Menu
Asia

മഞ്ഞു മലയിലൊരു ഹൈക്കിങ്ങ്…

ഒരുപാട് സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ട്രെക്കിങ്ങുകള്‍ നടത്തീട്ടുണ്ട് ഞാന്‍. അങ്ങനെയിരിക്കെ ഒരു “സ്നോ ഹൈകിങ്” ചെയ്താലോ എന്ന തോന്നല്‍. ഒരു ദിവസത്തെ ഹൈകിങ്ങാണ്‌ മനസ്സിലുള്ളത്. അത്രയും ഓര്‍ത്ത് കീശയെ അധികം ബാധിക്കാത്ത മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ്‌ സ്റ്റെപന്‍സ്‌മിന്ഡ എന്ന ജോര്‍ജിയന്‍ പട്ടണത്തിലെ, 2170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി പള്ളിയിലേക്ക് ശ്രദ്ധ തിരിയുന്നത്. ഇതിനു തൊട്ടടുത്താണ്‌ പ്രസിദ്ധമായ കസ്ബേഗ് കൊടുമുടിയുള്ളത്. ഇതറിഞ്ഞതും സുഹൃത്ത് ഫറയും കൂടെ കൂടി.

അര്‍മീനിയ

അങ്ങനെ ലക്ഷ്യം നിശ്ചയിച്ചതോടെ 6 ദിവസത്തെ അവധിയും എടുത്ത് തൊട്ടടുത്തുള്ള രാജ്യമായ അര്‍മേനിയയും കൂടെ ചേര്‍ക്കാമെന്ന് നിശ്ചയിച്ച് പോകാനും വരാനുമുള്ള ടിക്കെറ്റ് റെഡിയാക്കി. 2 തൊട്ടു -14 ഡിഗ്രീ വരെയാണ്‌ ആ സമയത്തെ താപനില. മൂന്നു ദിവസം അര്‍മീനിയ കണ്ട ശേഷം ജോര്‍ജിയയിലെ ട്ബിലിസിയിലേക്ക് വിമാനം കേറി. വെറും 35 മിനിറ്റാണ്‌ വിമാനയാത്രാസമയം. യേരവനില്‍ നിന്ന് ട്ബിലിസി നഗരത്തിലേക്ക് റോഡ്‌മാര്‍ഗമോ റെയില്‍മാര്‍ഗമോ എത്തി ചേരാവുന്നതാണ്‌.

