Menu
Varshas Writeups

ഒരു ലോക്ക് ഡൌണ്‍ യാത്ര

യാത്രയാണ്‌.. പക്ഷെ ഒരു വ്യത്യസ്തമായ യാത്ര ….
ബെഡ്റൂമില്‍ നിന്ന് ഹാളിലേക്ക്.. പിന്നെ കിച്ചണിലേക്ക് ബാല്‍ക്കണിയിലേക്ക്…
———————————————————————–

ഓരോ 6 മാസവും മുന്‍കൂട്ടി കണ്ട് ചെറിയ ചെറിയ പ്ലാനിങ്ങുകള്‍  ചെയ്യുന്ന ആളായിരുന്നു ഞാന്‍. ദുബായിലെ ജോലിതിരക്കിനും കുടുംബകാര്യങ്ങള്‍ക്കുമിടയില്‍ ചിലപ്പോഴെല്ലാം കൃത്യമായ ആസൂത്രണത്തോടെ ലീവുകളും പൊതു അവധികളും ഉപയോഗിച്ച് കീശയിലൊതുങ്ങുന്ന യാത്രകളും ട്രെക്കിങ്ങുമാണ്‌ എന്റെ പ്ലാനിങ്ങിലെ പ്രധാന ഐറ്റം.

വാരാന്ത്യങ്ങള്‍ എന്നും വീട്ടുകാരോടൊപ്പമാണ്‌ ചിലവിടാറുള്ളത്. അമ്മയും അച്ഛനും, ഏട്ടനും കുടുംബവും, പിന്നെ എന്റെ കുടുംബവും, കുടുംബമായി കാണുന്ന സൌഹൃദങ്ങളും ചേരുമ്പോള്‍ വാരാന്ത്യങ്ങള്‍ തികച്ചും സ്പെഷ്യലായി മാറാറുണ്ട്. വെള്ളിയാഴ്ച്ചകളില്‍ വീട്ടുകാരോടൊപ്പം ഒരു മാളോ പാര്‍ക്കോ സന്ദര്‍ശനം നിര്‍ബന്ധമാണ്‌ .. ഉച്ചയ്ക്കും രാത്രിയും എല്ലാരും കൂടെ ഒരുമിച്ച് ഭക്ഷണവും കഴിക്കും. ഒരു നേരം പുറത്ത് പോയിട്ടും. ചില വാരാന്ത്യങ്ങള്‍ യുഎഇയിലെ വാദികള്‍ കാണാനായി മാറ്റി വെക്കും. അറബി നാടുകളുടെ സൌന്ദര്യം തന്നെ മണലും മരുഭൂമിയും വാദികളുമാണല്ലോ..

ശനിയാഴ്ച്ചകള്‍ ആണെങ്കിലോ  കുടുംബത്തോടോപ്പമുള്ള സമയത്തിനു പുറമെ പെയിന്റിങ്ങ് പഠനം, സിനിമ കാണല്‍, ജിം, എഴുത്ത്, വായന, സര്‍ട്ടിഫിക്കേഷന്‍ പഠനവും പരീക്ഷകളും, ഗ്രോസറി വാങ്ങല്‍, വണ്ടിയിലൊരു റൈഡ് അങ്ങനെ എഴുതിവെച്ച പോലെ പരിപാടികള്‍ അനവധിയുണ്ട്. ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ കുത്തി സോഷ്യല്‍ മീഡിയയിലൊരു എത്തിനോട്ടവും.. കൂടെ സന്തോഷങ്ങളും സങ്കടങ്ങളും ചിരികളും കരച്ചിലുകളും.. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ഇങ്ങനെ തന്നെയാണ്‌.

