‘പ്രണയിച്ചിട്ടുണ്ടോ അതോ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?’ എന്നാരോ ഈയടുത്ത് എന്നോട് ചോദിച്ചു .. ഒരുപാട് നിറഭേദങ്ങളുണ്ടത്രെ പ്രണയത്തിനു്…
ഉണ്ട് എന്നോ ഇല്ല എന്നോ ഞാന്‍ ഉത്തരം പറഞ്ഞില്ല…’ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരുണ്ടോ?’. ഇല്ല.. എങ്കില്‍ എന്റെ പ്രണയം ആരോടായിരുന്നു? എപ്പോഴായിരുന്നു?? എന്റെ പ്രണയത്തിനെന്താണ് നിറം?
പ്രണയമെന്തെന്ന് അറിയും മുമ്പെ “എന്നെ ഇഷ്ടമാണോ?” എന്നു ചോദിച്ച ആ 9-ആം ക്ലാസ്സുകാരനോടെനിക്ക് പ്രണയമായിരുന്നൊ?
സ്കൂള്‍ ബസ്സ് കേറാന്‍ പോകുമ്പോള്‍ സ്ഥിരം സൈക്കിളില്‍ വന്നു ഒരു ചിരി സമ്മാനിച്ചിരുന്ന പേരറിയാത്ത സുഹൃത്തിന്റെ മുഖവും പിന്നെ ദിവസവും ട്യൂഷന്‍ കഴിഞ്ഞാല്‍ മിഠായി വാങ്ങി തരുമായിരുന്ന ആ പഴയ സുഹൃത്തിന്റെ മുഖവും ഈയടുത്ത് ഓര്‍ത്തെടുത്തപ്പൊ ഞാന്‍ അറിയാതെ എന്റെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നിരുന്നു. അത് പ്രണയമാണോ?
1-ആം ക്ലാസ്സില്‍ ദിവസവും നടന്ന കാര്യങ്ങള്‍ കുറിക്കാനായി എഴുതി തുടങ്ങിയ ഡയറി മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ എന്റേതായി സൂക്ഷിക്കുന്ന എന്റെ ചിന്തകള്‍ അടങ്ങിയ ഡയറി ത്താളുകളോട് പ്രണയമായിരുന്നില്ലെ എനിക്ക്? ആ എഴുതുന്ന ശീലത്തോടും എനിക്കതുതന്നെയായിരുന്നില്ലേ വികാരം?
പ്രണയമായിരുന്നെനിക്ക്…
വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മുന്നിലൂടെ കാത്തിരിപ്പിന്റെ മുഷിച്ചില്‍ ശമിപ്പിചുക്കൊണ്ട് റെയില്‍വേ ഗേറ്റിനപ്പുറം അതിവേഗതയോടെ പാഞ്ഞു പോകുന്ന തീവണ്ടിയോട്..
വീട്ടിലേക്കുള്ള യാത്രയില്‍ അല്ലെങ്കില്‍ സിറ്റിയിലെ ചെറുദൂര യാത്രകളില്‍ വെറും നിമിഷങ്ങള്‍ മാത്രം കാണുന്ന ചില സഹയാത്രികരോട്…
അമ്പലമുറ്റത്തെ ആല്‍മരത്തോട്..
എല്‍.പി. സ്ക്കൂളിന്റെ വരാന്തകളിലൂടെ അസംബ്ലിക്ക് നടന്നു പോകുമ്പോള്‍ എന്തു വികൃതി കാട്ടണമിന്നെന്ന് കണ്‍കളിലൂടെ ചോദിക്കുന്ന ആ സൌഹൃദത്തോട്…
ചട്ടയുള്ള പുസ്തകത്തില്‍ ഞാന്‍ കുറിച്ചിട്ട വാക്കുകളോടായിരുന്നു എന്റെ ആദ്യത്തെ പ്രണയം.