ജോര്‍ജിയന്‍ തലസ്ഥാനമായ ട്ബിലിസിയിലെ മെട്രോ യാത്ര

അര്‍മീനിയയേക്കാള്‍ രണ്ടിരട്ടിയില്‍ കൂടുതല്‍ വിസ്താരമുള്ള രാജ്യമാണ്‌ ജോര്‍ജിയ. ട്ബിലിസി നഗരത്തില്‍ ഇറങ്ങി നേരെ ബസ്സെടുത്ത് 30 മിനിറ്റ് യാത്ര ചെയ്ത് സിറ്റിയിലേക്ക്. ലക്ഷ്യം ട്ബിലിസി അല്ല – സ്റ്റെപന്‍സ്മിന്‍ഡയാണ്‌. അത് റഷ്യയോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്‌. ഏകദേശം 3 മണിക്കൂര്‍ യാത്രയുണ്ട്. ടാക്സി എടുക്കുകയാണെങ്കില്‍ ആ സ്ഥലത്തേക്ക് പോകാന്‍ 150 ജോര്‍ജിയന്‍ ലാറി ആകും – അതായത് 4200 രൂപ. ബസ്സുകള്‍ പുറപ്പെടുന്നത് ഒരു മെട്രോ സ്റ്റേഷന്നടുത്തു നിന്നാണ്‌. പക്ഷെ അത് ബസ്സിറങ്ങിയെത്തിയ ഈ സിറ്റി മെട്രോ സ്റ്റേഷന്‍ അഥവാ സ്റ്റേഷന്‍ സ്ഖ്വയറില്‍ നിന്നല്ല എന്ന് മനസ്സിലായി. ഇംഗ്ലീഷിലും ഹിന്ദിയിലും പിന്നെ ഒരു നിവൃത്തിയുമില്ലാതെ മലയാളത്തിലും സംസാരിച്ച് നോക്കി – പലരോടും. എല്ലാവര്‍ക്കും സഹായിക്കാനുള്ള മനസ്സുണ്ട്. പക്ഷെ സഹായിക്കാനാകുന്നില്ല. എത്ര ചോദിച്ചിട്ടും ആര്‍ക്കുമൊട്ട് മനസ്സിലാകുന്നുമില്ല. അതിനിടയില്‍ ആരോ പറഞ്ഞ് വജപ്-ഷവേല എന്ന സ്ഥലത്തേക്ക് വണ്ടി കേറി. ആ യാത്രയില്‍ തന്നെ സ്ഥലം മാറിയെന്ന് മനസ്സിലായി. പിന്നെ ട്ബിലിസി മെട്രോ-ഇലെ ചുവപ്പു ലൈനും പച്ച ലൈനും മാറി മാറി കേറീട്ടും നമ്മള്‍ക്ക് ആ സ്ഥലം കണ്ടു പിടിക്കാനായില്ല. ഇതിനിടയില്‍ മെഡിസിനു പഠിക്കുന്ന കുറച്ച് മലയാളി പിള്ളേരെ കണ്ടു. അവരാണെങ്കിലോ ഈ സ്റ്റെപന്‍സ്‌മിന്‍ഡ എന്ന സ്ഥലം കേട്ടിട്ടു പോലുമില്ല. അവസാനം പബ്ലിക്ക് വൈഫൈ വഴിയും ഇംഗ്ലീഷ് അറിയാവുന്ന ഒരു ജോര്‍ജിയക്കാരന്‍ വഴിയും ഡിഡുബേ എന്ന ആ സ്റ്റേഷന്‍ പേരു കണ്ട് പിടിച്ചു. അപ്പോഴേക്കും ചുവപ്പും പച്ചയും ലൈനിലെ മിക്ക സ്റ്റേഷനും മന:പാഠമായി മാറിയിരുന്നു. ഒന്നര മണിക്കൂറായി മെട്രോയില്‍ തന്നെ ആയിരുന്നല്ലോ യാത്ര.


സ്റ്റെപന്റ്‌സ്മിന്‍ഡയിലേക്ക്

ഡിഡുബെയില്‍ ഇറങ്ങി നടന്നാല്‍ ബസ്‌ടാക്സി സ്റ്റേഷനുണ്ട്. അവിടെ മര്‍ഷ്രൂട്ക എന്ന് വിളിക്കുന്ന മിനിവാനില്‍ പ്രശസ്തമായ ഗുദൌരി സ്കീ പ്രദേശം വഴി സ്റ്റെപന്‍സ്മിന്‍ഡയിലേക്ക്. ചിലവ് വെറും 10 ലാറി. അഥവാ 280 രൂപ മാത്രം. ഗുദൌരി കൊക്കസസ് മലനിരകളുടെ ഭാഗമായ പ്രദേശമാണ്‌. ഇവിടെ ധാരാളം സ്കീ റിസോര്‍ട്ടുകളും ഗൈഡുകളും മഞ്ഞിലൂടെയുള്ള ഈ സാഹസിക വിനോദത്തെ ഇഷ്ടപെടുന്നവര്‍ക്കായി കാത്തിരിക്കുന്നു.

Stepantsminda – ഒരു കുഞ്ഞി പട്ടണം

ജോര്‍ജിയന്‍ മിലിട്ടറി ഹൈവേയിലൂടെ 3 മണിക്കൂര്‍ സഞ്ചരിച്ച് ലക്ഷ്യത്തിലേത്തി. സ്റ്റെപന്‍സ്‌മിന്‍ഡയെ ഒരു പട്ടണമെന്നു വിളിക്കാമോ എന്നറിയില്ല. ആകെ കൂടി 2000 പേര്‍ മാത്രം താമസിക്കുന്ന സ്ഥലം. ഒരു സൂപ്പര്‍മാര്‍ക്കെറ്റോ ഇലട്രോണിക്സ് കടയോ അല്ലെങ്കില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയോ ഒന്നും ഇവിടില്ല. ആകെയുള്ളത് പ്രധാനകവലയ്ക്കു ചുറ്റുമായി അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ ഗ്രോസറികളാണ്‌. പിന്നെ കുറച്ച് ഭക്ഷണ ശാലകളും ടൂറിസ്റ്റുകള്‍ക്ക് അവശ്യമായ സംവിധാനങ്ങളും മാത്രം.

