യാത്രകള്‍..
യാത്രകള്‍ പലവിധത്തിലുണ്ട്. ചില യാത്രകള്‍ നേരത്തെ കൂട്ടി ആസൂത്രണം ചെയ്തവയാണ്. എവിടെ താമസിക്കണം എന്ത് കഴിക്കണം എങ്ങനെ സഞ്ചരിക്കണം എന്തൊക്കെ കാണണം എന്നൊക്കെ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകും. പലപ്പോഴും ഒരു ഗൈഡ് അഥവാ വഴികാട്ടിയെക്കൂടി തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ മറ്റു ചില യാത്രകള്‍ പെട്ടെന്ന് തീരുമാനിക്കപ്പെടുന്നവയാണ്. ചിലപ്പോ എന്ത് കാണണമെന്ന് മാത്രം മനസ്സിലുണ്ടാകും. എങ്ങനെ എത്തിപ്പെടുമെന്നോ എവിടെ താമസിക്കുമെന്നോ എന്നൊന്നും അറിവുണ്ടാവില്ല. അങ്ങനെയുള്ള യാത്രയില്‍ ചിലപ്പോഴെല്ലാം നമ്മള് മനസ്സില്‍ എന്നോ ചെയ്യണമെന്നാഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ എങ്ങനെയോക്കെയോ നടപ്പിലാകും. അല്ലെങ്കില്‍ തീര്‍ത്തും വിചാരിക്കാത്ത പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകും. ഈ യാത്ര അത്തരത്തിലൊന്നാണ്.
സഹപ്രവര്‍ത്തകരിലെ സമാനമനസ്ക്കര്‍ തുടങ്ങി വെച്ച ട്രെക്കിങ് ക്ലബ്ബിലൂടെയും അല്ലാതെയും യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയ സമയത്ത് ഒരു വ്യാഴാഴ്ച്ച പെട്ടെന്നൊരു തോന്നല്‍ – ഗോവയ്ക്ക് പോണം. ദൂത് സാഗര്‍ വെള്ളച്ചാട്ടം കാണണം. പിറ്റേന്ന് വെള്ളിയാഴ്ച്ച! അതു കഴിഞ്ഞാല്‍ ശനിയും ഞായറും അവധി. അപ്പൊ പിറ്റേന്ന് തന്നെ പോകണം.
ഗൂഗിളിന്റെ സഹായത്തോടെ മനസ്സില്‍ ഒരു ചെറിയ യാത്ര നടത്തി. മഡ്ഗോവയില്‍ നിന്നു വടക്കേ ഇന്ത്യയിലേക്കുള്ള തീവണ്ടി യാത്രയില്‍ വലതു വശത്തായി ഈ വെള്ളച്ചാട്ടം കാണാം. ഗോവ സംസ്ഥാനത്തില്‍ വരുന്ന കുലേം എന്ന റെയില്‍വേ സ്റ്റേഷന്റെയും കര്‍ണാടക സംസ്ഥാനത്തില്‍ വരുന്ന കാസില്‍ റോക്ക് (Castle rock) എന്ന സ്റ്റേഷന്റെയും ഇടയിലാണ് ദൂത്സാഗര്‍. അവിടെ ചെറിയൊരു സ്റ്റേഷനുമുണ്ട്. യാത്രാ വണ്ടികള്‍ അവിടെ നിര്‍ത്തുമെന്നും ഇല്ലെന്നും പലയിടത്തായി വായിച്ചു. കുലേം തൊട്ട് ദൂത്സാഗര്‍ വരെയുള്ള 10 കിലോമീറ്റര്‍ നടന്ന് പോകുന്നവരുമുണ്ട്. അല്ലെങ്കില്‍ കാസില്‍ റോക്ക് തൊട്ട് ദൂത്സാഗര്‍ വരെ റെയില്‍വേ ട്രാക്കിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം. പക്ഷെ അങ്ങനെയെങ്കില്‍ ടെന്റും സാമഗ്രികളുമൊക്കെയായി വേണം പോകാന്‍. മാത്രവുമല്ല സക്ലേഷ്പൂര്‍ തൊട്ട് യെടുകുമരി വരെ ട്രെക്കിങ് ക്ലബ് അംഗങ്ങളുമൊത്ത് ഒരു റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങ് നടത്തി അധിക ദിവസങ്ങളായതുമില്ല.