പിന്നെ 6-ആം ക്ലാസ്സില്‍ കള്ളന്‍ കട്ടെടുത്തു പോയ സൈക്കിള്‍, ഹോസ്റ്റല്‍ മുറിയിലെ ഏകാന്തത എന്നിങ്ങനെ പല പല വഴികളിലൂടെ സഞ്ചരിച്ച് എന്നെ ഈ ലോകത്തിലേക്കടുപ്പിച്ച് വീണ്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന എത്രയെത്ര പ്രണയങ്ങള്‍..
ചിലപ്പോള്‍ ഒരുപാട് പേര്‍ കൂടുന്ന സദസ്സിനോട്.. മറ്റു ചിലപ്പോള്‍ നിഴല്‍ പോലും കൂട്ടിനില്ലാത്ത ഏകാന്തതയോട്..
പ്രണയമാണെനിക്ക്…
ഇന്നലെ ഓഫീസ്സിറങ്ങി നടക്കുമ്പോള്‍ ഉന്മാദത്തോടെ വാച്ചിലേക്ക് വീണ മഴത്തുള്ളിയോട്…
പിസ്സാ ഹട്ടിന്റെ 4 ചുമരുകള്‍ക്കിടയില്‍ ചുവന്ന വസ്ത്രമണിഞ്ഞവരുടെയിടയില്‍ കൈമാറിയ ഒരു പിസാ കഷണത്തില്‍ തുടങ്ങി നീണ്ട 4 വര്‍ഷക്കാലമായി തുടരുന്ന മനോഹര സ്വപ്നത്തോട്..
വിമാനത്തിന്റെ ജനലിലൂടെ നോക്കുമ്പോള്‍ കാണുന്ന മേഘപാളികളോട്..
നിന്നെ പിരിയാന്‍ എനിക്കതിയായ വിഷമമുണ്ടെന്ന് പറഞ്ഞ സുഹൃത്തിനോട്..
ഇഷ്ടമാണൊരുപാടെന്നു ഓരോ നിമിഷവുമെന്നെ ഓര്‍മിപ്പിക്കുന്ന ആ സ്നേഹത്തോട്.. ആ വാക്കുകളിലെ വിശ്വാസതയോട്…
ജീവിതത്തോട്…
പുതിയ അനുഭവങ്ങളും കാഴ്ച്ചകളും സമ്മാനിക്കുന്ന യാത്രകളോട്…
ഒരു കൂട്ടായി എന്നും എനിക്കോടോപ്പം നടക്കുന്ന എനിക്കൊപ്പം ഉറങ്ങുന്ന സ്നേഹപൂര്‍വ്വം എന്നുമെന്നെ വിളിച്ചുണര്‍ത്തുന്ന ആശ്വാസത്തിന്റെ വാക്കുകള്‍ കാതിലേക്കെത്തിക്കുന്ന എന്റെ സ്വന്തം മൊബൈല്‍ ഫോണിനോട്..
എന്റെ വീട്ടിലേക്കുള്ള ഇരുണ്ട കോണിപ്പടികളോട്..
പ്രണയമാണെനിക്ക്…
മഴയോട്.. മഞ്ഞിനോട്.. മരങ്ങളോട്.. മനുഷ്യരോട്…
പുസ്തകങ്ങളോട്.. ഓര്‍മകളോട്…
നിമിഷങ്ങളും മണിക്കൂറുകളും ചിലപ്പൊ ദിവസങ്ങളും നീണ്ടൂ നില്ക്കുന്ന എത്രയെത്ര പ്രണയങ്ങള്‍..ഞാനറിയാതെ തന്നെ എന്നില്‍ പൂവിട്ട.. ആ സ്നേഹ സാമീപ്യം നഷ്ടപ്പെടുമ്പോള്‍ മാത്രം ഞാന്‍ മനസ്സിലാക്കിയ ചില മനോഹര പ്രണയങ്ങള്‍..
ഈ പ്രണയ സങ്കല്‍പത്തോട് പോലും പ്രണയമാണെനിക്ക്..
എങ്കിലും എന്റെ പ്രണയത്തിനിതേത് നിറം?
No Comments