Menu
Varshas Writeups

എന്താണ്‌ ഫെമിനിസം?

എന്താണ്‌ ഫെമിനിസം?

ഫെമിനിസത്തെക്കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും വരുമ്പോള്‍ ഒരുപാട് നല്ല ധാരണകളും തെറ്റിദ്ധാരണകളും അറിവില്ലായ്മയും ഒക്കെ വിഷയങ്ങളായി ഭവിക്കാറുണ്ട്. അപ്പൊ ഞാന്‍ വായിച്ച് മനസ്സിലാക്കിയ, കണ്ടറിഞ്ഞ ഫെമിനിസത്തെക്കുറിച്ചൊന്നു കുറിക്കാമെന്ന് വെച്ചു.

എന്താണ്‌ ഫെമിനിസം?

ലിംഗഭേദമന്യേ രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, വ്യക്തിപരമായും, സാമൂഹികമായുമെല്ലാം എല്ലാവര്‍ക്കും തുല്യത വേണമെന്ന് പറയുന്നതാണ്‌ ഫെമിനിസം.

ഫെമിനിസത്തിന്റെ ആദ്യ അലയടി ശബ്ദം

ഇലക്ഷനു വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് സമ്മതമില്ലാതിരുന്ന കാലം ഉണ്ടായിരുന്നു – ഇത് തുല്യത കുറവാണ്‌ എന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ഫെമിനിസം എന്ന പ്രസ്ഥാനം തുടങ്ങിയത്.  കാലഘട്ടം: 1870-1880 വിവേകത്തോടെ ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവാണ്‌ ഇതിന്റെ തുടക്കം.  ഫെമിനിസത്തിന്റെ ആദ്യ അലയടി ശബ്ദമെന്നതിനെ വിളിക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഈ ആദ്യ അലയടികള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ പല രാജ്യങ്ങളിലായി സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വേറെയും മാറ്റങ്ങളുണ്ടായി. ജപ്പാനിലും പെറുവിലും ജര്‍മനിയിലും യൂണിവേഴ്സിറ്റികള്‍ സ്ത്രീകള്‍ക്കു വേണ്ടിയും തുറന്നു കൊടുത്തു. തങ്ങളുടെ കുട്ടികളുടെ നിയമപരമായ രക്ഷകര്‍ത്താവാകാന്‍  സ്ത്രീകളെ അനുവദിച്ചു ഫ്രാന്‍സില്‍. ബെല്‍ഗിയത്തില്‍ കോടതികളില്‍ സാക്ഷി പറയാന്‍  സ്ത്രീകളെയും അനുവദിച്ചു കൊണ്ടുള്ള നിയമം വന്നു. 19ഇ5 -ഇല്‍ അമേരിക്കയില്‍ “അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷനില്‍” സ്ത്രീകള്‍ക്കും അംഗത്വം കൊടുത്തു തുടങ്ങി. ഇറ്റലിയില്‍ സ്വന്തമായി സമ്പാദിക്കാനും സ്വന്തം പേരില്‍ സ്വത്തു സ്വന്തമാക്കാനും സ്ത്രീകള്‍ക്കും അവകാശം ലഭിച്ചു. 1928 -ഇലാണ്‌ ബ്രിട്ടനില്‍ സ്ത്രീകള്‍ക്ക് ആണുങ്ങളുടേതിനു തുല്യമായ വോട്ടവകാശം ലഭിച്ചത് എന്നു പറയുമ്പോള്‍ നമുക്ക് മനസ്സിലാക്കാം ജീവിതം അത്ര എളുപ്പമായിരുന്നില്ല സ്ത്രീകള്‍ക്ക് എന്ന്.  എന്നു മാത്രമല്ല, 2000-ത്തിനു ശേഷവും വോട്ടവകാശം സ്ത്രീകള്‍ക്ക് കൊടുത്ത രാജ്യങ്ങളുണ്ട്. ഓര്‍ക്കുക – ഈ പറയുന്നത് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചാണ്‌.

ഫെമിനിസത്തിന്റെ രണ്ടാം ഘട്ടം

ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകളിലാണ്‌  ഫെമിനിസത്തിന്റെ രണ്ടാം അലയടി എന്നു വിശേഷിപ്പിക്കുന്ന ഘട്ടം  തുടങ്ങുന്നത്. ഫ്രാന്‍സില്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ 1965 വരെ. അതിനെതിരെ പ്രതികരിച്ച് ഫെമിനിസം ഒരു പ്രസ്ഥാനമായി വളര്‍ന്നു. അത് പാശ്ചാത്യലോകത്തെ പലയിടത്തുമായി പടര്‍ന്നു. സ്ത്രീകളുടെ ശബ്ദം അപ്പോഴേക്കും ചിലയിടങ്ങളില്‍ കേട്ടു തുടങ്ങിയിരുന്നു.

സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ സമ്മതമില്ലാതിരുന്ന രാജ്യങ്ങള്‍, ചില കോഴ്സുകള്‍ എടുക്കാന്‍ അനുവാദമില്ലാതിരുന്നത്, ചിലപ്പോഴെല്ലാം പഠിക്കാനേ അനുവാദമില്ലാതിരുന്നത്, ജോലി ചെയ്യാന്‍ കഴിയാതിരുന്നത്, സര്‍ക്കാറിന്റെ ഭാഗമാകാന്‍ അനുവാദമില്ലാതിരുന്നത്, ഒരേ ജോലിക്ക് രണ്ട് ശമ്പളം – സ്ത്രീക്കും പുരുഷനും എന്ന പ്രശ്നം,  പ്രസവാവധിയുടെ  ആവശ്യകത, വീട്ടിനുള്ളിലെ പീഡനം, സ്വത്ത് സമ്പാദിക്കാനോ കൈ വെക്കാനോ അനുവാദമില്ലാത്തത്,  ഗര്‍ഭനിരോധന ഉപാധികള്‍ വാങ്ങാനോ ഉപയോഗിക്കാനോ പറ്റാതിരുന്നത് – ഇതെല്ലാം പല രാജ്യങ്ങളില്‍ പല സമുദായങ്ങളില്‍ ഫെമിനിസത്തിന്റെ ശബ്ദം കേട്ട മേഖലകളായിരുന്നു. ഇന്ത്യയില്‍ പലയിടത്തും പല ജനവിഭാഗങ്ങള്‍ക്കിടയില്‍ പലതായിരുന്നു ഫെമിനിസത്തിന്റെ ശബ്ദം- പക്ഷെ ലക്ഷ്യം ഒന്നു തന്നെ – തുല്യമായ കാഴ്ച്ചപ്പാട്..

