Menu
Incredible India / India-TravelBlogs / Travel Blogs

ഇന്ത്യന്‍ കറന്‍സിയിലൂടെ ഒരു ഭാരത പര്യടനം…

10, 20, 50, 100, 200, 500, 2000 – എന്നീ മൂല്യങ്ങളിലാണ്‌ ഇന്ന് ഇന്ത്യന്‍ രൂപ അച്ചടിച്ച് നോട്ടുകളായി നമ്മുടെ കൈകളിലേക്കെത്തുന്നത്. മഹാത്മാഗാന്ധി ശ്രേണിയില്‍ പെടുന്ന ഈ നോട്ടുകളില്‍ 2000 ഒഴികെയുള്ളവ നമ്മെ ഒരു ഭാരതയാത്ര കൊണ്ടു പോകാന്‍ കഴിയുന്നവയാണ്‌. ആ യാത്ര നമുക്കൊന്നു പോയി നോക്കാം…

10 രൂപാ നോട്ട്- കൊണാര്‍ക്ക് സൂര്യ ക്ഷേത്രം
2018-ഇല്‍ ഇറങ്ങിയ ഈ ബ്രൌണ്‍ നിറത്തിലുള്ള നോട്ടില്‍ ഒരുവശത്ത് ഗാന്ധിജിയെങ്കില്‍ മറുവശത്തു ഒരു ചക്രം പോലൊന്നു കാണാം. അത് ഒഡീഷയിലെ പ്രശസ്തമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലേതാണ്‌. തലസ്ഥാനമായ ഭുഭനേശ്വരില്‍ നിന്ന് 66 കിമി ദൂരമുണ്ട്, 1984 തൊട്ട് യുണേസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിലേക്ക്.. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശത്തുള്ള ഈ അമ്പലത്തില്‍ നിന്ന്36 കിമി. ദൂരെയാണ്‌ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം.
ഒരു വലിയ രഥത്തിന്റെ ആകൃതിയിലാണ്‌ കലിംഗ തച്ചുശാസ്ത്ര രീതിയില്‍ പണികഴിക്കപ്പെട്ട ഈ ക്ഷേത്ര നിര്‍മിതി. 100 അടി വലിപ്പത്തില്‍ കല്ലുകളില്‍ കൊത്തുപണികളോടെയുള്ള ഒരു വലിയ രഥം – 7 കുതിരകള്‍ വലിക്കുന്ന, അരുണന്‍ തേരാളിയായുള്ള 24 ചക്രങ്ങളോട് കൂടിയ സൂര്യന്റെ രഥം – അങ്ങനെയാണ്‌ ഈ ക്ഷേത്രത്തിന്റെ രൂപകല്‍പന.. ആ രഥത്തിന്റെ ഒരു ചക്രമാണ്‌ നാം നമ്മുടെ10 രൂപ നോട്ടില്‍ കാണുന്നത്. ഈ ചക്രങ്ങളെ ജീവിതം ചക്രം, കര്‍മ ചക്രം, നിയമ ചക്രം എന്നെല്ലാം വിളിക്കാറുണ്ട്. ഇവയിലെ 2 ചക്രങ്ങളുടെ അച്ചു തണ്ടില്‍, സൂര്യോദയം തൊട്ട് അസ്തമയം വരെയുള്ള നേരത്ത് കൈ വിരല്‍ വെച്ചാല്‍, അതിന്റെ നിഴല്‍ വീഴുന്നതു വെച്ച് അപ്പോഴത്തെ സമയം നിര്‍ണയിക്കാനാകുമത്രെ. 9 അടി വ്യാസമുണ്ട് കൊത്തുപണികളോട് കൂടിയുള്ള ഈ ചക്രത്തിന്. വലിയതോതില്‍ നശിപ്പിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തില്‍ ഒരുപാട് പുനരുദ്ധാരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഈ ക്ഷേത്രമുറ്റത്തുള്ള ഒരു “യോദ്ധാവും കുതിരയും” ശില്പമാണ്‌ ഒഡീഷയുടെ സംസ്ഥാന മുദ്രയിലുള്ളത്.