ജോലി ദിവസങ്ങളില്‍ പകല്‍ സമയം ജോലിയും സൌഹൃദങ്ങളും മീറ്റിങ്ങുകളും ഒക്കെയാണ്‌. അനവധി മുഖങ്ങള്‍ കടന്നു പോകും മുന്നിലൂടെ.. വൈകുന്നേരം ട്രാഫ്ഫിക്കിലൂടെയുള്ള യാത്ര, പിന്നെ വീട്ടില്‍ കുടുംബത്തോടൊപ്പമുള്ള സമയം, വീട്ടിലെ പണികള്‍.. തിരക്കാണ്‌. പക്ഷെ രസകരമായ മുഷിപ്പിലാത്ത തിരക്ക്. അതിനിടയില്‍ പനിയോ മറ്റോ വന്നാല്‍ രണ്ടോ മൂന്നോ ദിവസം എങ്ങും പോകാതെ വീട്ടിലിരിക്കേണ്ടി വരുമ്പോള്‍ അതും സന്തോഷമാണ്‌. പക്ഷെ നാലാം ദിവസം പുറത്തേക്ക് പോകാന്‍ തോന്നും. ഒറ്റക്കോ കുടുംബത്തോടൊപ്പമോ.. ഇതായിരുന്നു ഫെബ്രുവരി വരെ എന്റെ ജീവിതം.

ഇത്രയും കാര്യങ്ങള്‍ക്കിടയിലും സ്ട്രെസ്സോ ടെന്‍ഷനോ അനുഭവപ്പെടാത്തതിനു കാരണം ഇടക്കിടെ നടത്തുന്ന യാത്രകളാണ്. . യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോളുള്ള ഏറ്റവും വലിയ സന്തോഷമിതാണ്. തുടര്‍ന്നും ജോലിയിലേക്കും മറ്റു തിരക്കുകളിലേക്കും  കൂടുതല്‍ ഊര്‍ജ്ജത്തോടെ ചിരിയോടെ കേറാനുള്ള മരുന്ന്.. അതാണെനിക്ക് യാത്രകള്‍ !

കഴിഞ്ഞ 6 മാസം കൂടുതല്‍ യാത്രകള്‍ ഇന്ത്യയില്‍ ചെയ്യണമെന്നായിരുന്നു എന്റെ മനസ്സില്‍.. നവംബര്‍തൊട്ട് ഏപ്രില്‍ വരെ ഏതൊക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിപ്പെടണം, ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കണമെന്നൊക്കെ ഒരു ചെറിയ രൂപമുണ്ടായിരുന്നു.

അങ്ങനെ നവംബറില്‍ തമിഴ്‌നാട്ടിലെ തേനി-ഗുഡല്ലൂര്‍ റോഡിലെ മുന്തിരിത്തോട്ടങ്ങളും കര്‍ണാടകത്തിലെ ഹംപിയും പിന്നെ വെസ്റ്റ് ബെംഗാളിലെ കൊല്‍ക്കത്തയും അത് കഴിഞ്ഞ് അസാമും മേഘാലയവും ഒന്നു കറങ്ങി. ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ് ട്രെക്കിങ്ങും ചെയ്തു.. 15 ദിവസം. അതിനു ശേഷം ഡിസംബര്‍ മാസം ദുബായില്‍ പൊതു അവധിയായിരുന്ന ആഴ്ച്ച നാഗലാന്‍ഡിലെ ഹോണ്‍ബില്‍ ഉത്സവം പങ്കെടുക്കാന്‍ ഒരിക്കല്‍കൂടി പോയി. സൂക്കോവാലിയിലേക്കൊരു ട്രെക്കിങ്ങും ചെയ്തു. പുതിയ സൌഹൃദങ്ങളുണ്ടാക്കി.