അടുത്ത വഴിയെന്ത്? എന്തായാലും ദൂത്സാഗര്‍ കാണാന്‍ ആദ്യം കുലേം എത്തണം. കുലേമിന് തൊട്ടടുത്തുള്ള പ്രധാന സ്റ്റേഷന് മഡ്ഗോവയാണ്. മാഡ്ഗോവയെന്ന് കേട്ടപ്പോള്‍ തന്നെ പണ്ട് തൊട്ടുള്ള ഒരു ആഗ്രഹം പുറത്തേക്ക് വന്നു. പകല്‍ നേരത്ത് കൊങ്കണ്‍ പാതയിലൂടെ യാത്ര നടത്തണമെന്നതാണത്. എങ്കില്‍ ഇതു രണ്ടും ഒരു യാത്രയില്‍ തന്നെ എന്നുറപ്പിച്ച് കൂടെ താമസിക്കുന്ന ഇന്ദുവിനെയും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ബംഗാളിയായ അനിയെയും എന്റെ യാത്രാ പദ്ധതി അറിയിച്ചു. ബീച്ചുകള്‍ക്ക് പ്രസിദ്ധമായ ഗോവയിലേക്ക് വെള്ളച്ചാട്ടം കാണാനായൊരു യാത്ര..! അവരുടെ മുഖം വിടര്‍ന്നു. എന്നു മാത്രമല്ല തുറമുഖ പട്ടണങ്ങളായ മംഗലാപുരത്തെയും മുംബെയെയും ഒന്നിപ്പിക്കുന്ന കൊങ്കണ്‍ റെയില്‍ പാതയിലെ കാഴ്ച്ചകളും ആസ്വദിക്കാം. കൂടുതല്‍ ആലോചിക്കാതെ “നാളെ തന്നെ പോകാം” എന്നു യാത്രപ്രേമികളായ അവര്‍ കൂടെ പറഞ്ഞപ്പോള്‍ എന്റെ പദ്ധതിക്ക് ജീവന് വെച്ചു.
പെട്ടെന്നെടുത്ത ആ തീരുമാനത്തിന്റെ കൂടെ മറ്റൊരു തീരുമാനം കൂടി നമ്മള് എടുത്തു. ഈ യാത്രയില്‍ നമ്മള് പെണ്‍കുട്ടികള്‍ മാത്രം മതി. വെറും വെറുതെ.. അല്ലെങ്കില്‍ വെറുതെ ഒരു വ്യതാസത്തിന്. അങ്ങനെ നമ്മള് മൂന്നു പേരോടൊപ്പം 2 പേര് കൂടി ചേര്‍ന്നു. നിഖിലയും ഓറീസ്സക്കാരിയായ നീലിമയും. അവരുടെ ഇത്തരത്തിലുള്ള കന്നി യാത്രയാണ്.
അവസാന നിമിഷത്തിലെ തീരുമാനമായതുകൊണ്ട് ബാംഗ്ലൂര്‍ തൊട്ട് മംഗലാപുരം വരെ പോകാന്‍ പിറ്റേ ദിവസമായ വെള്ളിയാഴ്ച്ചയ്ക്ക് സാധാരണ ബസ് ടിക്കറ്റേ കിട്ടിയുള്ളു. പിന്നെ കൊങ്കണ്‍ റെയില്‍ പാതയിലൂടെയുള്ള യാത്ര ആസ്വദിക്കാനായി മംഗലാപുരം തൊട്ട് മഡ്ഗോവ വരേക്കും പാസഞ്ചര്‍ തീവണ്ടിയില്‍ ടിക്കറ്റെടുത്തു.