മൂന്നാം ഘട്ട ഫെമിനിസം

മൂന്നാം ഘട്ട ഫെമിനിസം കൂടുതല്‍ ആഴത്തിലേക്ക്, കേട്ട് പരിചിതമല്ലാത്ത കാര്യത്തിലേക്ക് കടന്നു. ഫെമിനിസത്തിന്റെ രണ്ടാം ഘട്ടത്തോടെ സ്ത്രീകള്‍ക്ക് വേണ്ടതെല്ലാം ലഭിച്ചു എന്നു വിശ്വസിച്ചവര്‍ക്ക് മൂന്നാം ഘട്ടം എന്തെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തൊണ്ണൂറുകളിലാണിതിന്റെ തുടക്കം. ആ സമയത്താണ്‌ ബലാത്സംഗവും പീഡനവുമെല്ലാം ചര്‍ച്ചയ്ക്ക് വരുന്നത്. അതു വരെ അവയെക്കുറിച്ച് പുറത്ത് പറയാറേ ഇല്ലായിരുന്നു.. “എല്ലാം സഹിക്കേണ്ടവള്‍ സഹിക്കട്ടെ” അല്ലെങ്കില്‍ “അതവള്‍ വരുത്തി വെച്ചത്”, “അവളുടെ മാനം പോയി” എന്നതായിരുന്നു മതം. പീഡിക്കപ്പെട്ടവള്‍ തെറ്റുകാരിയാവുന്നതും അപമാനിതയാകുന്നതും ആത്മഹത്യ ചെയ്യുന്നതുമെല്ലാം അതിനു മുന്നെ വരെയുള്ള സിനിമകളില്‍ കൂടുതല്‍ കാണാം. അന്നത്തെ മലയാള സിനിമകളില്‍ മറ്റൊന്നു കൂടെ കാണാമായിരുന്നു – ആരാണോ അവളെ പീഡിപ്പിച്ചത്, അയാളെ കൊണ്ട് ആ പെണ്ണിനെ കല്യാണം കഴിപ്പിക്കുക എന്നത്. അങ്ങനെയെങ്കില്‍ അവളുടെയും ആ കുടുംബത്തിന്റെയും മാനം നഷ്ടമാകുന്നില്ലത്രെ. തനിക്ക് ഇഷ്ടമില്ലാത്ത, തന്നെ ഉപദ്രവിച്ച ഒരാള്‍ തങ്ങളുടെ ജീവിതപങ്കാളി ആയി വരുന്നത് ഞാനോ നിങ്ങളോ സിനിമയില്‍ മാത്രമാകാം കണ്ടത്ത്. പക്ഷെ അത് നമ്മുടെ കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് നടന്നതാണ്‌, നടക്കുന്നതാണ്‌. ഹിറ്റ്ലര്‍, നീലഗിരി, അധിപന്‍ തുടങ്ങിയ മലയാള സിനിമകളില്‍ ഇത് കാണാം.

ഒരു ബലാത്സംഗം നടന്നാല്‍ ഉടനെ സ്ത്രീയെ കുറ്റം പറയാതെ തെറ്റ്  ആരുടേതാണ്‌ എന്നൊരു ചര്‍ച്ചയെങ്കിലും വന്നു തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്‌.  പുരുഷ മേധാവിത്വം, സ്വാന്തന്ത്ര്യമില്ലായ്മ എന്നിവയ്ക്ക് എതിരെയായിരുന്നു ഈ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍.

അതേ പോലെ തന്നെ മൂന്നാം ഘട്ടത്തില്‍ ഉയര്‍ന്നു വന്ന വളരെ പ്രധാനമായ ഒരു കാര്യമായിരുന്നു – Protest against genital mutilation. ലൈംഗികതയില്‍ സ്ത്രീക്കും സുഖം അനുഭവിക്കാം, അല്ലെങ്കില്‍ അനുഭവിക്കണമെന്ന ചിന്ത ഇല്ലായിരുന്നു നമ്മുടെ ഈ ലോകത്ത്. അത് കൊണ്ട് തന്നെ അങ്ങനെ സുഖമുണ്ടെന്ന് പറയുന്നവര്‍ നല്ലവരല്ലാത്തവര്‍ ആയി. അത് മോശപ്പെട്ട കാര്യമായി. ഇനി അത്തരം സുഖം അവരനുഭവിക്കരുത് എന്നതിനാലും അതില്‍ സുഖം കണ്ടെത്തിയാല്‍ അത് പുരുഷ മേധാവിത്വങ്ങള്‍ക്ക് നേരെയുള്ള അടി ആയതിനാലും പെണ്‍കുട്ടി ജനിച്ച ഉടനെ അല്ലെങ്കില്‍ പ്രായപൂര്‍ത്തി ആകുന്നതിനു മുന്നെ ലിംഗഛേദനം നടത്തും. ഇന്നും ചില ഗോത്രങ്ങളില്‍ ഈ പ്രാകൃത നടപടി ഉണ്ട്. ഇത് തുല്യതക്കുറവാണെന്ന് നിങ്ങള്‍ കരുതുന്നുവോ? എങ്കില്‍ അതാണ്‌ ഫെമിനിസം.

കന്യകാത്വം പെണ്ണിന്റെ മാത്രം യോഗ്യതയായ് കാണുന്ന,ഒരു കുട്ടിയുടെ അമ്മയായിരിക്കുക എന്നതാണ്‌ ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷമെന്ന് വിശ്വസിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്ന, അത് തന്നെയാണ്‌ ശരി എന്നു സ്വയം വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ വാര്‍ത്തെടുത്തിട്ടുണ്ട് നമ്മുടെ സമൂഹം. തന്റെ ശരീരത്തിനു മേല്‍, സ്വന്തം വികാരങ്ങള്‍ക്കുമേല്‍ തനിക്ക് അധികാരമുണ്ടെന്ന് അറിയാത്ത സ്ത്രീകള്‍ ഇന്നും ജീവിക്കുന്ന നാടാണ്‌ നമ്മുടേത്. ഭര്‍ത്താവിനെയും വീട്ടുകരെയും പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുമ്പോള്‍ തിരിച്ച് ഭാര്യയെയും ഭാര്യ വീട്ടുകാരെയും പ്രീതിപ്പെടുത്താന്‍ നാം ആണ്‍കുട്ടികളെ പഠിപ്പിക്കാറുണ്ടോ? ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നവളായി ജീവിക്കേണ്ടുന്ന ആവശ്യകത സ്ത്രീയുടേതാണ്‌ നമ്മുടെ സമൂഹത്തില്‍.

