Menu
Varshas Writeups

നായരു പിടിച്ച (?) പുലിവാല്….

ഇത് എന്റെ അമ്മയെക്കുറിച്ചാണ്‌… അബദ്ധങ്ങള്‍ തീരെ പറ്റാത്ത അമ്മക്ക്‌ പറ്റിയ അബദ്ധമല്ലാത്ത ഒരു അബദ്ധത്തെ കുറിച്ചാണ്‌ . അച്ചന്റെ അഭിപ്രായത്തില്‍ ഒരു “ബെസ്റ്റ് കഥാപിഞ്ഞാണം” ആണ്‌ അമ്മ.. കാരണം അമ്മ അങ്ങനെ ഒരു ചിന്ന കഥാപാത്രമായി ഒതുങ്ങില്ലാത്രേ.. അല്ലാ.. അതും ശരിയാണ്‌…

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ..

നിങ്ങള്‍ എവിടെ വെച്ചെങ്കിലും എന്റെ അമ്മയെ കണ്ടു മുട്ടുകയാണെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും ഈ പാവം പെണ്‍കൊടിയെ അറിയില്ല.. ഈ പോസ്റ്റ്‌ വായിച്ചിട്ടില്ലാ. കണ്ടത് പോലുമില്ല..

സംഭവം നടക്കുന്നത് അറബികളുടെയും ഒട്ടകങ്ങളുടെയും ഷെയ്ഖുമാരുടെയും നാടായ ദുബായില്‍.. ഒരു സാമാന്യം ചൂടുള്ള കാലം..

അച്ഛനും അമ്മയും കൂടി ദെയ്റയിലൂടെ കാറോടിച്ചു പോകുന്നു. ഇപ്പൊ അവിടെ നില്‍ക്കട്ടെ.ഈ കഥയുടെ ബാക്കി പറയുന്നതിനു മുമ്പെ അച്ഛന്റെ കുറച്ച് സുഹൃത്തുക്കളെ കൂടി പരിചയപ്പെടുത്താനുണ്ട്…

അമ്മ കല്യാണം കഴിഞ്ഞതും ദുബായിലെത്തി. അന്നു മലയാളികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം ആരംഭിച്ചു വരുന്നേയുള്ളു.. അന്നു തൊട്ടേ അച്ഛനും അമ്മക്കും കുറച്ച്‌ കുടുംബ സുഹൃത്തുക്കളുണ്ട്.. കൂടാതെ കുറച്ച്‌ ബാച്ചിലേഴ്സും. അമ്മയും നമ്മളും നാട്ടിലായിരുന്ന സമയത്ത് അച്ഛനു പരിചയമുള്ളവര്‍ , അന്നത്തെ അച്ഛന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം സ്വന്തം പേരിനു പുറമെ ഒരു വിളിപ്പേരു കൂടി ഉണ്ടായിരുന്നു – രസകരമായ വിളിപ്പേരുകള്‍ . ആ വിളിപ്പേരിലായിരുന്നു അവരില്‍ ഭൂരിഭാഗം ആള്‍ക്കാരും അറിയപ്പെട്ടിരുന്നതു തന്നെ. .. അതില്‍ “ചൊക്ളി” (ഈ ആശാന്റെ ജന്മനാടു കണ്ണൂരിലെ ചൊക്ളി ആയിരുന്നു.. കാണാനും അങ്ങനെ തന്നെ…) , “സ്വാമി മത്സ്യാനന്ദ” (വേണമെങ്കില്‍ മീന്‍ കൊണ്ടു അവിയലു പോലുമുണ്ടാക്കും ഈ വിദ്വാന്‍…), തുടങ്ങി കുറേ പേരുണ്ട്. പക്ഷെ അതില്‍ കൂടുതലുണ്ടായിരുന്നത് വിവിധ രീതിയിലും തരത്തിലുമുള്ള നായന്മാരായിരുന്നു.. ‘കാനഡ നായര്‍'(ആള്‍ക്കു കാനഡ പൌരത്വം കൂടിയുണ്ടേ..) , ഒമാനി നായര്‍ ( ആ അങ്കിള്‍ കുറേ കാലം ഒമാനില്‍ ആയിരുന്നു.. അങ്ങനെ വീണതാണീ പേര്..) , കത്തി നായര്‍ (പേരു പോലെ തന്നെയാണീ കക്ഷിയുടെ സ്വാഭവവും.) , ജ്യോത്സ്യം നായര്‍ (കാല്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ പണിക്കരു തന്നെ വിചാരിക്കണം…) തുടങ്ങി അത് ‘നസ്രാണി നായര്‍ ’ വരെ എത്തി നില്‍ക്കുന്നു.. അങ്ങനെ “നായര്‍ ജനം പലവിധം” ആണ്‌.. ഇതൊന്നും കൂടാതെ എതോ വലിയ അറബാബിന്റെ വലംകൈ ഒരു നായര്‍ ആണത്രേ… ഇതെല്ലാം അച്ഛന്‍ പറഞ്ഞു കേട്ട്‌ അമ്മക്കും ഞങ്ങള്‍ക്കുമൊക്കെ അറിയാം..

അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ സ്വന്തം മാതാശ്രീ അച്ഛന്റെ കൂടെ കാറില്‍ യാത്ര ചെയ്യുന്നിടത്തേക്ക്‌ തിരിച്ചെത്താം… ദുബായിലെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞിരിക്കുന്ന നേരത്ത് അമ്മ അച്ഛനെ ഉറക്കെ വിളിച്ചു…

“ഏട്ടാ… അതു കണ്ടോ…”

ഇനി അച്ഛനെയും അമ്മയെയും കുറിച്ച് 2 വാക്കു പറയട്ടെ… അമ്മയുടെ അഭിപ്രായത്തില്‍ നടക്കുന്ന, നില്‍ക്കുന്ന, ഇരിക്കുന്ന, ചിരിക്കുന്ന എന്‍സൈക്ലോപീഡിയ ആണ്‌ അച്ഛന്‍ എന്നാണ്‌ അച്ഛന്‍ പറയാറുള്ളത്.. കുറെയൊക്കെ അത് സത്യവുമാണ്‌ . വാര്‍ത്തകള്‍ കാണുമ്പൊ അതില്‍ ഏതെങ്കിലും പ്രസംഗം കേള്‍ക്കുമ്പൊ ‘അതെന്താ ഏട്ടാ അവര്‍ ഇങ്ങനെയെല്ലാം ആഹ്വാനം ചെയ്യുന്നത്?’ , കാറില്‍ പോകുമ്പൊ റോഡില്‍ ആരെങ്കിലും ട്രാഫിക് നിയമം തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ ‘അതെന്താ ഏട്ടാ. അയാള്‍ ഇങ്ങനെ വണ്ടി ഓടിക്കുന്നത്?’, ‘ഈ ബില്‍ഡിങ്ങിന്റെ അറബാബിനു എത്ര വരുമാനം കാണും?’, ‘ഈ ഫ്ലാറ്റിന്റെ വാച്ച് മാന്‍ എന്താ എപ്പോഴും ചവച്ചു കൊണ്ടിരിക്കുന്നത്?’ , അന്നത്തെ വാര്‍ത്തയില്‍ എന്തുകൊണ്ട് അങ്ങിനെ പറഞ്ഞു? , ഈ സോണിയാ ഗാന്ധി ഇപ്പൊ എന്തിനാ അവരെ കാണാന്‍ പോകുന്നത്?, അവരെന്താ ഇങ്ങനെ നോക്കുന്നത്? എന്നു തുടങ്ങി ചന്ദ്രയാന്‍ വരെയുള്ള കാര്യങ്ങള്‍ അച്ഛനോട് ചോദിക്കുക എന്നത് അമ്മയുടെ ഒരു ഹോബിയാണ്‌… അച്ഛനാണെങ്കില്‍ ചിലപ്പൊ ഒരു സമാധാനത്തിനു എന്തെങ്കിലും ഒരു ഉത്തരം നല്ക്കും… അത്രയും മതി എന്റെ അമ്മയ്ക്ക്.

അപ്പൊഴാണീ ” ഏട്ടാ… അതു കണ്ടോ…”

“എന്താണ്‌ ഈ ഏട്ടന്‍ കാണേണ്ടത്…? നല്ല ട്രാഫിക്.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാന്‍ പറ്റില്ലാ.. ” അച്ഛന്‍ പറഞ്ഞു.

ഒരു വിശദീകരണത്തിനു ഇട നല്‍കാതെ അമ്മ അടുത്ത ചോദ്യം ചോദിച്ചു.. ‘ ഈ ദുബായില്‍ കുറെ ബില്‍ഡിങ് ഒക്കെ സ്വന്തമായുള്ള ഒരു നായര്‍ ഉണ്ടല്ലെ.. ? സിറിയ നായര്..’