അങ്ങനെ ആ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നിന്നു മംഗലാപുരത്തേക്ക് നമ്മള് പുറപ്പെട്ടു. ബസ്സില്‍ ഏറ്റവും പുറകിലുള്ള സീറ്റ് കിട്ടിയതുകൊണ്ട് റോഡിലെ കുഴികളുടെ എണ്ണവും വ്യാപ്തിയും നല്ല രീതിയില്‍ മനസ്സിലാക്കിക്കൊണ്ട് യാത്ര ചെയ്തു. പുലര്‍ച്ചെ 5 നു മുമ്പു തന്നെ മംഗലാപുരം എത്തി. നേരെ ഓട്ടോ പിടിച്ച് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ ശേഷം നമ്മള് വണ്ടിയില്‍ കേറി. ചെറിയൊരു ഫീസ് ഉണ്ടെങ്കിലും സ്ത്രീകളുടെ മുറിയിലെ ശൌച്യാലയത്തിനു നല്ല വൃത്തിയുണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ..
സൂറത്കല്‍, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ്, ഭട്കല്, മുരുദേശ്വര്, ഹൊന്നാവര്‍, കുംത, ഗോകര്‍ണാ റോഡ്, കാര്‍വാര്‍, കണ്കോണാ എന്നിവയാണ് മഡ്ഗോവക്കു മുമ്പുള്ള പ്രധാന റെയില്‍വെ നിലയങ്ങള്‍. കടല്‍ തീരവും മല നിരകളുമുണ്ട് ഈ വഴിയില്‍. മുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടിയുള്ള ഈ യാത്രക്കിടയില്‍ എത്രയെത്ര അരുവികള്‍, പുഴകള്‍, ഭംഗിയുള്ള കൃഷിയിടങ്ങള്‍, ഉള്‍നാടന്‍ പ്രദേശങ്ങള്‍, ആള് പാര്‍പ്പുള്ള ഗ്രാമങ്ങള്‍..! എവിടെയും പ്രസന്നത പകരുന്ന സമൃദ്ധമായ പച്ചപ്പു തന്നെ.. കിലോമീറ്ററുകള്‍ നീളമുള്ള ടണലുകളിലൂടെ പോകുമ്പോള്‍ ശരിക്കും അത്ഭുതപെട്ടു പോയിരുന്നു. സഹയാത്രികരായ കുടുംബങ്ങളോടൊപ്പം പാട്ടു പാടിയും ടണലുകള്‍ വരുമ്പോള്‍ കൂക്കി വിളിച്ചും അതി മനോഹരമായ പുറം കാഴ്ചകള്‍ ആസ്വദിച്ചും സമയം മുന്നോട്ടു പോയതറിഞ്ഞില്ല. മഴക്കാലമായതിനാല്‍ ചിലയിടങ്ങളിലെല്ലാം പുതുമണ്ണിന്റെ സുഗന്ധവും ഏറ്റുവാങ്ങികൊണ്ടായിരുന്നു യാത്ര..
മൂന്നു സംസ്ഥാനങ്ങളിലൂടെയുള്ള 741 കി.മി. കൊങ്കണ്‍ പാതയില്‍ തൊണ്ണൂറോളം ടണലുകളും രണ്ടായിരത്തോളം പാലങ്ങളുമുണ്ട്. നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും തരണം ചെയ്ത് എത്രയോ ആള്‍ക്കാരുടെ ബുദ്ധിയുടെയും വിയര്‍പ്പിന്റെയും ഫലമായി രൂപപ്പെട്ട ഈ പാതയില്‍ പണിക്കിടയിലായി എഴുപതോളം ആളുകളുടെ ജീവന് പൊലിഞ്ഞിരുന്നെന്നു എവിടെയൊ വായിച്ചിരുന്നു. നീളമുള്ള തുരങ്കങ്ങളും അഗാധമായ താഴ്ചയുള്ള പാലങ്ങളും കൂടിയ ആ പദ്ധതിയുടെ ആവിഷ്കരണം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അവര്‍ക്കുള്ള പ്രശംസനീയമായ പങ്ക് ഇവിടെ പറയാതിരിക്ക വയ്യ..