ഇവിടെ താമസിച്ചത് ഒരു ഹോസ്റ്റലിലായിരുന്നു. ഒരു കുടുംബം നടത്തുന്ന മൂന്നു നില കെട്ടിടത്തിലുള്ള ഹോസ്റ്റല്‍. ഒരു നിലയില്‍ മൂന്നോ നാലോ റൂമുകള്‍ മാത്രം. ടോയ്ലെറ്റ് റൂമിന്നകത്ത് അല്ല. പുറത്താണ്‌. ഏറ്റവും താഴത്തെ നിലയില്‍ റിസപ്ഷനും പിന്നെ സംസാരിച്ചിരിക്കാന്‍ സോഫയിട്ട ഹാളും ഡൈനിങ്ങ് ടേബിളുകളും. ഒരു വീടു പോലെ തന്നെ. ഇടയ്ക്കിടെ ഈ കുടുംബത്തിലെ ആരെങ്കിലും പോയി ഒരു വലിയ മണ്‍വെട്ടി പോലുള്ള ഒന്നെടുത്ത് ആ വീടിനുമുന്നിലുള്ള വഴിയിലെയും പിന്നെ മുന്‍വശത്തെ റോഡിലെ നടപ്പാത ഭാഗത്തെയും മഞ്ഞ് ഐസാകാന്‍ സമ്മതിക്കാതെ കോരി മാറ്റുന്നതും വൃത്തിയാക്കുന്നതും കാണാം. വളരെ മെല്ലെയാണിവിടത്തെ ജീവിതം. ആര്‍ക്കും തിരക്കുകളൊന്നും കണ്ടില്ല.


SNOW HIKING

ബാക്‌പാക്ക് റൂമില്‍ വെച്ച് ജാക്കറ്റും കയ്യുറകളുമെല്ലാമിട്ട് പുറത്തിറങ്ങി. തണുപ്പിന്റെ കാഠിന്യം കൂടുതല്‍ ആണ്‌. -11,-13 ഒക്കെയായിരുന്നു താപനില. പകലിന്‌ നീളമില്ല. ആ ടൌണ്‍ ഒന്ന് നടന്ന് കണ്ടു. ഗ്രോസറികളില്‍ കേറി വിലവിവരങ്ങള്‍ നോക്കി. പിന്നെ തിരിച്ച് ഹോസ്റ്റലില്‍ വന്ന് നൂഡില്‍സ് ഉണ്ടാക്കി കഴിച്ചു.
അടുത്ത ദിവസം രാവിലെയുണര്‍ന്ന്‌ മുറിയിലെ ജനാലയിലൂടെ നോക്കിയപ്പോള്‍ കാണുന്നത് കസ്ബേഗ് കൊടുമുടിയുടെ മേല്‍ ഒരു പ്രത്യേക വെളിച്ചം ആണ്‌.. മേഘങ്ങളും സൂര്യനും കൂടി പറ്റിച്ച ഒരു പണി! മനോഹരമായ ദൃശ്യമായിരുന്നു! അതിനു തൊട്ട് താഴെ അന്നേദിവസം നടത്താനിരിക്കുന്ന യാത്രയുടെ ലക്ഷ്യ സ്ഥാനമായ ട്രിനിറ്റി ഗെര്‍ഗാട്ടി പള്ളിയും കാണാം. പ്രാതല്‍ കഴിച്ച് പ്രധാന കവലയിലേക്ക് നടന്നു. ഈ മലകയറ്റം ആരംഭിക്കുന്ന വഴി എവിടെയാണേന്ന് ചോദിച്ചു മനസ്സിലാക്കി. അപ്പോഴേക്കും ജീപ്പുകളില്‍ ഒരു നല്ല ദൂരം വരെ എത്തിക്കാമെന്ന് പറഞ്ഞ് കുറച്ച് ടാക്സിക്കാര്‍ കൂടി. കൂടുതല്‍ മഞ്ഞ് കാണുമെന്നും നടക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നൊക്കെ പറഞ്ഞ് കുറച്ച് പേര്‍ ടാക്സിയിലേക്ക് ആകര്‍ഷിക്കാന്‍ നോക്കി. ലക്ഷ്യവും മാര്‍ഗ്ഗവും മുന്‍കൂട്ടി ഉറപ്പിച്ചിരുന്നത് കൊണ്ട് ചിരിച്ചു കൊണ്ട് അവരെ തിരസ്കരിച്ച് വിവരങ്ങള്‍ ശേഖരിച്ച് നടന്ന് തുടങ്ങി.
അങ്ങനെ മഞ്ഞിലൂടെയുള്ള നടത്തം തുടങ്ങി. അദ്യം കാണാനായത് അടുത്തടുത്ത് വീടുകളുള്ള സ്ഥലമാണ്‌. ഈ 2000 പേരുള്ള ജനതയിലെ മുക്കാല്‍ ഭാഗവും താമസിക്കുന്നത് ഈ ഭാഗത്താണ്‌. പിന്നെ കയ്യിലെ മാപ്പും സൈന്‍ബോര്‍ഡും നോക്കി നടന്നു തുടങ്ങി. കൂട്ടിനു 3 പട്ടികള്‍ കൂടി. അവരായിരുന്നു യഥാര്‍ത്ഥ വഴി കാട്ടികള്‍ . കാരണം മുട്ടോളമായിരുന്നു ചിലയിടത്തെ മഞ്ഞ്. സൈന്‍ ബോര്‍ഡുകള്‍ കാണാതായിരിക്കുന്നു. കുറച്ചൂടെ നടന്നപ്പോള്‍ ഒരാള്‍ കൂടെ നമ്മളോടൊപ്പം ചേര്‍ന്നു.. സ്പെയിനില്‍ നിന്നുള്ള അലെക്സ്. അങ്ങനെ പരസ്പരം പരിചയപ്പെട്ടും, തണുപ്പ് കഷ്ടപ്പെട്ട് സഹിച്ചും, മല കയറ്റത്തിന്റെ കാഠിന്യത്തില്‍ വിയര്‍ത്തും പിന്നെ ശ്വാസമെടുക്കാനായി വിശ്രമിച്ചും എന്നാല്‍ വിശ്രമിക്കുമ്പോള്‍ തണുപ്പ് കൂടുന്നത്‌കൊണ്ട് വീണ്ടും ചാടിയെണീറ്റും കയ്യിലെ എനര്‍ജി ബാറുകള്‍ കൊറിച്ചും കയറ്റം തുടര്‍ന്നു.