20 രൂപാ നോട്ട്- എല്ലോറ ഗുഹകള്‍
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ്‌ എല്ലോറഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. അതായത് മുംബെ മഹാനഗരത്തില്‍ നിന്നും 300 – 350 കി.മി. യാത്ര ചെയ്യണം ഇവിടെയെത്താന്‍. ഹിന്ദു, ജൈന, ബുദ്ധ അമ്പലങ്ങള്‍, സന്യാസീ മഠങ്ങള്‍, തീര്‍ത്ഥാടകര്‍ക്കുള്ള സത്രം എന്നിവയെല്ലാമുള്ള 34 ഗുഹകളുടെ വലിയൊരു സമുച്ചയമാണ്‌ എല്ലോറ ഗുഹകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍ നിര്‍മിതി ഇവിടത്തെ കൈലാസ ക്ഷേത്രമാണ്‌. ഇന്ദ്രസഭ, ദശാവതര ക്ഷേത്രം, രമേശ്വര ക്ഷേത്രം, വിശ്വകര്‍മ ഗുഹ എന്നിവയാണ്‌ മറ്റു ചില പ്രധാന ക്ഷേത്രങ്ങള്‍.
പച്ചയും മഞ്ഞയും കലര്‍ന്ന, 2019-ഇല്‍ ഇറങ്ങിയ നമ്മുടെ 20 രൂപ നോട്ടിലുള്ളത് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത കൈലാസക്ഷേത്രത്തിന്റെ ഗോപുരം നില്‍ക്കുന്ന ഒരു ഭാഗമാണ്‌. തെക്കേ ഇന്ത്യയിലെ പല്ലവ-ചാലുക്യ കാലഘട്ടത്തിലെ നിര്‍മാണ ശൈലിയുടെ സ്വാധീനമാണ്‌ ഈ ശിവ ക്ഷേത്രത്തിനുള്ളത്.
1983 തൊട്ട് ഈ എല്ലോറ ഗുഹകള്‍ യുണെസ്കോ ലോക പൈതൃക കേന്ദ്രമാണ്‌. ഇവിടെ നിന്നും100 കി.മി. അകലെയാണ്‌ പ്രസിദ്ധമായ അജന്ത ഗുഹകള്‍. സഞ്ചാരികള്‍ അജന്ത-എല്ലോറ ഗുഹകള്‍ ഒരുമിച്ചാണ്‌ അവരുടെ യാത്രയില്‍ ചേര്‍ക്കാറുള്ളത്.
50 രൂപാ നോട്ട്- ഹംപിയിലെ കല്‍രഥം
കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹോസ്പേട്ട് എന്ന താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഹംപി എന്ന ഗ്രാമം പഴയ വിജയനഗര സാമ്രാജ്യത്തിന്റെ സമ്പന്നവും സമൃദ്ധവുമായ തലസ്ഥാനമായിരുന്നു. തലസ്ഥാന നഗരിയായ ബംഗളൂരുവില്‍ നിന്ന് വടക്കേ ദിശയില്‍ 350 കി.മി. അകലെയാണ്‌ ഹംപി സ്ഥിതി ചെയ്യുന്നത്.