—————

ഇനി നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിലെ വളരെ ചെറിയ ഉദാഹരണങ്ങള്‍ പറഞ്ഞ് തുടങ്ങാം..

മോന്‍: “അമ്മേ.. ചായ…”; അമ്മ: “നല്ല തിരക്കിലാ.. ഇതൊന്ന് കഴിഞ്ഞിട്ടെടുക്കാം”.

മോള്‍: “അമ്മേ.. ചായ…”; അമ്മ: “നിന്റെ ഈ പ്രായത്തില്‍ ഞാനൊന്ന് പെറ്റു. സ്വയം വന്നെടുക്ക്..”

മേല്‍ പറഞ്ഞ ഡയലോഗിലെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാക്കുന്നെങ്കില്‍ ഫെമിനിസം എന്നത് എന്ത് ഉയര്‍ത്തിക്കാട്ടുന്നെന്നും നിങ്ങള്‍ക്ക് മനസ്സിലാകും.

—————

വീട്ടിലെ മരുമോന്‌ സോഫയില്‍ ഇരുന്ന് എത്ര നേരമിരുന്നും ടിവി കാണാം.. അടുക്കളയിലേക്ക് പോകണ്ട. ഭക്ഷണം കഴിക്കാറായാല്‍ മാത്രം അവിടുന്നെണീറ്റാല്‍ മതി. വീട്ടിലെ മരുമോള്‍ക്ക് അതേ പോലെ പറ്റുമോ? ഒന്നുമില്ലെങ്കിലും അടുക്കളയുടെ അടുത്തെങ്കിലും അവളെ പ്രതീക്ഷിക്കുന്നു. .. സഹായത്തിനു ആളുള്ള വീട്ടില്‍ അങ്ങനെ പറ്റിയേക്കാം എന്നല്ലാതെ മരുമോളും മരുമോനും ഉള്ള ഒരു സാധാരണക്കാരന്റെ വീട്ടിലത് പറ്റുമോ? അങ്ങനെ നിങ്ങള്‍ ചെയ്താല്‍ എന്തായിരിക്കും നിങ്ങളെക്കുറിച്ചുള്ള മുന്‍വിധികളും അഭിപ്രായങ്ങളും?? രണ്ടു പേരെയും ഒന്നു പോലെ കാണാന്‍ കഴിയുന്നതാണ്‌, അല്ലെങ്കില്‍ രണ്ട് കൂട്ടര്‍ക്കും ഒരേ പോലെ കാര്യങ്ങള്‍ ചെയ്യാനാകുന്നതാണ്‌ ഒരു ഫെമിനിസ്റ്റിന്റെ കാഴ്ച്ചപ്പാട്. അവള്‍ പെണ്ണായതു കൊണ്ടോ അവന്‍ ആണായതു കൊണ്ടോ അല്ല നമ്മള്‍ മുന്‍വിധികള്‍ നടത്തേണ്ടത്…

അപ്പൊ നിങ്ങള്‍ ഫെമിനിസ്റ്റാണോ?

—————

ഇന്നും ശ്രദ്ധിച്ചിട്ടുണ്ടോ – ഭര്‍ത്താവോടിക്കുന്ന കാറിലെ മുന്‍ സീറ്റില്‍ ഇരിക്കാനാകാനാകാത്ത ഭാര്യമാരുണ്ട് നമ്മുടെ നാട്ടില്‍. അനിയന്‍, മുതിര്‍ന്ന മകന്‍, സുഹൃത്ത്, ഇവരെല്ലാമാണ്‌ അതിന്റെ അവകാശികള്‍. അല്ലെങ്കില്‍, ഇവരുണ്ടെങ്കില്‍ ഭാര്യ മാറണം. അത് പെണ്ണായതു കൊണ്ട് മുന്നില്‍ ഇരിക്കരുത് എന്നാകരുത്. ഒരുപക്ഷെ, ഇടുങ്ങിയ ബാക് സീറ്റുകള്‍ ഉള്ള 2-ഡോര്‍ കാറുകളില്‍ നമ്മള്‍ ഹൈറ്റ് ഉള്ളവര്‍ക്ക് മുന്‍വശം ഒഴിഞ്ഞു കൊടുത്തേക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ ചിലരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നമ്മള്‍ ത്യജിച്ചേക്കാം. പക്ഷെ ഒരു ലിംഗ വിവേചന പ്രശ്നം ആകരുത്.. അതാണ്‌ ഫെമിനിസം പറയുന്നത്. പിന്നെ ചിലയിടങ്ങളില്‍ വണ്ടി ഓടിക്കാനറിയുന്ന ഭാര്യ ചോദിച്ചാലും ചിലപ്പൊ സ്റ്റിയറിങ്ങ് കൊടുക്കാറില്ല. “എനിക്ക് പറ്റുന്നില്ലെങ്കില്‍ ഇഷ്ടമില്ലെങ്കില്‍ വേണ്ട – പക്ഷെ പാടില്ലെന്ന് പറയരുത്. അതിനു പറ്റുന്നവര്‍ ചെയ്യട്ടെ..” അതല്ലേ തുല്യമായ അവകാശം, തീരുമാനിക്കാനുള്ള അവകാശം?

വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ ഇക്കണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയ സ്ത്രീജനങ്ങള്‍ (പൊതുവായുള്ള കാര്യമാണ്‌ – ചില വീടുകളില്‍ അങ്ങനെ ആകണമെന്നില്ല) അവിടത്തെ പുരുഷന്മാര്‍ കഴിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ ഇരിക്കയുള്ളൂ.. പിന്നെ പലപ്പോഴും ഉപ്പേരിയുടെ പാത്രം സമയത്തിനു വിളിച്ചാല്‍ വരാത്ത ഏട്ടന്മാരെ കാത്തിരിക്കും – പക്ഷെ ചേച്ചിമാരെ കാത്തിരിക്കാറില്ല. പലപ്പോഴും ഡയപ്പര്‍ മാറ്റുന്ന അച്ഛന്‍ മഹാന്‍ ആണ്‌, അമ്മക്കത് നോര്‍മല്‍ കാര്യമാണ്‌, രണ്ട് വയസ്സുള്ള കുട്ടിയെ അച്ചനെ ഏല്‍പ്പിച്ച് യാത്ര ചെയ്യുന്ന അമ്മ ഒരു പുതുമയാണ്‌, എന്നാല്‍ അതേ കാര്യം അമ്മയെ ഏല്‍പ്പിച്ച് ചെയ്യുന്ന അച്ഛന്‍ ഒരു സഞ്ചാരി ആണ്‌ ഇതെന്റെ അനുഭവം കൂടിയാണ്‌.. ഞാനൊരു യാത്ര അല്ലെങ്കില്‍ ട്രെക്കിങ്ങ് പോയാല്‍ – “അയ്യൊ അപ്പൊ അച്ചൂട്ടനെ ആരു നോക്കും?” എന്നു ചോദിച്ചവര്‍ എന്റെ ഭര്‍ത്താവ് ഒരാഴ്ച്ച യാത്രയിലാണെന്ന് പറയുമ്പോ അച്ചൂട്ടനെ കുറിച്ച് ആശ്ചര്യപ്പെട്ട് കാണാറില്ല – ആ നേരം അവനെ നോക്കുന്നത് കൊണ്ട് എന്നെ ആരും ഒരു മഹതി ആക്കീട്ടുമില്ല.  പക്ഷെ മറുഭാഗത്ത് ഒരു മഹാന്‍ ജനിച്ചിട്ടുണ്ടാകും., അങ്ങനെ ദൈനം ദിന ജീവിതത്തില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍.. ആണ്‍കുട്ടിക്ക് കിച്ചന്‍ സെറ്റ് വാങ്ങി കളിക്കാന്‍ കൊടുക്കാതെ പെണ്‍കുട്ടിയെ പ്രിന്‍സസ് ആക്കി വളര്‍ത്തുന്നവരല്ലേ നമ്മളില്‍ പലരും? ചിന്തിച്ചിട്ടുണ്ടോ?

ആണുങ്ങള്‍ മദ്യപിച്ചാല്‍ – മദ്യപാനി

പെണ്ണുങ്ങള്‍ മദ്യപിച്ചാല്‍ – ഫെമിനിസ്റ്റ്?

അതാണോ ഫെമിനിസ്റ്റ്? അല്ല. അങ്ങനെ പറയുന്ന സമൂഹത്തെ മാറ്റിയെടുക്കേണ്ടേ? അങ്ങനെ ഇന്ന് നമ്മുടെ നാട്ടിലെല്ലാം ഫെമിനിസ്റ്റ് എന്നാല്‍ എന്തോ മോശമെന്നു വരുത്തി തീര്‍ക്കാണ്‍ ശ്രമിക്കുന്നുണ്ട് ചിലര്‍. അവരറിയുന്നില്ല ഫെമിനിസമെന്തെന്ന്. അല്ലെങ്കില്‍ അവര്‍ക്കതിനെ ഉള്ളാലെ ഭയമാണ്‌. എനിക്ക് മുകളില്‍ നില്‍ക്കാന്‍ അവളായില്ല എന്ന് വിചാരിക്കുന്നവരാകാം അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ആകാം.. It is all about the False Fear Of Feminism.

ഞാന്‍ ഒരു 100 ശതമാനം ഫെമിനിസ്റ്റാണ്‌. അതില്‍ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.

———

എന്റെ വീട്ടില്‍, ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അവനവന്റെ എച്ചില്‍ പ്ലേറ്റ് സ്വയം എടുത്ത്, അതിലെ എച്ചിലെല്ലാം കച്ചറ ബോക്സില്‍ കളഞ്ഞ്, ആ പാത്രം സിങ്കിലിട്ട് വെള്ളമൊഴിച്ച് വെക്കും അല്ലെങ്കില്‍ അത് സ്വയം കഴുകി വെക്കും. അത്‌ ഞാനായാലും അച്ഛനായാലും അമ്മയായാലും ഏട്ടനായാലും ഏട്ത്തിയമ്മയായാലും എന്റെ ഭര്‍ത്താവായാലും എല്ലാം അങ്ങനെ തന്നെ. വീട്ടില്‍ സഹായത്തിനു പുതുതായി എത്തിയ ചേച്ചി ഇത് കണ്ട് അത്ഭുതപ്പെട്ടു. “അച്ചനും ഏട്ടനുമൊക്കെ പ്ലേറ്റ് ഇങ്ങു കൊണ്ടു വന്നു തന്നു മോളെ.. ഞാന്‍ കയ്യില്‍ വാങ്ങിയപ്പൊ അവരു “വേണ്ടാ” എന്ന് പറഞ്ഞ് എച്ചില്‍ കളഞ്ഞ് വെള്ളമൊഴിച്ചു വെച്ചു”. “അതിനെന്താ ചേച്ചീ.. അങ്ങനല്ലേ വേണ്ടെ? അല്ലാതെ സ്വന്തം തുപ്പലും എച്ചിലും ആരോഗ്യമായി ഇരിക്കുന്ന അവസ്ഥയില്‍ പോലും വേറെ ഒരാളെ കൊണ്ട് കഴുകിപ്പിക്കുന്നത് മോശല്ലേ.. അത് സാറായലും ചേച്ചിയായാലും?” – ഞാന്‍ ചോദിച്ചു. അപ്പൊ ചേച്ചി കുറെ നേരം ചിന്താമഗ്നയായി.

പിന്നീടൊരു വൈകുന്നേരം മൂപ്പരു പറഞ്ഞു – “മോളെ.. അത് ശരിയാ. ഇങ്ങനെ തന്ന്യാ വേണ്ടത്. അല്ലാതെ വീട്ടിലെ പെണ്ണുങ്ങള്‍ മാത്രമേ എച്ചിലു പെറുക്കാനും വൃത്തിയാക്കാനും പാടുള്ളൂ എന്നത് ശരിയല്ല. അതിലൊരു പരസ്പര ബഹുമാനക്കുറവുമുണ്ട്. പക്ഷെ നമ്മളാരും ആണുങ്ങളെ ഒന്നും ചെയ്യാന്‍ സമ്മതിച്ചില്ല, അവരൊട്ട് ചെയ്തതുമില്ല. ഇങ്ങനെയാണ്‌ വേണ്ടതെന്ന് ഓര്‍ക്കാനുള്ള വിവരം പോലുമില്ലാര്‍ന്നു മോളെ.. ഇപ്പൊഴാ ഇതൊക്കെ ശ്രദ്ധിക്കുന്നത്..” എന്ന്. അതെ, അറിവില്ലായ്മയാണ്‌ പ്രശ്നം. ഞാന്‍ ഒരു പക്ഷെ എന്റെ ഭര്‍ത്താവിന്റെ പ്ലേറ്റ് ഇന്നെടുത്തെന്ന് വരാം, നാളെ അദ്ദേഹം എന്റേതും – പക്ഷെ അതിനര്‍ത്ഥം അതൊരാളുടെ മാത്രം ജോലിയാണെന്നല്ല. Please don’t take things for granted.