“സ്നോ ഹൈക്കിങ്” – എന്നത് കേള്‍ക്കാനും പറയാനും എളുപ്പമായിരുന്നു. പക്ഷെ ചെയ്യുമ്പോള്‍ ഒരല്‍പം പ്രയാസമാണ്‌. കാല്‍ വെച്ചാല്‍ മുട്ടോളം മഞ്ഞിനുള്ളിലേക്ക് പോകും… പിന്നെ അതിലൊരു കാലിനെ പൊക്കി എടുത്ത് അടുത്ത അടി വെക്കണം.. പിന്നെ ഇതൊക്കെ ഒരു ത്രില്ലല്ലേ… അപ്പൊ കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും “മഞ്ഞു നടത്തം” തുടര്‍ന്നു. സോക്സിനുള്ളിലേക്കും മഞ്ഞായോ നനഞ്ഞോ എന്നൊന്നും മനസ്സിലാകുന്നേ ഇല്ല. ആകെ ഒരു മരവിപ്പ്. Frost bite വരാതെ നോക്കണ്ടെ.. തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യമൊക്കെ ആ പട്ടണം കാണാമായിരുന്നു. പിന്നെ എപ്പോഴോ ചുറ്റും മഞ്ഞ് മലകള്‍ മാത്രമായി. അവസാനം ഒരു സ്ഥലത്ത് എത്തി ഷൂസിനുള്ളില്‍ ആയിപ്പോയ മഞ്ഞൊക്കെ മാറ്റാനായി ഇരുന്നു. പിന്നെ നോക്കുമ്പോ സ്ഥലമന്വേഷിക്കാന്‍ പോയ അലെക്സുമില്ല, പട്ടികളുമില്ല, ആകെയൊരു നിശബ്ദത മാത്രം.
എന്നിട്ടും മേലേക്ക് എന്ന് തോന്നുന്ന സ്ഥലത്തേക്ക് നടന്ന് തുടങ്ങിയപ്പൊ ആ പട്ടികളിലൊന്ന് എവിടുന്നോ ചാടി വന്ന് അടുത്തെത്തി കുരയോ കുര ! അങ്ങനെ അതിനെ പിന്‍തുടര്‍ന്നപ്പോള്‍ ആളനക്കം കേട്ടു. അലെക്സുമായ് കണ്ടുമുട്ടി. ആ വഴിക്ക് മറ്റൊരാളെ കൂടി കൂട്ട് കിട്ടി. സ്റ്റെപന്‍സ്മിന്‍ഡയിലെ ഒരു അന്തേവാസി. നമ്മളോട്‌ സംസാരിക്കാന്‍ ഭാഷ വശമില്ലാത്തതു കൊണ്ട് ചിരിച്ച് കൈ കൊണ്ട് വഴി കാണിച്ച് തന്നു അദ്ദേഹം.