2020-ഇലേക്ക് കാലു വെക്കുമ്പോള്‍ ലീവ്‌ ബാലന്‍സില്‍ കൂടുതല്‍ ദിനങ്ങള്‍ ചേര്‍ക്കപ്പെട്ടതോടെ പുതു വര്‍ഷത്തിലെ ആദ്യ യാത്ര ഗുജറാത്തിലെ കച്ചിലെ വെളുത്ത ഉപ്പ് മരുഭൂമി കാണാനും ഗുജറാത്ത് ടൂറിസം നടത്തുന്ന റണ്ണുത്സവം കൂടാനും തീരുമാനിച്ചു. അതും ഫെബ്രുവരിയിലെ പൌര്‍ണമി ദിവസം.. ആ കാഴ്ച്ച മനോഹരമാണ്‌ – താഴെ വെളുത്ത ഉപ്പു നിലം, മുകളില്‍ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രന്‍, ചുറ്റും നിലാവ്. ഒരിക്കലെങ്കിലും ജീവിതത്തില്‍ കാണേണ്ട കാഴ്ച്ചയാണത്.  പിന്നെ യാത്രയിലൊരു പിറന്നാളാഘോഷവും.. അന്നു കൊറോണാ വൈറസ് ഇന്ത്യയെ ഇത്ര ഗ്രഹിച്ചിരുന്നില്ല. ഗുജറാത്തില്‍ മാസ്ക് ധാരികള്‍ അശേഷമില്ലായിരുന്നു. ആ ഒമ്പത് ദിവസങ്ങള്‍ ശരിക്കും ആഘോഷിച്ചു. കേരളം എന്ന സംസ്ഥാനത്തിന്റെ അത്ര വിസ്താരമുണ്ട് ഗുജറാതിലെ കച്ച് ജില്ലയ്ക്ക്. ആ കച്ചിലൂടെ അവരുടെ സംസ്ക്കാരങ്ങളിലൂടെ, ഗ്രാമങ്ങളിലൂടെ, കൈത്തറികളിലൂടെ, ഉപ്പു നിലങ്ങളിലൂടെ, കലകളിലൂടെ, സ്വാദിഷ്ഠമായ ഭക്ഷണങ്ങളിലൂടെ, 2001-ലെ ഗുജറാത് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമായ  ഭുജിലൂടെ ഒക്കെ യാത്ര ചെയ്തു.

തിരിച്ച് ദുബായിലേക്ക് വരുമ്പോള്‍ ഹോളി ആഘോഷിക്കാന്‍ മാര്‍ച്ച് മാസം വൃന്ദാവനില്‍ പോകണോ അതോ ഏപ്രിലില്‍ പഞ്ചാബിലെ ബൈശാഖി കൂടാന്‍ പോകണമോ എന്നായിരുന്നു ചിന്തിക്കുന്നുണ്ടായിരുന്നത്. ഇതില്‍ ഏതുത്സവ സമയത്താണ്‌ ഓഫീസില്‍ കുറഞ്ഞ അവധിയെടുക്കേണ്ടി വരിക എന്ന് നോക്കി തീരുമാനമെടുക്കാമെന്ന് കുറിച്ചു.  മെയ്‌മാസത്തിലെ ഈദ് അവധിക്ക് ഭൂട്ടാന്‍ യാത്ര നേര്‍ത്തേ കൂട്ടി പ്ലാനില്‍ ഇടം പിടിച്ചിരുന്നു. ഈ വര്‍ഷത്തെ ബാക്കി പ്ലാനിങ്ങ് പിന്നേയ്ക്ക് ചെയ്യാനായി മാറ്റി വെച്ച് തിരിച്ച് വന്ന ഞാന്‍ പിന്നെ ഓരോ ദിവസവും മാറി മറിയുന്നതായാണ്‌ കണ്ടത്. ചൈനയില്‍ മാത്രം പരന്ന കൊറോണ വൈറസ് ലോകത്തില്‍ പലയിടത്തായി പകരുന്നതായി കണ്ടു. അങ്ങു ദൂരെ തായ്‌ലാന്‍ഡിലും സിങ്കപൂരിലും സൌത്ത് കൊറിയയിലും കോറോണയുണ്ടത്രെ. പിന്നെ എല്ലാം പെട്ടെന്നു പെട്ടെന്നായിരുന്നു. ഇറ്റലിയിലെയും മറ്റും വൈറസ് കഥകള്‍ പേടിപ്പിക്കുന്നതായി. മാര്‍ച്ച് മാസം തുടക്കം തൊട്ട് ടിവിയിലെ സ്ക്രോള്‍ ബാറുകള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകളായി മാറി.