ശ്രദ്ധിച്ചിട്ടുണ്ടോ? ദിവസോം വീട്ടില്‍ ഭാര്യയോടൊപ്പം പാത്രം കഴുകുന്ന ചില വീടുകളിലെ ഭര്‍ത്താക്കന്മാര്‍ അതിഥികള്‍ ഉള്ളപ്പോള്‍ പ്ലേറ്റ് ഡൈനിങ് ടേബിളില്‍ തന്നെ വെക്കുന്നത്? വില പോയാലോ? ഇതൊക്കെ കാണുമ്പോ എങ്ങനെ ചിരിക്കാതിരിക്കും?  “മറ്റുള്ളോരുടെ മുന്നില്‍ ആണായ ഞാന്‍ വീട്ടു ജോലി ചെയ്യുന്നെന്ന് കാണിക്കാമോ?” അല്ലേ?

മക്കളുടെ പേരിനു പുറകില്‍ അച്ഛന്റെ പേരു വെക്കുന്നതു പോലെ അമ്മയുടെ പേരു വെക്കാനും നിങ്ങള്‍ തയ്യാറാണോ? അതോ അത് അച്ഛന്റെ മാത്രേ പാടുള്ളൂ എന്ന് വിചാരിക്കുന്നുണ്ടോ? ഇനി നിങ്ങള്‍ക്ക് അമ്മയുടെ പേരു വെക്കണമെന്നുണ്ടായിട്ടും ‘അതൊക്കെ എങ്ങനെയാ പറ്റുമോ?’ എന്ന ചോദ്യം നേരിട്ടുണ്ടോ? അച്ഛന്റെ പേരു വെക്കാമെങ്കില്‍ അമ്മയുടെ പേരും വെക്കാം, ആരുടെയും പേരു വെക്കാതെയുമിരിക്കാം – അതാണ്‌ ഫെമിനിസം – Equal Rights.

ഇനി ഈ പെണ്‍ തുല്യത മാത്രമാണോ ഫെമിനിസം? അല്ല..

ഇന്ന് കേരളത്തിലെ പല വീടുകളിലും ആണ്‍കുട്ടികള്‍ കേള്‍ക്കുന്നതാണ്‌ “നിനക്ക് പെങ്ങമ്മാരുണ്ട്. അവരുടെ കല്യാണം നിന്റെ ബാധ്യതയാണ്‌” എന്ന്. ആണോ? ജോലിയില്‍ നിലയുറപ്പിക്കുന്നതോടൊപ്പം തന്നെ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെല്ലാം വളരെ അത്യാവശ്യം തന്നെ. പക്ഷെ – ഒരു ജോലിക്കും പോകാതെ വീട്ടിലിരിക്കുന്ന പെങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും അതേ ഉത്തരവാദിത്തമുണ്ട് – ജോലി ചെയ്യാനും, വീടു നോക്കാനും, കല്യാണം നടത്താനും ഒക്കെ. ഇതും Equal Opportunities and Rights-ഇല്‍ പെടും. 10 പൈസ സ്വയം ഉണ്ടാക്കാതെ എല്ലാം ഏട്ടനല്ലേ കൊണ്ടു വരേണ്ടത്, 25 പവന്‍ ഏട്ടന്‍ വക, എന്ന് വിചാരിക്കുന്ന വീടുകളിലും ഫെമിനിസം വരണം.

നിങ്ങള്‍ ഫെമിനിസ്റ്റാണോ?

അത്….

അങ്ങനെ പറയാന്‍ സംശയമാകുന്നെങ്കില്‍ മലയാള സിനിമയും, ഒരു വശം മാത്രം കാണാന്‍ കഴിവുള്ള മാധ്യമങ്ങളും നിങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമ കാണിച്ച ഫെമിനിസ്റ്റുകള്‍ ‘സ്ലീവ്ലെസ്സ് ബ്ലൌസ് ഇട്ട് ഭര്‍ത്താവിനെ അടിച്ചമര്‍ത്തുന്ന, പലപ്പോഴും വികലമായി പ്രസംഗിക്കുന്ന ഇംഗ്ലീഷ് സ്വാധീനം കൂടുതലുള്ള’ സുകുമാരിയും ഉണ്ണിമേരിയുമൊക്കെയാണ്‌.. അവരുടെ ഭര്‍ത്താക്കന്മാരോ – വളരെ നല്ല മനസ്സുള്ള, പാവങ്ങള്‍ – ഇന്നസെന്റോ ശങ്കരാടിയോ ഒക്കെ.. അല്ലെ?

 

ചോദ്യം ചോദിച്ച് വളരണം എന്നാണ്‌ നമ്മള്‍ പഠിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ അത്യാവശ്യം അത് ചോദിച്ചാണ്‌ ഞാന്‍ വളര്‍ന്നത്. അത് ചോദിക്കണവരെ വലിയ കാര്യാണുതാനും… അതിലൊരു പ്രധാന ചോദ്യം കല്യാണം കഴിച്ച സ്ത്രീജനങ്ങളെ കുറിച്ചായിരുന്നു. കല്യാണം കഴിക്കുന്നതുവരെ Miss. എങ്കില്‍ കല്യാണം കഴിച്ചാല്‍ Mrs. ആണ്‌ സ്ത്രീകള്‍. Ms. എന്നൊരെണ്ണമുണ്ടെങ്കിലും അത് ചിലയിടത്ത് കാണാറില്ല.

ഇനി ആണുങ്ങളാണെങ്കിലോ മുതിര്‍ന്നാല്‍ Mr. ആണ്‌. കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും…. എന്തിനാണ്‌ സ്ത്രീകളെ മാത്രം കല്യാണം കഴിച്ചവരാണോ അല്ലയോ എന്നു തിരിച്ചറിയ്യേണ്ടുന്ന ആവശ്യകത? എന്താണ്‌ ഇതേ ആവശ്യം ആണുങ്ങള്‍ക്കില്ലാത്തത്? ഒരു ചോദ്യമാണിത്…

അങ്ങനെ ഫെമിനിസത്തിന്റെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം എന്നിവ കഴിഞ്ഞു. പണ്ടെല്ലാം പെണ്ണുങ്ങള്‍ ചെയ്യുന്നത് അത്ഭുതമായി കണ്ടിരുന്ന പല കാര്യങ്ങളും ഇന്ന് സാധാരണനില ആയി. അങ്ങനെ 2010-ഇനു ശേഷം തുടങ്ങിയതാണ്‌ ഫെമിനിസത്തിന്റെ നാലാം ഘട്ടം.