1500 സി.ഇ. കാലഘട്ടത്തിലെ പേര്‍ഷ്യന്‍ -യൂറോപ്പ്യന്‍ സഞ്ചാരികളുടെ കഥകളില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ബീജിങ്ങ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പന്ന നഗരം ഇതായിരുന്നത്രെ. ഇന്നു ഈ നഗരത്തില്‍ കൊട്ടാരങ്ങളുടെയും അമ്പലങ്ങളുടെയും ആനകോട്ടയുടെയുമൊക്കെ വലുതും ചെറുതുമായ അവശിഷ്ടങ്ങള്‍ കാണാം. “കല്ലുകള്‍ കൊണ്ട് രചിച്ച കവിത” എന്നാണ്‌ ഹംപി അറിയപ്പെടുന്നത്.
2016-ഇല്‍ ഇറങ്ങിയ നീലനിറത്തിലുള്ള നമ്മുടെ 50 രൂപ നോട്ടിലുള്ളത് ഹംപിയിലെ വിജയവിത്തല അമ്പലസമുച്ചയത്തിലെ കല്ലുകൊണ്ടുള്ള രഥത്തിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ്‌. ഇന്ത്യയിലെ3 പ്രധാന കല്‍രഥങ്ങളിലൊന്നാണിത്. മറ്റു രണ്ടെണ്ണം ഒഡീഷയിലെ കൊണാര്‍ക്കിലും തമിഴ്നാട്ടിലെ മഹാബലിപുരത്തിലുമാണുള്ളത്.
100 രൂപാ നോട്ട്- റാണി കി വാവ്
ഗുജറാത്തിലെ പഠാന്‍ ജില്ലയിലെ റാണി കി വാവ് എന്ന പതിനൊന്നാം നൂറ്റാണ്ട് നിര്‍മിതിയാണ്‌ ലാവെണ്ടര്‍ നിറത്തിലുള്ള 100 രൂപാ നോട്ടിന്റെ പുറകിലിടം പിടിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവായ ഭീം ദേവിന്റെ സ്മരണയ്ക്കായി ഉദയമതി റാണിയുടെ മേല്‍നോട്ടത്തിലാണ്‌ അനേകം പടവുകളോട് കൂടിയ ഈ കിണര്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ സരസ്വതി നദിക്കരയിലെ ഈ കിണര്‍ പിന്നീട് നദീജലത്താല്‍ മൂടപ്പെട്ടു. അതിനു ശേഷം ഭൂമിക്കടിയിലുമായി.
1940-കളിലെ ചില പുരാവസ്തു ഖനങ്ങളിലാണ്‌ ഈ റാണി കി വാവ് വീണ്ടും പുറം ലോകത്തേക്കെത്തിയത്. എണ്പതുകളില്‍ അവയുടെ പുതുക്കിപണിയലുകള്‍ നടത്തിയപ്പോഴാണ്‌ ഈ കിണര്‍ സമുച്ചയത്തിന്റെ ഭംഗിയും കലാപരമായ സവിശേഷതയും ലോകമറിയുന്നത്.
ഏഴു നിലകളിലായാണ്‌ ഈ കിണറിലേക്കുള്ള പടവുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇരുനൂറിലേറെ തൂണുകളാണ്‌ റാണി കി വാവിലുള്ളത്. ശില്‍പ ഭംഗിയും കൊത്തുപണികളും നിറഞ്ഞ ഈ പടവു കിണറിനു 90 അടിയോളം ആഴമുണ്ട്.