വെക്കേഷന്‍ ആസ്വദിക്കാന്‍ പോയ ഏട്ടനും കുടുംബവും ഫ്ലൈറ്റുകള്‍ നിര്‍ത്തുമെന്ന സൂചന കിട്ടിയതോടെ ലീവു വെട്ടിചുരുക്കി എന്റെ മകനെയും കൂട്ടി പാലക്കാട്ടു നിന്നു മാര്‍ച്ച് രണ്ടാം വാരം തന്നെ ദുബായിലേക്ക് തിരിച്ചെത്തി. ഇന്ത്യ ലോക്ക്ഡൌണിലേക്ക് നീങ്ങിയതോടെ അച്ഛനും അമ്മയും പാലക്കാട്ടെ വീട്ടില്‍ തന്നെ പെട്ടും പോയി. അവര്‍ക്കിനി എന്ന് തിരിച്ച് ദുബായിലേക്ക് എത്താനാകുമെന്നു പോലും അറിയില്ല.

കഴിഞ്ഞ 4 ആഴ്ചകളായി ഞാനും കുടുംബവും വീടിന്നകത്തു തന്നെയാണ്. ഒരു ദിവസം ഓഫീസിലേക്കും പിന്നെ അവശ്യ സാധനങ്ങള്‍ക്കായി 2 തവണ വേറെയും പുറത്ത് പോയതൊഴിച്ചാല്‍ ജീവിതം വീടിന്നകത്തു തന്നെ. തൊട്ടടുത്ത ഫ്ലാറ്റില്‍ ഏട്ടനും കുടുംബവും ഉള്ളതു കൊണ്ട് അവരെ കൂടി ദിവസവും കാണാമെന്ന ഭാഗ്യമുണ്ട്.

ഒരു വ്യത്യസ്തമായ യാത്ര. അതാണെനിക്കിത്…

ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ലൂ, കോളെറ എന്നിവ പടര്‍ന്നത് കഥ മാത്രമാണ്‌ നമ്മളില്‍ പലര്‍ക്കും. എന്റെ ഓര്‍മയിലെ ആദ്യ പകര്‍ച്ചവ്യാധി സൂറത്തിലെ പ്ലേഗ് ആണ്. പ്ലേഗ് മാറി സൂറത്ത് “ഖൂബ്‌സൂറത്ത്” ആയ ഒരു ഡോക്കുമെന്ററി ദൂരദര്‍ശനില്‍ കണ്ടതോര്‍മയുണ്ട്. പിന്നെ ഓര്‍മയില്‍ വരുന്നത് സാര്‍സ് ആണ്. അതിനു ശേഷം നാട്ടിലെ ചില പനികളും – ചികുന്‍ ഗുനിയയും ഡെങ്കുവും ഒക്കെ വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും സാധാരണ ജീവിതത്തെ ബാധിച്ചിരുന്നില്ല.. പിന്നീട് വന്ന എബോളയും സ്വൈന്‍ ഫ്ലൂവുമൊക്കെ “എവിടെയൊക്കെയോ നടക്കുന്നത്” മാത്രമായിരുന്നു. പക്ഷെ ഇന്നതല്ല കഥ. ലോകത്തിലെ ഒട്ടുമിക്ക .. അല്ല.. എല്ലാ രാജ്യങ്ങളിലും കോവിഡ്-19 തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു.. എന്നു മാത്രമല്ല, അത് നമ്മളുടെ സാധാരണ ജീവിതത്തെ ബാധിച്ചിരിക്കുന്നു.

കൊറോണയ്ക്കും മുമ്പൊരു ജീവിതമുണ്ടായിരുന്നു നമ്മള്‍ക്ക്. ഇപ്പൊ കൊറോണാ കാലഘട്ടമാണ്‌  – ഞാനും കുടുംബവും, അതേ പോലെ അനേകം കുടുംബങ്ങളും തന്നെയിരിക്കുന്ന ഒരു കാലം. ഇതാണ്‌ കൊറോണ പടരാതിരിക്കാന്‍ നമ്മള്‍ സാധാരണ ജനങ്ങളാല്‍ ചെയ്യാവുന്ന വലിയൊരു കാര്യം..  ഇനി “കൊറോണയ്ക്ക് ശേഷം” എന്നു പറയാവുന്ന ഒരു കാലഘട്ടം പ്രത്യാശയോടെ നമുക്കു മുന്നിലുണ്ട്.