————

****സീന്‍ 1: ****

പത്ര വാര്‍ത്ത: നടിയെ ഉപദ്രവിക്കുന്ന ദൃശ്യം പോലീസിനു കിട്ടി.

ചില കമന്റുകള്‍:
“എവിടെ?”
“എത്ര ദിവസമായി പിള്ളേര്‍ കാത്തിരിക്കുന്നു?”
“എന്ന് റിലീസ് ചെയ്യും?”
“വീഡിയോ പുറത്ത് വിടില്ലേ?”
“ഞാന്‍ വാട്സാപ്പ് തുറന്ന് വെച്ചിട്ടുണ്ട്. ഇതൊക്കെയല്ലേ നമുക്കൊരു സന്തോഷം”

————

****സീന്‍ 2:*****

ഏതെങ്കിലും മലയാള നടിയുടെ പ്രൊഫൈല്‍ ഫോട്ടൊ.

ചില കമന്റുകള്‍:
“ഹല്ലോണ്‍സ്… ആ കൈ ഒക്കെ ശരിക്ക് മറയ്ക്കാമായിരുന്നു”
“മുലകള്‍ കൊള്ളാം. ഞാനൊന്ന് പിടിച്ചോട്ടെ” (ഇതിനു നല്ല മനുഷ്യരുടെ നല്ല മറുപടികളും അല്ലാത്തവരുടെ ലൈക്കും ഉണ്ടാകും)
“വെടി”
“കലക്കി. ഐ ലവ് യൂ”
“ഇനി തടിക്കല്ലേ..”
“ഗ്ലാമര്‍ ഇത്തിരി ഓവറായോ?”
“കല്യാണം കഴിക്കുന്നില്ലേ? ഇങ്ങനെ അഭിനയിച്ച് പൈസ ഉണ്ടാക്കിയാല്‍ മതിയോ?” (കല്യാണം കഴിച്ച ആളാണെങ്കില്‍ കുട്ടികളെ കുറിച്ചായിരിക്കും അന്വേഷണം)
“നീയൊക്കെ അവസരം കിട്ടാന്‍ എന്തൊക്കെ ചെയ്യുമെന്ന് നമുക്കൊക്കെ അറിയാം”..

—————

എന്തൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും ദയവു ചെയ്ത് മുന്‍വിധിയോടെ കാണാതിരിക്കൂ. പണ്ട് നിവൃത്തിക്കേട് കൊണ്ട്, അറിവില്ലായ്മ കൊണ്ട്, അല്ലെങ്കില്‍ എതിര്‍ത്തിട്ടും ശാരീരിക മേല്‍ക്കോയ്മ ഉപയോഗിച്ചും സിനിമയിലും വീട്ടിലും മറ്റുമായി സ്ത്രീകള്‍ പീഡനം അനുഭവിച്ചപ്പോള്‍ “അതെല്ലാം ഇവിടെ ഉണ്ടാകും” അല്ലെങ്കില്‍ “എന്തു ചെയ്യാം? ഇതെല്ലാം സാധാരണം” എന്ന് വിചാരിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. ഇന്നു പലര്‍ക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട് – എന്റെ കൈ നിന്റെ മൂക്കിന്‍ തുമ്പു വരെ മാത്രമേ നീളാന്‍ പാടുള്ളൂ.. എന്ന്. അത് ഭാര്യ ആയാലും ഭര്‍ത്താവായാലും ഡയറക്ടറായാലും പത്രമേധാവി ആയാലുമെല്ലാം. ഇന്നീ കാലത്ത് ഇങ്ങനെയൊന്നുമില്ല എന്ന് വിചാരിക്കുന്നുവോ? തെറ്റി. ഇന്നും ഒരുപാടുണ്ട് ഇത്തരക്കാര്‍.. ഇനി അഥവാ ഒരു പെണ്‍കുട്ടി അവളുടെ വിവാഹത്തിനു മുന്നെ ഒരു ബന്ധത്തിലേര്‍പ്പെട്ടാല്‍ കൂടെ താമസിച്ചാല്‍ അവരെ കുറ്റം പറയാതിരിക്കൂ. അത് അവരുടെ ജീവിതം. അതില്‍ അവര്‍ മറ്റൊരാളെ വേദനിപ്പിക്കുന്നെങ്കില്‍ അത് സംഗതി വേറെ.

ഫെമിനിസം – നാലാം ഘട്ടം

അങ്ങനെ നാലം ഘട്ടത്തിലാണ്‌ നമ്മളിപ്പൊ. അതിനര്‍ത്ഥം മൂന്നു ഘട്ടങ്ങളും എല്ലാരും കടന്നു എന്നല്ല.. ഇന്നും പല രാജ്യങ്ങളും ആ 3 ഘട്ടങ്ങളില്‍ പ്രതികരിക്കപ്പെട്ട വിഷയങ്ങള്‍ ഇന്നും തുടരുന്നുണ്ട്. വളരെ സാധാരണം എന്ന പോലെ.

ഇപ്പൊ Body shaming, slut shaming, പെണ്‍കുട്ടി എങ്കില്‍ “ഇങ്ങനെയൊക്കെ ആകണം” എന്നുള്ള ചിന്തകള്‍, “ആരേയും വെടി എന്നു വിളിച്ച് കുതിരകേറാറുള്ള ചില ആണുങ്ങളുടെ താല്പര്യം, പുറത്ത് ഫെമിനിസവും പക്ഷെ എന്റെ ഭാര്യ അങ്ങിനെ പാടില്ല എന്ന ചിന്തകള്‍, ജോലി സ്ഥലത്തുള്ള പീഡനം, അതിനു സമ്മതിച്ചില്ലെങ്കില്‍ നഷ്ടമാകുന്ന ഉയരങ്ങള്‍, ഞാന്‍ അല്ലായിരിക്കാം പക്ഷെ എന്റെ ഭാര്യം വെര്‍ജിന്‍ ആകണം എന്നുള്ള സാമാന്യസങ്കല്‍പം, ജീവിതത്തിലും സിനിമയിലുമുള്ള  സ്ത്രീ വിരുദ്ധത, തെറ്റു ചെയ്തതിനുള്ള ശിക്ഷയായുള്ള റേപ്പ്, ടാബ്ലോയിഡുകളിലെ പേജ് 3, ഇതിനെല്ലാം എതിരെയാണ്‌ ഈ 4-ആം ഘട്ടം. അത് മുഴുവനുമായി ഒറ്റ ദിവസം കൊണ്ട് മാറില്ല. പക്ഷെ ഇത്തരം ഫെമിനിസ്റ്റ് ചര്ച്ചകള്‍ എന്റെയും നിങ്ങളുടെയും ചിന്താഗതികളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം. അപ്പൊ അത് അടുത്ത ഒരു തലമുറയ്ക്ക് ഗുണമായേക്കും.