‘സിറിയ നായരോ…?’ അത് അച്ഛന്‌ ഒരു പുതിയ അറിവായിരുന്നു…

അമ്മയുടെ മുഖം വിടര്‍ന്നു… അച്ഛനു അറിയാത്ത ഒരു കാര്യം അമ്മ അറിഞ്ഞിരിക്കുന്നു.. അതും വളരെ അധികം പ്രസിദ്ധനായ ഒരു വ്യക്തിയെക്കുറിച്ച്… അമ്മ പറഞ്ഞു – അവിടെയുള്ള ബില്‍ഡിങ്ങ് അയാളുടെയാണ്‌ . ഈ ‘മോഹന്‍ലാല്‍സ്‌ ടെയ്‌സ്റ്റ് ബഡ്ഡ്സ്’ എന്നെല്ലാം പറയുന്ന പോലെ ‘സിറിയ നായേഴ്സ്‌’ …

പിന്നെ.. വീടെത്തി. പക്ഷെ അമ്മ ഈ കഥ മറന്നില്ല..

അങ്ങനെ ആയുധമേന്തിയ പടയാളിയുടെ വീറോടെ ‘അല്ലാ.. ഏട്ടന്‌ സത്യമായിട്ടും സിറിയ നായരെ അറിയില്ല..?’ – അമ്മ ചോദിച്ചു..

പത്തിരുപത്തെട്ട്‌ വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന താന്‍ അറിയാതെ എപ്പൊഴാണ്‌ ഇത്രയും പ്രസിദ്ധനായ വ്യക്തി ഉണ്ടായത്? പക്ഷെ തോല്‍വി സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം അയാള്‍ടെ പേര്‌ ഈ ദുബായിലെ പല സ്ഥലത്തും കാണാമത്രെ. എന്നു മാത്രമല്ല അത് കണ്ട്‌ പിടിച്ചത് നമ്മടെ മാതാശ്രീയും.. മെല്ലെ മെല്ലെ സിറിയ നായര്‍ക്ക്‌ വീട്ടിലുള്ള പ്രശസ്തി കുറഞ്ഞെങ്കിലും അച്ഛനെ അത് വല്ലാതെ വേട്ടയാടിയിരുന്നു.

ആരാണീ സിറിയ നായര്‍?

അങ്ങനെയുള്ള സമയത്ത്‌ വീണ്ടും അച്ഛനും അമ്മയും കൂടി കാറിലൊരു യാത്ര…കാഴ്ച്ചകളുടെ ഇടയില്‍ അമ്മ വീണ്ടും സിറിയ നായരെ കണ്ടു. അച്ഛനെ കാണിച്ചു കൊടുക്കാനും മറന്നില്ല. ഇത്തിരി ട്രാഫിക്കുണ്ടെങ്കിലും അച്ഛനും സിറിയ നായരുടെ ബില്‍ഡിങ് കാണാന്‍ പുറത്തേക്ക്‌ നോക്കി. ‘ആരാണീ വിദ്വാന്‍ ‘ എന്നു പിന്നീട്‌ ആരോടെങ്കിലും ചോദിച്ചും മനസ്സിലാക്കാമല്ലോ…

അപ്പൊഴല്ലെ അമ്മ കണ്ടുപിടിച്ച സിറിയ നായരെ അച്ഛനും കണ്ടത്. ഇതാണ്‌ സിറിയ നായര്‍! .

SYRIAN AIR എന്ന വിമാന കമ്പനിയുടെ പരസ്യവും ഓഫീസിനു മുന്നിലെ ബോര്‍ഡും ആണ്‌ അമ്മ Syria Nair എന്നു വായിച്ചത്. അമ്മ വായിച്ചപ്പൊ അവസാന 4 അക്ഷരങ്ങള്‍ ഒരുമിച്ചായിപോയി എന്ന്‌ മാത്രം.

ഇതറിഞ്ഞതോടെ അമ്മയുടെ ഉള്ളിലെ ആയുധമേന്തിയ പടയാളി വാളും പരിചയുമെല്ലാം അഴിച്ചു വെച്ചു. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അപ്പൊ തന്നെ ഏട്ടനെയും എന്നെയും അറിയിച്ച് അച്ഛന്‍ അത് ആഘോഷിച്ചു.

ഇന്നും അമ്മ ആയുധം എടുക്കാന്‍ തുനിഞ്ഞാല്‍ നമ്മളില്‍ ആരെങ്കിലും ഇങ്ങനെ പറയും -‘അല്ലെങ്കിലും പ്രശസ്തനായ സിറിയ നായരെ നമുക്കാര്‍ക്കും അറിയില്ലല്ലോ.. എന്തിന്‌.. കേട്ടിട്ട് പോലുമില്ലല്ലോ.. ‘

… അല്ലേലും എല്ലാത്തിനും കാരണം ആ കാനഡ നായരും ഒമാനി നായരും ആണത്രെ.. പിന്നെ വലിയൊരു പങ്ക് അച്ഛനും..

No Comments

    Leave a Reply