിരുന്നു. 

Hypatia

1517-ഇല്‍ ഫ്ലോറന്‍സില്‍വെച്ച് മരിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് “ഹൈപേഷ്യന്‍ ഗണിത വിദ്യാലയങ്ങളു” മായി ബന്ധമുണ്ടായിരുന്നത്രെ. ഏ.ഡി.415 ഇല്‍ മരിച്ച ഹൈപേഷ്യയാണ്‌ ഈ നോവലിലെ ചരിത്രകഥാപാത്രങ്ങളില്‍ പ്രമുഖ.


ഏഥന്‍സിലും അലക്സാണ്ട്രിയയിലുമായി ജീവിച്ച ലോകത്തിലെ അറിയപ്പെടുന്ന ആദ്യ ഗണിതശാസ്ത്രജ്ഞയായ ഹൈപേഷ്യയുടെ ജീവിതവും മരണവും ടി.ഡി.രാമകൃഷ്ണന്‍ എന്ന രചയിതാവു കേട്ടു കേള്‍വികളും, ചരിത്രവും, തന്റെ തന്നെ ഗവേഷണത്തിന്റെ ഫലവും ചേര്‍ത്തു ഈ നോവലില്‍ ഒരു ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. ഹൈപേഷ്യയുടെ പല കണ്ടുപിടിത്തങ്ങളും കൃസ്ത്യന്‍സഭയുടെ നിലപാടുകള്‍ക്കെതിരെയായിരുന്നു എന്നതുകൊണ്ട് തന്നെ ഹൈപേഷ്യ മരിച്ച ശേഷവും അവരുടെ ആശയങ്ങള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങള്‍  –  ഹൈപേഷ്യന്‍ സ്കൂളുകള്‍ – കുറേക്കാലം രഹസ്യമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്. നോവലിലെ ഫ്രാന്‍സിസ് ഇട്ടിക്കോരയും ഇത്തരമൊരു സ്കൂളില്‍ പഠിച്ചിരുന്നു. ഹൈപേഷ്യയെ കൂടാതെ മൈക്കളാഞ്ചലോയും അദ്ദേഹത്തിന്റെ പിയേത്തായും (Pieta) ഒക്കെ ഈ നോവലില്‍ വരുന്നുണ്ട്.

രേഖ, രശ്മി, ബിന്ദു തുടങ്ങിയവര്‍ പല ബ്ലോഗിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഗണിത ബന്ധങ്ങള്‍ അറിയുന്നു. ഇനി അദ്ദേഹത്തിന്റെ കുന്നംകുളം ബന്ധം അറിയാന്‍ ഇവരെ സഹായിക്കാന്‍ കുറച്ചു കഥാപാത്രങ്ങള്‍കൂടി നോവലിലുണ്ട്.  ‘ദി സ്കൂള്‍ ‘ ഇവര്‍ക്ക് രഹസ്യമായ ഒരു ‘കലാ കച്ചവടമാണ്‌’. സമൂഹത്തില്‍ മാന്യമായ ജോലികള്‍ ചെയ്യുന്നവരാണ്‌ ഈ 3 പേരും. തങ്ങളുടെ സുഹൃത്തായ സൂസന്നയെ കള്ളു കുടിപ്പിച്ചും അതുകൂടാതെ പല വഴിക്കും ഇവര്‍ കുന്നംകുളത്തുള്ള ഇട്ടിക്കോര കുടുംബത്തെക്കുറിച്ചറിയാന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുള്ള സംഭവങ്ങളും നോവലിനെ ഒരു “Thriller” ആക്കി മാറ്റുന്നു. കുന്നംകുളത്തുകാര്‍ക്കു അദ്ദേഹം “കോരപാപ്പാന്‍ ” ആണ്‌ . ‘പതിനെട്ടാം കൂറ്റുകാര്‍’ എന്നറിയപ്പെടുന്ന  അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്ക് ബൈബിളിനുപുറമെ മറ്റൊരു  വേദപുസ്തകമുണ്ട്. പിന്നെ പള്ളിയുമായും സഭയുമായും ബന്ധമില്ലാത്ത ഇന്നും തുടര്‍ന്നു പോരുന്ന എനാല്‍ അതീവ രഹസ്യമായ അനേകം ആചാരങ്ങളും. ഇവര്‍ക്ക് കോരപാപ്പാന്‍ കാരണവരും ദൈവവുമൊക്കെയാണ്‌ . പ്രീതിപ്പെടുത്തിയാല്‍ സമ്പത്ത് തന്നനുഗ്രഹിക്കുന്ന ദൈവം. 