നേര്‍ത്തെ പറഞ്ഞത് കമന്റുകളിലെ വിവേചനമാണ്‌.

ഈ വിവേചനം കമന്റുകളില്‍ മാത്രമല്ല… പലയിടത്തും കാണാം.

‘ഒതുക്കി തീര്‍ക്കലുകളിലല്ല’ ‘ഒതുക്കി തീര്‍ക്കാന്‍ നിന്നു കൊടുക്കാത്തതിലുള്ള ആ ധൈര്യം’…. അതാണിപ്പോഴത്തെ ശ്രദ്ധേയമായ കാര്യം. ഭാവിയില്‍ നടക്കാനിരിക്കുന്ന എത്രയോ ‘അപലപനീയമായ സംഭവങ്ങള്‍’ക്ക് മുതിരുന്നവര്‍ക്ക് പുനര്‍ചിന്തനത്തിനുള്ള മരുന്നാണ്‌ ഇപ്പോ നമ്മുടെ നാട്ടിലെ സിനിമാലോകത്ത് നടക്കുന്നത് ..

കസബയും പാര്‍വ്വതിയുമായിരുന്നു കുറച്ച് കാലത്തെ വിഷയം. അതിനു ശിക്ഷയായി പാര്‍വതി-പൃത്വിരാജ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഡിസ്‌ലൈക്ക് കൊടുത്താണ്‌ പ്രതിഷേധം നടന്നത്.. അതിനു മുന്നെ “മായനദി” ആയിരുന്നു പ്രശ്നം.

എന്തിനാണീ പ്രതിഷേധം? കസബയിലെ സീനിനെന്താ പ്രശ്നം? പാര്‍വ്വതി പറഞ്ഞതിലെന്താ ഇത്ര കുഴപ്പം? അഭിപ്രായ സ്വാന്തന്ത്ര്യത്തിനെ അടിമുടി സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടിലാണേ ഈ dislike -ഉം പ്രശ്നങ്ങളുമെന്നോര്‍ക്കണം..! തങ്ങളുടെ ആണ്‍മേല്‍ക്കോയ്മയ്ക്കുമേല്‍ അടി കിട്ടിയപ്പോള്‍ Political correctness -ഉം വിപ്ലവവും മറന്നവരാണ്‌ മലയാളികള്‍

“സ്ത്രീയും സിനിമയും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാര്‍വ്വതി എന്ന നടി ഒരുദാഹരണമായി തനിക്ക് ഇഷ്ടപ്പെടാത്ത ഒരു സീനിനെക്കുറിച്ച് പറഞ്ഞു – കസബയിലെ സ്ത്രീയെക്കുറിച്ചും അതിലെ തെറി മാത്രം പറയുന്ന ദുര്‍നടത്തിപ്പുക്കാരനായ പോലീസുകാരനുമായുള്ള അവരുടെ സംഭാഷണത്തെക്കുറിച്ചുമായിരുന്നു അത്. ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് സ്ത്രീയും സിനിമയും എന്ന വിഷയത്തില്‍ കാലവസ്ഥയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമല്ല പാര്‍വ്വതി പറഞ്ഞത്. അത് ഒരു സിനിമയിലെ സ്ത്രീയെക്കുറിച്ചു തന്നെയാണ്‌.

എന്ത് കൊണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്ക് അത്ചെയ്തു കൂട. ??ഒരു കുഴപ്പവുമില്ല. തീര്‍ച്ചയായും ചെയ്യാം. അതു പോലെ തന്നെ, ‘എന്ത് കൊണ്ട് ആ സീനെനിക്ക് ഇഷ്ടായില്ല’ എന്ന് പാര്‍വ്വതി ക്ക് പറഞ്ഞൂടാ? അതും ഒരു കുഴപ്പവുമില്ല. പക്ഷെ അതിന്റെ പേരില്‍ തെറി വിളിക്കാമോ? ഇല്ല.. നിന്റെ കൈ – പക്ഷെ എന്റെ മൂക്കിന്തുമ്പ്… ആശയങ്ങളെ ആശയങ്ങളുമായി നേരിടൂ.. അല്ലതെ തെറി പറഞ്ഞല്ല. അതും misogyny തന്നെ.

 

സത്യം പറഞ്ഞാല്‍, എനിക്ക് ആ സീന്‍ ഇഷ്ടായില്ല. അത് ആ വൃത്തിക്കെട്ട പോലീസുകാരന്‍ സീനിയറോട് വൃത്തിക്കേട് പറഞ്ഞതിലല്ല.

 

മുതിര്‍ന്ന ലേഡി ഓഫ്ഫീസര്‍ ഒരല്‍പം അധികാരത്തോടെ അതോടൊപ്പം തന്നെ ശൃംഗാരഭാവത്തോടെ മമ്മൂട്ടി അഭിനയിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് കൈ കൊടുത്തപ്പോള്‍, പുക വലിക്കരുതെന്ന് പറഞ്ഞപ്പോള്‍, സീനിയറെ സല്യൂട്ട് ചെയ്യാന്‍ മറന്നതെന്തെ എന്ന് ചോദിച്ചപ്പോള്‍ അതിനു മറുപടിയായി “ഈ സിഗറെറ്റ് പോയി കള” എന്ന് പുച്ഛത്തൊടെ പറഞ്ഞു ആ ആണ്‍ പോലീസ്. തന്റെ സീനിയോറിറ്റി നോക്കാതെ പെരുമാറിയ ആ മനുഷ്യനെ “ഫക്ക് യൂ” എന്ന് തെറി പറഞ്ഞ ആ പൊലീസുകാരിയോട് സര്‍ക്കിളേമ്മാന്‍ ആദ്യം പറഞ്ഞു “നോക്കാം” എന്ന്. പിന്നെ അവളുടെ വയറിലെ ബെല്‍ട്ട് പിടിച്ച് തന്നിലേക്കടുപ്പിച്ച് പറയുന്നു- “ഞാനൊന്ന് അറിഞ്ഞ് പെരുമാറിയാല്‍ നീ ഒരാഴ്ച്ച എടുക്കും” എന്ന്. ദുര്‍നടത്തിപ്പുക്കാരനായ പോലിസീകാരന്‌ സിനിമയില്‍ ആ ഡയലോഗ് തീര്‍ച്ചയായും പറയാം. പക്ഷെ ആ ഡയലോഗ് പറഞ്ഞ് തിരിഞ്ഞ്നടക്കുമ്പോ “ട ടന്‍ ട ടന്‍ ട ട… ” എന്നു പറഞ്ഞുള്ള ഹീറോയിക്ക് മ്യൂസിക്ക് ആ വാക്കുകള്‍ ഒരു യഥാര്‍ത്ഥ ഹീറോ പറയേണ്ടത് എന്ന പ്രതീതി തന്നെയാണ്‌ ഉണ്ടാക്കുന്നത്. അല്ലാതെ ഒരു ദുര്‍നടത്തിപ്പുക്കാരന്‍ പറഞ്ഞത് എന്ന പ്രതീതി അല്ല ഉണ്ടാക്കുന്നത്.