തലസ്ഥാനമായ അഹമദാബാദില്‍ നിന്ന് 130 കി.മി അകലെ സ്ഥിതി ചെയ്യുന്ന റാണി കി വാവ് 2014 ഇലാണ്‌ യുണെസ്കൊ പൈതൃക കേന്ദ്ര പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടത്.

200 രൂപ നോട്ട്- സാന്‍ചി സ്തൂപ

മദ്ധ്യപ്രദേശിലെ റായ്സെന്‍ ജില്ലയിലെ സാന്‍ചിയിലാണ്‌, ഓറഞ്ച് നിറമുള്ള 200 രൂപാ നോട്ടിനു പുറകിലിടം പിടിച്ചിരിക്കുന്ന, സാന്‍ചി സ്തൂപം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് വെറും 60 കി.മി അകലെയാണ്‌ ഈ പുരാതന ബുദ്ധമത കേന്ദ്രം.
മൌര്യ രാജവംശത്തിലെ മഹാനായ അശോക ചക്രവര്‍ത്തി ഇന്നത്തെ ഒഡീഷയായ പഴയ കലിംഗയെ യുദ്ധത്തിലൂടെ കീഴടക്കുകയും, യുദ്ധാനന്തരം മരണങ്ങളും വേദനകളും കണ്ട്, മാനസാന്തരപ്പെട്ട് 263 ബി.സി.യില്‍ അഹിംസയെ പുല്‍കി ബുദ്ധമതാനുയായി ആയി മാറി. ശ്രീബുദ്ധന്റെ സ്മാരക ചിഹ്നങ്ങളും തിരുശേഷിപ്പുകളും സൂക്ഷിക്കാനായി അശോക ചക്രവര്‍ത്തിയുടെ ആവശ്യപ്രകാരം നിര്‍മിച്ചതാണ്‌ ഈ സാന്‍ചിയിലെ ഈ പ്രധാന സ്തൂപം. പിന്നീട് ഗുപ്ത രാജവംശത്തിന്റെ കാലഘട്ടത്തിലും അനേകം സ്തൂപങ്ങള്‍ സാന്‍ചിയിലും ചുറ്റുവട്ടത്തുമായി പലപ്പോഴായി നിര്‍മിച്ചിട്ടുണ്ട്.
സാര്‍നാഥിലെ 4 സിംഹങ്ങളുള്ള അശോക സ്തംഭത്തിനു സമാനമായ ഒരു സ്തംഭം സാന്‍ചിയിലും ഉണ്ട്. 1989-ഇലാണ്‌ സാന്‍ചി സ്തൂപം യുണേസ്കോ ലോകപൈതൃക കേന്ദ്ര പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത്.
500 രൂപ നോട്ട്- റെഡ് ഫോര്‍ട്ട്
ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡെല്‍ഹിയിലെ പ്രസിദ്ധമായ റെഡ് ഫോര്‍ട്ടിന്റെ ചിത്രമാണ്‌ 2016-ഇല്‍ ഇറങ്ങിയ 500 രൂപാ നോട്ടിനു പുറകിലുള്ളത്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതും പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതും ഇവിടെ വെച്ചാണ്‌.
1639-ഇല്‍ മുഗള്‍ രാജാവായ ഷാജഹാന്റെ കാലഘട്ടത്തിലാണ്‌ ലാല്‍ ഖില എന്നറിയപ്പെടുന്ന ഈ ചുവന്ന കോട്ട നിര്‍മിക്കുന്നത്. നിരവധി മുഗള്‍ രാജാക്കന്മാരുടെ ഔദ്യോഗിക വസതി ആയിരുന്ന ഈ കോട്ട 1857-ഇലെ കലാപത്തിനു ശേഷം ബ്രിട്ടീഷ് അധികാരത്തിലായി. ബ്രിട്ടീഷധികാര കാലഘട്ടത്തില്‍ ചുവന്ന കോട്ടയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടതായി രേഖകള്‍ പറയുന്നു.

2007 തൊട്ട് ഈ കോട്ടയും അതിനു ചുറ്റുമുള്ള സ്ഥലവും യുണെസ്കോ പൈതൃക കേന്ദ്ര പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. പ്രധാന കവാടമായ ലഹോറി ഗേറ്റ്, ചട്ട ഛൌക്ക് എന്ന പഴയ കമ്പോളം, ഡെല്ഹി ഗേറ്റ്, മ്യൂസിയം സ്ഥിതി ചെയ്യുന്ന മുംതാസ് മഹല്‍ എന്നിവയെല്ലാം ഇവിടത്തെ നിര്‍മിതികളാണ്‌..

അപ്പൊ 2000 രൂപ നോട്ടോ?

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഉപഗ്രഹ ചിത്രമാണ്‌ 2000 രൂപ നോട്ടിനു പുറകില്‍ ഇടം പിടിച്ചിട്ടുള്ളത്.
– വര്‍ഷ വിശ്വനാഥ്
ഈ ആറു മനോഹര നിര്‍മിതികളില്‍ എത്രയെണ്ണം നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്…?
#hampi #sanchistupa #konark #redfort #ranikivav #elloracaves

No Comments

    Leave a Reply