കൊറോണയ്ക്ക് മുമ്പ് ഈ ദുബായ് നഗരത്തിലെ എന്റെ ഒരു ജോലി ദിവസം തുടങ്ങുന്നത് അതിരാവിലെ 6-നു അഞ്ചു വയസ്സുകാരന്‍ അച്ചൂട്ടനെ എഴുന്നേല്‍പ്പിച്ച് പുറപ്പെടുവിച്ച് 7 മണിക്ക് ബസ് കേറ്റി സ്കൂളിലേക്കയച്ചാണ്. പിന്നെ അതിനു ശേഷം തിടുക്കത്തോടെ പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി ഒരു കാപ്പി കപ്പുമായി 8 മണിക്ക് വണ്ടിയോടിച്ച് ഓഫീസിലേക്ക്. എന്നാല്‍ ഇന്നു പഴയ പോലെ അല്ല. ലോക്ക് ഡൌണ്‍ ആണ്. ദിനചര്യയില്‍ ചെറിയ മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. രാവിലെ ഏഴിനു മോനെ എഴുന്നേല്‍പ്പിച്ച് അവന്റെ “ഇ-ലേണിങ്ങ്” ക്ലാസ്സിന്നായി ലാപ്ടൊപ്പെല്ലാം തയ്യാറാക്കി വെച്ച്  അര മണിക്കൂര്‍ അവന്റെ കൂടെ ചിലവിട്ടാണ്‌ ദിവസം തുടങ്ങുന്നത്. ആ അര മണിക്കൂറിനു ശേഷം അവനു കുറച്ച് ഹോം വര്‍ക്കുകള്‍ കൊടുത്ത് 9 നു മുന്നെ എന്റെ ജോലി തുടങ്ങുന്നു – ബെഡ്റൂമിലെ ഓഫീസ് സെറ്റപ്പില്‍. മീറ്റിങ്ങുകള്‍ എല്ലാം ഓണ്‍ലൈനായി മാറി – കാമറയിലൂടെ കണ്ട്..സംസാരിച്ച്.. മുഖങ്ങള്‍ മാത്രമായി അവരെല്ലാം. എന്നാല്‍ ദിവസവും കണ്ടു കൊണ്ടിരുന്ന പല മുഖങ്ങളും ഇന്നു കാണാനാകുന്നില്ല. റിസപ്ഷനിസ്റ്റും സെക്യൂരിറ്റിയും പാന്‍ട്രി ജോലിക്കാരും ഉച്ച ഭക്ഷണ സുഹൃത്തുക്കളും  മറ്റു പ്രൊജെക്ടുകളിലും ഡിപ്പാര്‍റ്റ്മെന്റുകളിലും എല്ലാമുള്ളവരാണവര്‍..

വൈകുന്നേരങ്ങള്‍ ഇപ്പൊ കൂടുതല്‍ ദൈര്‍ഘ്യമുള്ളവയാണ്.. ജിമ്മില്ല. വൈകുന്നേരത്തെ നടത്തമില്ല. എങ്കിലും ശാരീരിക ആരോഗ്യം നോക്കേണ്ടതു കൊണ്ട്  ദിവസവും വീട്ടിന്നകത്ത് നടന്ന് എത്ര സ്റ്റെപ്പുകളായി എന്ന് മൊബൈലിലെ ആപ്പു വഴി ശ്രദ്ധിച്ച് പോരുന്നു. ചിലപ്പൊ ടിവിയില്‍ ഒരു സിനിമ വെച്ചു അതിനു മുന്നില്‍ നിന്ന് എക്സര്‍സൈസ് ചെയ്യുന്നു. ബോറടിക്കാതിരിക്കാന്‍. പിന്നെ ഫ്ലാറ്റിലെ 12 നില കോണി രണ്ടോ മൂന്നോ തവണ കേറിയിറങ്ങി വിയര്‍ക്കുന്നെന്ന് ഉറപ്പു വരുത്തുന്നു.