മഡ്ഗോവ റെയില്‍ നിലയത്തിലിറങ്ങി ദൂത്സാഗറിലേക്ക് ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോഴാണ് അറിഞ്ഞത് ആ സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു പാസഞ്ചര്‍ വണ്ടി പോലും നിര്‍ത്തുന്നില്ല എന്നത്. ഇനിയെന്ത്? കുലേമില്‍ നിന്ന് റെയില്‍പാത വഴി നടന്നാല്‍ 10 കി.മി. ദൂരെയാണ് ദൂത്സാഗര്‍. ചുറ്റും വനമേഖലയാണ്. മറ്റൊരു വഴിയുള്ളത് മൊള്ളം വനം വകുപ്പതിര്ത്തി കടന്നു സ്വപ്നഗന്ധവനത്തിലൂടെ ജീപില്‍ യാത്ര ചെയ്ത് വെള്ളച്ചാട്ടത്തിന്നടുത്തെത്തു
കുലേമിനു ശേഷം പിന്നെ തീവണ്ടി നിര്‍ത്തുന്നത് കര്‍ണാടക അതിര്‍ത്തിയില്‍ വരുന്ന കാസില്‍ റോക്കിലാണ്. പടിഞ്ഞാറന്‍ മലനിരകളുടെ നിത്യഹരിത താഴ്വാരയില് ഒളിച്ചിരിക്കുന്ന ഈ വിസ്മയത്തെ വളരെ അടുത്തു നിന്നു കാണാന്‍ ഈ വഴി യാത്രയില്‍ സാധിക്കും. അങ്ങിനെ ട്രെയിന്‍ യാത്ര നടത്തുകയാണെങ്കില്‍ ഒരു നോട്ടം മാത്രമേ ലഭിക്കുകയുള്ളൂ. വെള്ളത്തിലിറങ്ങാനുമാകില്ല.
പക്ഷെ മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെ. 32 കി.മി ദൂരെയുള്ള കുലേമിലേക്ക് ടിക്കറ്റെടുത്തു. പുതിയ അനുഭവങ്ങള്‍ക്ക് പലപ്പോഴും അടിത്തറയാകുന്നത് ഒരുപക്ഷെ ഇത്തരത്തിലുള്ള തടസ്സങ്ങളാകാം. അധികം ആലോചിക്കാന്‍ നില്‍ക്കാതെ അവിടെ നിന്നിരുന്ന പാസ്സഞ്ച്ചര് വണ്ടിയില്‍ കേറി കുലേമിലെത്തി. വളരെ വിശാലമായ എന്നാല്‍ തിരക്കൊഴിഞ്ഞ ഒരു റെയില്‍വേ നിലയമാണ് കുലേം. തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ 2 ഫ്രഞ്ച് വിദ്യാര്‍ത്ഥികളെ കൂട്ടിന് കിട്ടി. അവരുടെയും ലക്ഷ്യം ദൂത് സാഗര്‍ തന്നെ.
ഇനിയെന്ത് ചെയ്യണമെന്ന വ്യക്തതയില്ല. അങ്ങനെ സ്റ്റേഷന് പരതിയപ്പോള്‍ അവിടെ കട നടത്തുന്ന സഞ്ജയ് ഭായെ പരിചയപ്പെട്ടു. നമ്മുടെ ലക്ഷ്യം പറഞ്ഞപ്പോള്‍ 1500 രൂപക്ക് അവിടെ കൊണ്ട് പോയി തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കാമെന്നേറ്റു. അത് പിശകി പിശകി 800-ഇല് എത്തിച്ചു ഞാന്‍. സംഗതി നടന്നാല്‍ പൈസ തരാമെന്നേറ്റ് ഭക്ഷണം കഴിക്കാന്‍ സ്ഥലം തേടി നടന്നു. റെയില്‍വേ മേല്‍പ്പാലം കടന്നാല്‍ ഒരു അങ്ങാടിയാണ്. പഴയകാല മലയാള സിനിമയില്‍ കണ്ടിരുന്ന പോലുള്ള ചായക്കട, ബാര്‍ബര്‍ ഷോപ്പ്, ചെറിയ മറ്റു കടകള്‍, വളരെ സാധാരണക്കാരായ ജനങ്ങള്‍… കാര്യമായ ബഹളങ്ങളില്ല. അവധി ദിനമായതിനാല്‍ പല കടകളും അടഞ്ഞു കിടന്നിരുന്നു.