പിന്നെ നോവല്‍ നമ്മളെ കൊണ്ടു പോകുന്നത് കോരപാപ്പാന്‍ ജീവിച്ച 15-ആം നൂറ്റാണ്ടിലേക്കാണ്‌ . കൊച്ചി രാജാവും അന്നത്തെ കുന്നംകുളവും “ഇയ്യാലെ കോതയും “, കുരുമുളക് കച്ചവടവും, ഇറ്റലിയിലെ കൊട്ടാരവും, വാസ്കോഡഗാമയും, കടല്‍ യാത്രയും ഒക്കെ ടി.ഡി.രാമകൃഷ്ണന്റെ സങ്കല്‍പം, ചരിത്രം, കാല്‍പനികത എന്നീ ഇഴകളില്‍ ഭദ്രം.
പോക്കായ പോപ്പും സഭയുടെ ചീത്ത നിലപാടുകളും മടിയന്മാരായ നമ്പൂതിരിമാരും , അവരുടെ മേല്‍ക്കൊയ്മയും ഒക്കെ പരാമര്‍ശിക്കപ്പെടുന്ന നോവലില്‍ കഥാകൃത്തു പല സ്ഥാപിത ബിംബങ്ങള്‍ക്ക് മേലേയും നിശിത വിമര്‍ശനങ്ങള്‍ എറിയുന്നുണ്ട്.  
ഗണിത ശാസ്ത്രത്തെക്കുറിച്ചുള്ള ചില അദ്ധ്യായ ഭാഗങ്ങള്‍ വിരസമായി തോന്നിയെങ്കിലും കഥയിലെ നിഗൂഢതയും സസ്പെന്‍സുമെല്ലാം ഭംഗിയായി തോന്നി. ഭാഷയുടെ ഭംഗിയ്ക്കുള്ള ഉദാഹരണമായി “ഫ്രാന്‍സിസ് ഇട്ടിക്കോര”യെ പറയാനാകുമെന്നു തോന്നുന്നില്ല. പക്ഷെ ആഖ്യാനത്തില്‍ വിരസതയില്ലായിരുന്നു. വലുതായി വിമര്‍ശിക്കാനുള്ള അറിവെനിക്കില്ല എന്നതുകൊണ്ട് തന്നെ ഇതെല്ലാമെനിക്ക് തോന്നിയ കാര്യങ്ങള്‍ മാത്രമാണ്. 

ഈ നോവല്‍ വായിച്ച് തീരുമ്പോള്‍ ചരിത്രത്തിലെ അറിയാത്ത പല കാര്യങ്ങളും പുതുതായി അറിയാനാകും. അതുപോലെ ഏതാണ്‌ ചരിത്രം ഏതാണ്‌ കഥ എന്ന് വേര്‍തിരിച്ചറിയാനാകത്തത്രയും നന്നായി സംഭവങ്ങളും കഥകളുമെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടി.ഡി.രാമകൃഷ്ണന്‍ ഈ നോവലില്‍ . ഇത്രയും നന്നായി എഴുതണമെങ്കില്‍  കഥാകൃത്ത് എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ടാകുമെന്നാലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നിപോകുന്നു – വിദേശ രാജ്യങ്ങളുടെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം, കത്തോലിക്കാ സഭ ചരിത്രം, കേട്ടു കേള്‍വികള്‍, ചരിത്രകാരന്മാര്‍, ഇറാഖ്-സദ്ദാം കഥകള്‍, ഗറില്ലാ യുദ്ധങ്ങള്‍ , നരഭോജികള്‍ , അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു . പലപ്പോഴും ചരിത്രം പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവോ , കൂടിപ്പോയോ എന്നും തോന്നാം. വാസ്കോഡ ഗാമയാണ്‌ ആദ്യം യൂറോപ്പ് – ഇന്ത്യ കടല്‍മാര്‍ഗ്ഗം കണ്ടുപിടിച്ചതെന്ന വാദത്തെ പുന:പരിശോധനക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍ . 

TD Ramakrishnan

2009 -ഇല്‍ ഇറങ്ങിയ ഏതാണ്ട് 300 പേജുകളുള്ള ഈ നോവല്‍ ഇതിനകം തന്നെ ഒരുപാട് പ്രതികള്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നു കേരളത്തില്‍. വലിയ പ്രയാസമില്ലാതെ തന്നെ വായിച്ചു തീര്‍ക്കാം ഇതിലെ മിക്ക അദ്ധ്യായങ്ങളും. ഇതില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണുള്ളത് എന്നതായിരിക്കാമൊരു കാരണം. 
വായിക്കാത്തവര്‍ വായിച്ചു നോക്കുക. വായന വളരട്ടെ. 

Novel : Francis Itty cora (Malayalam, 2009)Author: T.D. Ramakrishnan, currently working as Deputy Chief Controller in Southern Railway – Palakkad Division

No Comments

    Leave a Reply