സന്ധ്യക്ക് ശേഷം പാചകവും കളികളുമാണ്. പണ്ട് കളിച്ചിരുന്ന അനേകം കളികള്‍ പൊടി തട്ടി പുറത്തെടുത്തിട്ടുണ്ട്. കാരംസ്, ലൂഡൊ, പാമ്പും കോണീം, ചീട്ടുകളി എന്നിവയൊക്കെ. സകുടുംബമാണ് കളികള്‍. ഇത് കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ സഹായകമായിട്ടുണ്ട്.

വാരാന്ത്യങ്ങള്‍ അന്നെല്ലാം ക്ലോക്കിലെ മിനിറ്റ് സൂചി പോലെയായിരുന്നെങ്കില്‍ ഇന്നത് മണിക്കൂര്‍ സൂചി പോലെയാണ്. ഒന്നു കറങ്ങിയെത്താന്‍ സമയമേറെ എടുക്കുന്നു. എങ്ങും പോകാന്‍ പറ്റുന്നില്ല എന്നത് കൊണ്ട് വിഷമമോ ഡിപ്രഷനോ നമ്മളെ ഗ്രസിക്കാന്‍ അനുവദിച്ചുകൂടാ. ആരോഗ്യമായ ശരീരം മാത്രമല്ല ആരോഗ്യമുള്ള മനസ്സും വേണം നമുക്കും നമ്മുടെ കുടൂംബത്തിനും.

ഞങ്ങളുടെ വീട്ടിലെ കുട്ടികള്‍ക്ക് ഇപ്പൊ അവരുടെ കൂട്ടുകാരോടൊപ്പം പുറത്ത് കളിക്കാന്‍ പോകാനാകുന്നില്ല. ഏട്ടന്റെ 2 കുട്ടികള്‍ക്കും എന്റെ മകനും പതിവു സൈക്കിളോട്ടവും ഓടിക്കളികളുമില്ല. അതു കൊണ്ട് തന്നെ ഓരോ വെള്ളിയാഴ്ച്ച രാത്രിയും അവര്‍ക്ക് വേണ്ടി ഓരോ പുതിയ അനുഭവമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട് നമ്മള്‍. ഒരു വെള്ളിയാഴ്ച്ച കുട്ടികള്‍ക്കുള്ള മൂവീ നൈറ്റ് ആയിരുന്നു വീട്ടില്‍. അവര്‍ക്കിഷ്ടമുള്ള ഒരു സിനിമ വെച്ച്, പോപ് കോണ്‍ ഒക്കെ വാങ്ങി അവര്‍ക്കൊപ്പം ഒരു മൂവീ നൈറ്റ്. മറ്റൊരു വെള്ളിയാഴ്ച്ച കാമ്പിങ്ങിനു ഞാന്‍ ഉപയോഗിക്കുന്ന ടെന്റെടുത്ത് വീട്ടില്‍ ഒരു കാമ്പിങ്ങ് സൈറ്റുണ്ടാക്കി “കാമ്പിങ് നൈറ്റ്” ആഘോഷിച്ചു. അവര്‍ ടെന്റിലാണുറങ്ങിയത് അന്ന്‌ രാത്രി. കോവിഡ് രോഗം പകരുന്നതിനെക്കുറിച്ചും നാം അതിനായി എന്തു ചെയ്യണമെന്നു പറഞ്ഞു കൊടുത്തും വീട്ടുപണികളില്‍ അവരെയും കൂടി പങ്കെടുപ്പിച്ചുകൊണ്ടും കുട്ടിക്കളികളില്‍ ചേര്‍ന്ന്‌ ഈ ലോക്ക് ഡൌണ്‍ അവരുടെ കുഞ്ഞി മനസ്സുകളെ ബാധിക്കാതെ നോക്കുന്നു.