അങ്ങനെ ട്രിനിറ്റി പള്ളി കാണാവുന്ന ദൂരത്തിലായി. 3-4 മണിക്കൂറായി നടക്കുന്നു. മഞ്ഞു സഹിക്കാം. ഐസായി നില്‍ക്കുന്ന ഭാഗമായിരുന്നു ശ്രദ്ധിക്കേണ്ടത്. കാല്‍ വെക്കുമ്പോഴേക്കും വഴുക്കും .. വീഴാന്‍ വളരെ എളുപ്പമായിരുന്നു.
ചര്‍ച്ച് കുത്തനെയുള്ള ഒരു കൊച്ചു കൊടുമുടിയുടെ മുകളിലാണ്‌. അങ്ങനെ ആ കയറ്റവും കേറി അവിടെ എത്തി . ആ ഉയരത്തില്‍ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോഴാണ്‌ ഈ നടന്നു കയറിയതിന്റെ സുഖം ശരിക്കും മനസ്സില്‍ നിറയുന്നത്. വാഹനയാത്രകള്‍ക്ക് ഈ സുഖമൊരിക്കലും തരാനാകില്ല.
വളരെ പുരാതനമായ ആ ചര്‍ച്ചിന്റെ ഉള്‍വശത്ത് നല്ല ചൂടാണ്. ഇരുട്ടുമുണ്ട്. ഏതോ പ്രാര്‍ത്ഥനയുടെ അവസാന ഭാഗമായപ്പോഴാണ്‌ നമ്മള്‍ അവിടെ എത്തിയത്. ആ ഉള്‍വശത്തെ ചൂടില്‍ തീയുടെ അടുത്ത് നിന്ന് കയ്യുറകളും സോക്സും അഴിച്ച് അവ ഒന്നു ചൂടാക്കി സോക്സ് മാറ്റി ഇട്ടു. മഞ്ഞു ഉള്ളില്‍ ചെന്ന് കാലിലെ വിരലുകള്‍ മരവിച്ച് തുടങ്ങിയിരുന്നു. ചൂട് കിട്ടിയപ്പൊ ഒരാശ്വാസം ! കുറച്ച് നേരം ചൂട് പിടിച്ചു. സോക്സ് മാറ്റിയിട്ടു.

4 വശത്തെയും കാഴ്ച്ചകള്‍ കുറേ നേരം മുകളില്‍ നിന്നും നോക്കി കണ്ട് തിരിച്ച് നടന്ന് തുടങ്ങി. പോകുന്ന വഴിക്ക് താഴേക്ക് പോകുന്ന ഒരു വണ്ടി പകുതി ദൂരത്തില്‍ വെച്ച് കിട്ടി. പിന്നെ ഭക്ഷണം കഴിച്ച് റഷ്യന്‍ അതിര്‍ത്തി കാണാന്‍ തിരിച്ചു. ഐസായി പോയ വെള്ളച്ചാട്ടവും ദരിയാലി സന്ന്യാസീ മഠവും കണ്ട് പിന്നെ ഒന്നു കൂടെ ഈ പട്ടണത്തിലെ കാണാത്ത വഴികളിലൂടെ നടന്ന് വീണ്ടും ഹോസ്റ്റലിലെത്തി. നന്നായി ഉറങ്ങി.