അങ്ങാടിയിലൊരിടത്ത് മേശയും കസേരയും മാത്രമുള്ള, എന്നാല്‍ നല്ല വൃത്തിയുള്ള ഒരു ഭക്ഷണ ശാല കണ്ടു. സൌമ്യമായ മുഖമുള്ള അവിടത്തെ ചേച്ചിയുടെ അടുത്തു നിന്നും ഗോവന്‍ ശൈലിയിലുള്ള ഭക്ഷണം കഴിച്ച് വീണ്ടും സ്റ്റേഷനില്‍ ഭായ്ടെ അടുത്തെത്തി.
ഏതെങ്കിലും പാസഞ്ചര്‍ വരാന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് നമ്മള് ധരിച്ചത്. എന്നാല്‍ ഭായ് ചൂണ്ടി കാണിച്ച് കേറാന്‍ പറഞ്ഞത് അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന എഞ്ചിനിലായിരുന്നു. 2 എഞ്ചിന് മാത്രമാണ് അതിലുള്ളത്. ആദ്യത്തെ എഞ്ചിനില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളും രണ്ടാമത്തേതില്‍ ഫ്രഞ്ചുകാരും നമ്മളും പിന്നെ ഭായും.
എഞ്ചിന്റെ വശങ്ങളില് ഒരു ബാല്‍ക്കണിയില്‍ എന്ന പോലെ നിന്ന് വനഭംഗി ആസ്വദിച്ചു കൊണ്ടുള്ളൊരു യാത്ര. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എഞ്ചിനിലും ചരക്കു വണ്ടിയിലുമൊക്കെ കയറണമെന്ന് പലപ്പോഴും അവയെ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷെ, കാടിനു നടുവിലൂടെ മഴയും തണുപ്പും പ്രകൃതിയുമൊക്കെ ആസ്വദിച്ച് ഇതു പോലെ സഞ്ചരിക്കാനാകുമെന്നത് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല.
കുലേം എത്തുന്നതു വരെ ചെറുതായി പെയ്തിരുന്ന മഴ അപ്പോഴേക്കും തോര്‍ന്നിരുന്നു. വശങ്ങളില് മലനിരകളും താഴ്വാരവും.. എവിടെയും കാട് മാത്രം. ദൂരെ നിന്നു ദൂത് സാഗറിനെ കാണാന്‍ പ്രത്യേക ഭംഗിയാണ്. പാല് നിറമാണ് തീവണ്ടിപ്പാതയ്ക്കു മുകളിലും താഴെയുമായി ഒഴുകുന്ന ദൂത് സാഗറിന്. അടുത്തേക്കെത്തുന്തോറും വളവുകളും തിരിവുകളും മൂലം ഇടക്കിടെ വെള്ളച്ചാട്ടം കാണാനാകാതാകും.
ഊറി വരുന്ന വെള്ളം മൂലം നനഞ്ഞു നില്ക്കുന്ന പാറക്കെട്ടുകള്ക്കിടയിലൂടെയുള്
പാല്‍വെള്ള നിറത്തില്‍ വളരെ ഉയരത്തില്‍ നിന്നു പാറയില്‍ തട്ടിത്തെറിച്ച് പ്രൌഢിയോടെ ഒഴുകുന്ന ദൂത് സാഗര്‍ ജൈവ വൈവിദ്ധ്യത്തിന് പേരു കേട്ട ബ്രഗാഞ്ച ഘട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്നടുത്ത് ചെറിയൊരു വിശ്രമകേന്ദ്രമുണ്ട്. കാസില്‍ റോക്ക് തൊട്ടോ അല്ലെങ്കില്‍ കുലേമില്‍ നിന്നോ നടന്നു വരുന്ന പ്രകൃതി സ്നേഹികളായ ട്രക്കിങ്ങുകാര്‍ ഇവിടെയാണ് ടെന്റടിക്കാറുള്ളത്.