ചെയ്യാനായി ബാക്കി വെച്ച ഒരുപാട് പണികളുണ്ടായിരുന്നു വീട്ടില്‍. അതെല്ലാം ഓരോ വാരാന്ത്യത്തിലേക്ക് മാറ്റി വെച്ച് ഒന്നൊന്നായി ചെയ്തു തീര്‍ക്കുന്നുമുണ്ട് ഞങ്ങള്‍. സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രത്യേകിച്ച് ഒറ്റക്ക് താമസിക്കുന്നവരെ ഫോണിലൂടെ വിളിച്ച് അന്വേഷിക്കാനും മറക്കുന്നില്ല. അന്യോന്യം  കരുത്ത് പകരേണ്ട സമയമാണല്ലോ ഈ കാലഘട്ടം.. ആഴ്ച്ചയിലൊരു ദിവസം കാര്‍ സ്റ്റാര്‍ട്ട് ആക്കി പാര്‍ക്കിങ്ങില്‍ ഒന്നു മുന്നോട്ടും ഒന്നു പിന്നോട്ടുമെടുത്ത് വെക്കുന്നുണ്ട്.. വീട്ടിലെ പൊടി തട്ടല്‍ ഒരു പുതിയ വിനോദമായി മാറിയിട്ടുണ്ട്. പിന്നെ  വായനയ്ക്കായി പുസ്തകങ്ങളും വരയ്ക്കാനായി  കാന്‍വാസും പെയിന്റും ബ്രഷുമെല്ലാം വീണ്ടും പുറത്തേക്കെടുത്തിട്ടുണ്ട്.. പണ്ട് ചെയ്ത യാത്രകളുടെ ഫോട്ടോകളില്‍ ചിലത് ഇന്നും കാമറയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ശാപമോക്ഷം കിട്ടതെ ഇരിപ്പുണ്ടായിരുന്നു. അവയ്ക്കെല്ലാം പുതിയ വീടും ഭംഗിയും നല്‍കി അനുഗ്രഹിച്ചു വിട്ടു.  ഇനി കുറെയേറെ എഴുതാനുണ്ട്. അതിനും സമയം കണ്ടെത്തണം.  ഈ ദിവസങ്ങള്‍ എത്ര കാലത്തേക്കെന്നറിയില്ല. എങ്കിലും ഇങ്ങനെ പോകുന്നെങ്കില്‍ അഭിരുചിയ്ക്കനുസരിച്ചുള്ള വല്ല ഓണ്‍ലൈന്‍ കോഴ്സും പഠിക്കാനുണ്ടോ എന്നും കൂടി നോക്കണം.

ശാരീരിക അകലമാണ് നാം പാലിക്കേണ്ടത്. മാനസിക അകലമല്ല.
ലോക്ക് ഡൌണ്‍ എന്നത് നമ്മുടെ സഞ്ചാരത്തില്‍ മാത്രമാണ്. മനസ്സിന്റെ ലോക്ക് ഡൌണ്‍ അല്ല. ഇത്രയും സ്വയം പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.

ഒന്നു ചെയ്യാനില്ലെന്ന് വിചാരിക്കാതെ മടി കളഞ്ഞു ചുറ്റും വീക്ഷിച്ചാല്‍ വീട്ടിന്നകത്ത് തന്നെയുണ്ട് നമുക്കേറെ കാര്യങ്ങള്‍ ചെയ്യാന്‍.. കോവിഡ്-19 ഇന്റെ ഭീതി ഈ ലോകത്തില്‍ നിന്നകലുന്ന ആ ഭാവിയില്‍ നമുക്ക് പോസിറ്റീവായ ഒരു ലോക്ക് ഡൌണിനെ കുറിച്ച് പറയാനാകട്ടെ. പിന്നെ അത്തരമൊരു കാലഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും നമുക്ക് ഈ വീട്ടിലിരിപ്പുകാലം ഉപയോഗിക്കാം. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിച്ച് ഈ കാലഘട്ടം നമുക്ക് ഒരു ചിരിയോടെ മറി കടക്കാം.
ആശംസകള്‍.

– വര്‍ഷ വിശ്വനാഥ്

No Comments

    Leave a Reply