സിനിമ സിനിമയാണ്‌. സന്ദേശം കൊടുക്കേണ്ടതാകണമെന്നില്ല. വളരെ സത്യം.

പക്ഷെ, ഏതെങ്കിലും സിനിമയില്‍ ഒരു ആളെ ഒരു വൃത്തിക്കെട്ടവന്‍ കൊന്നാലോ/ ദ്രോഹിച്ചാലോ ഹീറോയിക്ക് മ്യൂസ്സിക്കാണോ ഉണ്ടാകാറുള്ളത് ???

അല്ല.

ഈ മ്യൂസിക്കിലൊക്കെ കാര്യമുണ്ടോ ??
ഉണ്ടോ? നോക്കാം.

ഇന്‍ ഹരിഹര്‍ നഗറില്‍ ചൂലുകൊണ്ട് അടികിട്ടുന്ന സിദ്ധിഖ് തിരിഞ്ഞോടുമ്പോള്‍ പശ്ചാത്തല സംഗീതം ആ സീനിന്‌ പറ്റുന്നതാണ്‌. “How old are you?”-ഇല്‍ പ്രസിഡന്റിനെ കണ്ട് രാഷ്ട്രപതി ഭവനില്‍ നിന്ന് മഞ്ചുവാര്യര്‍ ഇറങ്ങി വരുമ്പോള്‍ അത് ആ സീനിനു പറ്റുന്ന മ്യൂസിക്കാണ്‌, മരിച്ചു കിടക്കുന്ന അച്ഛന്റെ മുന്നില്‍ കരയുന്ന മക്കള്‍ക്ക് ഹീറോയിക്ക് മ്യൂസിക്കല്ല പകരം സങ്കടം മ്യൂസിക്കാണ്‌.. വല്ല്യേട്ടനിലെ മമ്മൂട്ടി നല്ല കാര്യം ചെയ്ത് വില്ലനെ ചീത്ത പറഞ്ഞ് നടക്കുമ്പോ കിളി പോയ മ്യൂസിക്കല്ല, ഹീറോയിക്ക് മ്യൂസിക്കാ..

അപ്പൊ മ്യൂസിക്കും എന്തോ ആള്‍ക്കാരോട് പറയുന്നുണ്ട്.  ഒരു പെണ്ണിനെ തെറി പറഞ്ഞ് തിരിഞ്ഞു നടക്കുന്നവനെ ഗ്ലോറിഫൈ ചെയ്യുന്നതാണാ സീനിലെ പ്രശ്നം – Glorifying Misogyny is everywhere, and is not the right way. പക്ഷെ അതു മമ്മൂട്ടി ആയതു കൊണ്ടോ അല്ലെങ്കില്‍ ആ “പോലീസ് പെണ്ണ് അങ്ങനെ ചെയ്താല്‍ ഏത് ആണും അങ്ങനെ പറഞ്ഞു പോകും” എന്ന അഭിപ്രായമുള്ളതു കൊണ്ടോ നമ്മുടെ സമൂഹത്തിലെ പലര്‍ക്കും ആ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നത് മനസ്സിലാക്കാനായില്ല.

പക്ഷെ നമ്മളില്‍ പലരും മാറി തുടങ്ങീട്ടുണ്ട്.

എന്റെ മോനു നല്ല പിങ്ക് കളര്‍ കിച്ചന്‍ സെറ്റുണ്ട്. അവനെനിക്ക് കാപ്പിയൊക്കെ വെച്ചു തരാറുണ്ട് അതില്‍.

അതേ പോലെ “ആണ്‍കുട്ടികള്‍ കരയാറില്ല, പേടിക്കാറില്ല” എന്ന് പറഞ്ഞു ചെറിയ പിള്ളേരെ നമ്മളില്‍ മിക്കവരും സമ്മര്‍ദ്ദത്തിലാക്കുന്നില്ല ഇപ്പൊ ഇപ്പൊ. അവന്റെ വികാരങ്ങള്‍ അവന്‍ കാണിക്കട്ടെ എന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു.

അതേ പോലെ തന്നെ ഇന്ന് വസ്ത്രധാരണത്തെ ഒരു കംഫര്‍ട്ടിന്റെയും സ്വകാര്യതയുടെയും കാര്യമായി പലരും അംഗീകരിക്കുന്നുണ്ട്.

പിന്നെ നായക നടന്റെ ഷോവനിസ്റ്റ് ഡയലോഗുകള്‍ക്ക് കയ്യടി കുറഞ്ഞിരിക്കുന്നു…

ഭാരം ഏറ്റുന്നതോ പ്രസവിക്കുന്നതോ ഒക്കെ “biological or physical difference” ആണെന്നും ഭര്‍ത്താവിന്റത്ര ഭാരം ഏറ്റാന്‍ കഴിയാത്തത് ഒരു കുറച്ചിലായല്ല – പകരം എനിക്കേറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് തടയാതിരിക്കുന്നതാണ്‌ equality എന്നും നമ്മള്‍ മനസ്സിലാക്കുന്നുണ്ട്..

No more gender discrimination. Only equal opportunities.

ഫെമിനിസം നല്ലതല്ലേ.. ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും എല്ലാം നീതിയും അവകാശവും തുല്യമാകേണ്ടെ?

ഞാനൊരു ഫെമിനിസ്റ്റാണ്‌. ഇത്രയും പറഞ്ഞതുകൊണ്ട് ഒരു ഫെമിനിച്ചി ആകുമെങ്കില്‍ ഞാനൊന്ന് നിവര്‍ന്നിരുന്ന് സമ്മതത്തോടെ തലയാട്ടും..

ആടോ.. ഞാനൊരു ഫെമിനിച്ചി കൂടിയാണ്‌..

നിങ്ങളോ ?

#falsefearoffeminism #feminism #feminichi #fourthwaveoffeminism #varshasworld

No Comments

    Leave a Reply