റെയില്‍പാലത്തിന്റെ നിരപ്പില്‍ നിന്നും വളരെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളം പാലത്തിനു താഴെ കുറച്ചു ദൂരം ഒരു സമതലത്തില്‍ ഒഴുകി വീണ്ടും താഴേക്ക് പതിക്കുന്നുണ്ട്. ആ സമതലത്തിലേക്കിറങ്ങാന്‍ പടികളും അതില്‍ കൈവരികളും ഉണ്ട്. അടുത്തേക്കെത്തുന്തോറും ദേഹത്തേക്ക് വെള്ളത്തുള്ളികള്‍ തെറിച്ചു കൊണ്ടിരുന്നു. വെള്ളത്തിലിറങ്ങണമെന്നുണ്ടെങ്കി
വെള്ളത്തിലുള്ള കളി അവസാനിപ്പിച്ച ശേഷം നമ്മള് പാളത്തിലേക്ക് കേറിയപ്പോള്‍ നിസാമുദ്ദീനിലേക്കുള്ള വണ്ടി അതുവഴി വേഗത കുറച്ച് കടന്നു പോയി. അതിനുള്ളിലേവരും ഒരത്ഭുതം കണ്ടെന്ന പോലെ ദൂത് സാഗര്‍ നോക്കുന്നുണ്ടായിരുന്നു.അവരോടൊ
തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റ നോട്ടത്തില്‍ കാണുന്ന ഭംഗിയില്ല അവിടെ ഇറങ്ങി നടക്കുമ്പോള്‍ കണ്ടത്. മലയും മണ്ണും മരങ്ങളും മഴയും പിന്നെ ആ പ്രകൃതിയെ വീണ്ടും മനോഹരിയാക്കുന്ന വെള്ളച്ചാട്ടവും അവിടെയുള്ള ജീവജാലങ്ങളും എല്ലാം അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ഉഗ്ര ശബ്ദത്തിലും ആ കാടിനു നടുവില്‍ ഒരു നിശബ്ദത അനുഭവപ്പെട്ടു. നഗരത്തില്‍ നിന്നും കാറുകളുടെയും ബസ്സുകളുടെയും ചീറിപ്പാഞ്ഞുള്ള ഓട്ടത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും പിന്നെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും ഒരുപാട് അകലെ, ഒരുള്‍പ്രദേശത്തെ ഏതോ മലമുകളില്‍ ശുദ്ധ വായു ശ്വസിച്ച് പ്രകൃതി,യുടെ തലോടലും ഏറ്റു വാങ്ങി നില്ക്കുന്ന ആ സുഖാനുഭവം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും എനിക്ക് അതേ വ്യാപ്തിയോടെ ഓര്‍ത്തെടുക്കാനാകുന്നുണ്ട്. ഒരിക്കലും പ്രകൃതിയില്‍ നിന്ന് മാറി ജീവിക്കേണ്ടവരല്ല നമ്മള്. അതിനെ കീഴടക്കുകയുമരുത്. അതിനെ സ്നേഹിച്ച് അതിന്റെ ലാളനങ്ങള്‍ ഏറ്റുവാങ്ങി അതിനോടൊപ്പം വേണം നാം ജീവിക്കുന്നത്. ശുദ്ധവായു, അത് ശ്വസിക്കുമ്പോഴുള്ള കുളിര്‍മ, ചുറ്റും പച്ച നിറം എല്ലാം ആസ്വദിച്ച് കുറെ നേരം നടന്നു.