അടുത്ത ദിവസം വീണ്ടും ട്ബിലിസിയിലേക്ക്…

ഇന്റര്‍നെറ്റില്‍ പരതി എവിടെ താമസിക്കാമെന്ന് നോക്കി വെച്ച് മിനിവാനില്‍ കേറി. ഓരോ മണിക്കൂര്‍ ഇടവിട്ടും മിനിവാനുണ്ട് ട്ബിലിസിയിലേക്ക്. പക്ഷെ ആളുകള്‍ നിറഞ്ഞാലേ വണ്ടി എടുക്കൂ. കടകള്‍ അധികമൊന്നുമില്ലാത്തതു കൊണ്ട് ഇവിടത്തെ ജനങ്ങള്‍ അപ്പുറത്തെ പട്ടണങ്ങളിലോ അല്ലെങ്കില്‍ ട്ബിലിസിയില്‍ പോയോ ആണ്‌ സാധനസാമഗ്രികള്‍ വാങ്ങുന്നത് എന്നതിനാല്‍ മിനി വാന്‍ നിറയാന്‍ അത്ര പാടില്ല. ഏറ്റവും ക്ലേശകരമായ വഴികളിലൊന്നാണ്‌ ജോര്‍ജിയന്‍ മിലിട്ടറി ഹൈവേ..അവിടെ മഞ്ഞ് വീണ്‌ വഴി മുടങ്ങി കിടന്നതു കൊണ്ട് ആളുകള്‍ കേറീട്ടും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്‌ വണ്ടി എടുത്തത്.
ടിബിലിസിയിലെ ഡിഡുബെയില്‍ മര്‍ഷ്രൂട്ക എന്ന മിനിവാനില്‍ വന്നിറങ്ങുമ്പോള്‍ ഒരു പരിചയക്കുറവ് തോന്നിയതേ ഇല്ല.. മെട്രോ കാര്‍ഡ് ചാര്‍ജ് ചെയ്ത് താമസിക്കാന്‍ തീരുമാനിച്ച സ്ഥലത്തിന്നടുത്തുള്ള മെട്രോ സ്റ്റേഷനില്‍ ഇറങ്ങി. പിന്നെ മെട്രോയിലെ പബ്ലിക് വൈഫൈയില്‍ ഗൂഗിള്‍ മാപ്സ് ഉപയോഗിച്ച് ഹോസ്റ്റലിലേക്ക് നടന്നെത്താനുള്ള വഴി കണ്ടെത്തി നടന്നു. ബാക്‌പാക് റൂമില്‍ വെച്ച് സിറ്റി ചുറ്റാനിറങ്ങി. കാല്‍ നടയും മെട്രോയും ബസ്സും തന്നെ യാത്രാമാര്‍ഗം.

അഞ്ച് ദിവസമായി ഇന്ത്യന്‍ രുചി കൊതിച്ച നാവിനെ ശാന്തമാക്കുവാന്‍ ഒരു ഇന്ത്യന്‍ ഭക്ഷണശാലയില്‍ കേറി ചപ്പാത്തിയും കറിയും ബിരിയാണിയുമൊക്കെ കഴിച്ചു. പിന്നെ സിറ്റിയില്‍ ഒന്നൂടെ ചുറ്റിക്കറങ്ങിയ ശേഷം മുറിയില്‍ പോയി വിശ്രമിച്ചു. അടുത്ത ദിവസം വൈകുന്നേരം തിരിച്ചുള്ള വിമാനത്തിനുള്ള സമയമാണെന്നതു കൊണ്ട് രാവിലെ തന്നെ ബസ്സെടുത്ത് ലിലോ മാര്‍ക്കെറ്റില്‍ പോയി. ഒന്നു രണ്ട് സുവനീറും വാങ്ങി വേഗം തിരിച്ച് വന്ന് ബാക്ക്പാക്കുമെടുത്ത് നേരെ വിമാനത്താവളത്തിലേക്ക്. 6 ദിവസത്തെ യാത്ര ഇവിടെ തീര്‍ന്നു. പക്ഷെ ഈ ഓര്‍മകളും അനുഭവങ്ങളും ഒരു ആയുഷ്‌ക്കാലത്തേക്ക് ഹൃദയത്തില്‍ ചേര്‍ത്ത് കൂടുതല്‍ പ്രസന്നതയോടെ തിരിച്ച് പറന്നു.

#snowhiking#georgia#stepantsminda#varshasworld#girlstravel#travelwithvarsha

No Comments

    Leave a Reply