കുറച്ചു കൂടി നടന്നാല്‍ നമ്മള് കടന്നു വന്ന ഇരട്ട തുരങ്കം കാണാം. അതിന്നടുത്തായി പകുതി പൊളിഞ്ഞു വീണ ഒരു കെട്ടിടത്തിന്റെ ബാക്കിയുള്ള ചുമരില്‍ ദൂത് സാഗര്‍ എന്നെഴുതി വെച്ചിരുന്നു. ഏതൊക്കെയോ ചെടികള്‍ വളര്‍ന്നു നില്ക്കുന്ന പായല്‍ പിടിച്ച ആ ചുമര് എത്രയോ പഴക്കമുള്ള ഒരു സ്മാരകമെന്നവണ്ണം ആ പ്രകൃതിയോട് ചേര്‍ന്ന് നില്ക്കുന്നു. ഇരട്ടത്തുരങ്കങ്ങള്ക്കിടയില് ആ പാല് വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു ബാക്കി പതിക്കുന്നുണ്ടായിരുന്നു. മാറിയും മറിഞ്ഞും ഫോട്ടോകള്‍ എടുത്ത ശേഷം നമ്മള് വീണ്ടും ഭായ്ടെ അടുത്തെത്തി.
ഇനി തിരിച്ച് കുലേം എത്തണം. അവിടെ നിന്ന് മഡ്ഗോവയും. മഡ്ഗോവയില്‍ നിന്ന് രാത്രി ഒമ്പത് ഒമ്പതരക്കുള്ള വണ്ടിയിലാണ് ബാംഗ്ലൂരിലേക്ക് ടിക്കറ്റ് എടുത്തിട്ടുള്ളത്.
ദൂത് സാഗര്‍ സ്റ്റേഷനരികില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഒരു ചരക്ക് തീവണ്ടി വന്നത്. പിന്നെ അതിന്റെ പുറകില്‍ അവസാന ബോഗിയില്‍ പരന്നു കിടക്കുന്ന പ്ലാറ്റ് ഫോറം പോലുള്ളതില്‍ കേറി കുലേമിലേക്ക്. അതും ആദ്യാനുഭവം. പലപ്പോഴും സിനിമാപാട്ടിന്നിടയില് അവസാന ബോഗിയില്‍ നിന്നു കൊണ്ടുള്ള ഇത്തരം യാത്രകള്‍ കണ്ടിരുന്നപ്പോള്‍ ഏറെ ആശിച്ചതായിരുന്നു ഇതു പോലൊരു അവസരം..
ഇരുട്ട് വീണ വഴികള്‍ താണ്ടി കുലേം എത്തി. ഇപ്പോള്‍ ആ സ്ഥലവും സ്ഥലവാസികളും നമ്മള്ക്കപരിചിതരല്ല.ഇനി മഡ്ഗോവ വരെ പോയാല്‍ ഒരു പക്ഷെ സമയത്തിനെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യാത്രാവണ്ടി നഷ്ടപ്പെടുമെന്നതിനാല്‍ അത് കുലേമിലെത്തുമ്പോള് കേറാമെന്നു നമ്മള് തീരുമാനിച്ചു. വീണ്ടും ആദ്യം ഭക്ഷണം കഴിച്ച അതേ ഭക്ഷണ ശാലയില്‍ കേറി. ചൂടോടെയുള്ള ചപ്പാത്തി കഴിക്കുമ്പോള്‍ ഞങ്ങളുടെ സംസാരത്തില്‍ ഇന്നു കണ്ട കാഴ്ചകള്‍ മാത്രമായിരുന്നു.
ഒരു മനോഹരമായ ഏട് ജീവിതത്തില്‍ ചേര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷിച്ചു കൊണ്ട് ഞങ്ങള്‍ അഞ്ച് പേരും മടക്കവണ്ടിക്കായി കാത്തിരുന്നു.
Destination: Konkan Route & Dudh Sagar Water Falls (Or Doodh sagar waterfalls) , Goa
Route Taken: (1) Bangalore to Mangalore by BMTC Bus
(2) Through Konkan : Passenger Train from Mangalore (Karnataka) to Madgaon (Goa)
(3) Passenger Train from Madgaon to Kulem
(4) Travel by Train Engine to Dudh Sagar Water Falls
(5) Return to Kulem by Goods Train
(6) Kulem to Bangalore (Yeswanthpur) by Train
Travel freaks involved: Anindita, Indubala, Nikhila, Nilima & me … Varsha
Mathrubhmi Yathra Travelogue Link: http://www.mathrubhumi.com/yathra/travel_blog/article/152955/index.html
No Comments